

ഹിമാലയൻ പർവതനിരകൾ കീഴടക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ഇന്ന് യുവാക്കൾ ഏറ്റവും ഇഷ്ടപ്പെടുന്നതും സോഷ്യൽ മീഡിയയിലടക്കം തരംഗമാവുകയും ചെയ്യുന്ന ഒരു വിനോദം കൂടിയാണ് പർവതാരോഹണം. എവറസ്റ്റ് ബേസ് ക്യാംപും എബിസി ട്രെക്കിങ്ങുമെല്ലാം ലോകമെമ്പാടുമുള്ള പർവതാരോഹകരെ ആകർഷിക്കുന്നതാണ്. എന്നാൽ ഉയരങ്ങളിലേക്കുള്ള യാത്രയിൽ പ്രകൃതിയുടെ സൗന്ദര്യവും സാഹസികതയും മാത്രമല്ല, ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന നിരവധി അപകടങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. അതിലൊന്നാണ് അക്യൂട്ട് മൗണ്ടൻ സിക്നസ് അഥവാ എഎംഎസ്.
എവറസ്റ്റ് ബേസ് ക്യാംപിലേലേക്കുള്ള യാത്രയ്ക്കിടെ കണ്ണൂർ സ്വദേശി അഞ്ജുനാഥ് കവിങ്ങലിന്റെ അപ്രതാക്ഷിത മരണമാണ് എഎംഎസിനെപ്പറ്റിയുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നത്. എന്താണ് അക്യൂട്ട് മൗണ്ടൻ സിക്ക്നസ്? ആരോഗ്യവാനായ ഒരാളെപ്പോലും മരണത്തിലേക്ക് നയിക്കാൻ ഇതിന് എങ്ങനെ കഴിയും? നമുക്ക് പരിശോധിക്കാം. ന്യൂസ് മലയാളം ഡെയ്ലി ഡീകോഡിലേക്ക് സ്വാഗതം.
ഉയരങ്ങളിലേക്ക് കയറുമ്പോൾ ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. തുടക്കത്തിൽ സാധാരണ ക്ഷീണം പോലെ തോന്നാമെങ്കിലും ചില സാഹചര്യങ്ങളിൽ ഇത് ജീവന് തന്നെ ഭീഷണിയാകാം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,364 മീറ്റർ ഉയരത്തിലാണ് എവറസ്റ്റ് ബേസ് ക്യാംപ്. ഇവിടെ എത്തുന്നവർക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഉയരവുമായി ശരീരത്തെ പൊരുത്തപ്പെടുത്തുക എന്നതാണ്. സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിലേക്ക് പോകുന്തോറും അന്തരീക്ഷമർദം കുറയുന്നു. ഇതോടെ ശ്വസിക്കുന്ന വായുവിൽ നിന്ന് ശരീരത്തിന് ലഭിക്കുന്ന ഓക്സിജന്റെ അളവും കുറയുന്നു.
ഈ മാറ്റവുമായി പൊരുത്തപ്പെടാൻ ശരീരത്തിന് സമയം ആവശ്യമാണ്. എന്നാൽ അതിന് ആവശ്യമായ സമയം നൽകാതെ വേഗത്തിൽ ഉയരങ്ങളിലേക്ക് കയറുമ്പോഴാണ് അക്യൂട്ട് മൗണ്ടൻ സിക്ക്നസ് ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നത്. തലവേദന, തലകറക്കം, ക്ഷീണം, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. പലപ്പോഴും യാത്രാക്ഷീണമാണെന്ന് കരുതി ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാറുണ്ട്. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ ഈ ലക്ഷണങ്ങളെ നിസാരമായി കാണരുത്. കാരണം, രോഗം ഗുരുതരമായാൽ ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കാം.
ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന ഹൈ ആൾട്ടിറ്റ്യൂഡ് പൾമണറി എഡിമയും തലച്ചോറിൽ വീക്കമുണ്ടാകുന്ന ഹൈ ആൾട്ടിറ്റ്യൂഡ് സെറിബ്രൽ എഡിമയും ഇതിൽ പ്രധാനമാണ്. ശ്വാസതടസം, തുടർച്ചയായ ചുമ, നടക്കുമ്പോൾ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുക, ആശയക്കുഴപ്പം, സംസാരത്തിൽ ബുദ്ധിമുട്ട് തുടങ്ങിയവ ഗുരുതരമായ മുന്നറിയിപ്പുകളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. വൈകുന്നത് ജീവന് തന്നെ അപകടമുണ്ടാക്കാം.
ഫിറ്റ്നസ് മാത്രം മതിയോ?
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ നല്ല ശാരീരികക്ഷമതയുള്ളവർക്ക് പോലും അക്യൂട്ട് മൗണ്ടൻ സിക്ക്നസ് ഉണ്ടാകാം എന്നതാണ്. കൃത്യമായി വ്യായാമം ചെയ്യുന്നവർക്കും കായികക്ഷമതയുള്ളവർക്കും ഈ അവസ്ഥയിൽ നിന്ന് പൂർണമായ സംരക്ഷണമില്ല. കാരണം, ഉയരത്തിലെ ഓക്സിജൻ കുറവിനോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇവിടെ പ്രധാനം. അപ്പോൾ എങ്ങനെയാണ് മുൻകരുതൽ എടുക്കാം എന്നല്ലേ?
ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഒരേസമയം കൂടുതൽ ഉയരത്തിലേക്ക് കയറാതെ ഘട്ടംഘട്ടമായി യാത്ര ചെയ്യണം. പുതിയ ഉയരവുമായി ശരീരത്തിന് പൊരുത്തപ്പെടാൻ ആവശ്യമായ സമയം നൽകണം. തലവേദന, ഛർദി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ യാത്ര തുടരരുത്. ലക്ഷണങ്ങൾ ഗുരുതരമാകുകയാണെങ്കിൽ ഉടൻ താഴ്ന്ന പ്രദേശത്തേക്ക് ഇറങ്ങുകയും വൈദ്യസഹായം തേടുകയും ചെയ്യണം. പരിചയസമ്പന്നരായ ഗൈഡുകൾക്കൊപ്പമുള്ള യാത്രയും കൃത്യമായ ആരോഗ്യപരിശോധനയും പ്രധാനമാണ്.
മലനിരകൾ കീഴടക്കുക എന്നത് പലർക്കും ജീവിതത്തിലെ വലിയൊരു സ്വപ്നമായിരിക്കാം. എന്നാൽ ആ സ്വപ്നത്തിലേക്കുള്ള യാത്രയിൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ ഒരിക്കലും അവഗണിക്കരുത്. ഉയരങ്ങളിലേക്ക് പോകുമ്പോൾ ശരീരത്തിന് ആവശ്യമായ സമയവും പരിചരണവും നൽകേണ്ടത് അത്യാവശ്യമാണ്. ഓരോ യാത്രയിലും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് പേലെ തന്നെ പ്രധാനമാണ് സുരക്ഷിതമായി തിരിച്ചെത്തുക എന്നതും. ആവോശത്തോടെയും ആരോഗ്യത്തോടെയുമുള്ള യാത്രകൾ തുടരട്ടെ..