FEATURED

ബ്ലാക്ക് ഫ്രൈഡേ; എല്ലാം വിലക്കുറവില്‍ കിട്ടുന്ന വെള്ളിയാഴ്ച, എന്താണ് ഇതിന് പിന്നില്‍ !

1960-കളിൽ അമേരിക്കയിലെ ഫിലാഡൽഫിയയിൽ താങ്ക്സ്‌ഗിവിങ്ങിന് ശേഷമുള്ള ദിവസങ്ങളിൽ ഷോപ്പിങ്ങിനായി വൻ ജനക്കൂട്ടം തെരുവുകളിലിറങ്ങുമായിരുന്നു. ഇതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും തിരക്കും വിവരിക്കാൻ പൊലീസ് ഉദ്യോഗസ്ഥരാണ് 'ബ്ലാക്ക് ഫ്രൈഡേ' എന്ന പദം ഉപയോഗിച്ചത്.

Author : Fathima Rishana

കടകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വമ്പൻ ഓഫറുകൾ, കിടിലൻ ഡിസ്‌കൗണ്ടുകൾ, ലിമിറ്റഡ് ടൈം ഡീലുകൾ. അങ്ങനെ ഉപഭോക്താക്കൾക്ക് ആഘോഷത്തിന്റെ ദിനമാണ് ബ്ലാക്ക് ഫ്രൈഡേ. അമേരിക്കയിൽ ആരംഭിച്ച ഈ ഷോപ്പിങ് മാമാങ്കം ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ നവംബർ 27 വെള്ളിയാഴ്ചയാണ്.

എന്നാൽ എന്താണ് ഈ ദിവസത്തിന് ബ്ലാക്ക് ഫ്രൈഡേ എന്ന പേര് വരാൻ കാരണം? അതിന് പിന്നിലുമുണ്ട് രസകരമായൊരു ചരിത്രം. 1960-കളിൽ അമേരിക്കയിലെ ഫിലാഡൽഫിയയിൽ താങ്ക്സ്‌ഗിവിങ്ങിന് ശേഷമുള്ള ദിവസങ്ങളിൽ ഷോപ്പിങ്ങിനായി വൻ ജനക്കൂട്ടം തെരുവുകളിലിറങ്ങുമായിരുന്നു. ഇതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും തിരക്കും വിവരിക്കാൻ പൊലീസ് ഉദ്യോഗസ്ഥരാണ് 'ബ്ലാക്ക് ഫ്രൈഡേ' എന്ന പദം ഉപയോഗിച്ചത്. പിന്നീട് ഈ പേര് ലോകമെമ്പാടുമുള്ള ഷോപ്പിങ് സംസ്കാരത്തിന്റെ ഭാഗമായി മാറി.

പേരിന് പിന്നിൽ മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. സാധാരണയായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ അക്കൗണ്ടുകളിൽ ചുവന്ന മഷി ഉപയോഗിച്ചാണ് നഷ്ടം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ താങ്ക്സ്‌ഗിവിങ്ങിന് ശേഷമുള്ള വൻ വിൽപ്പനയിലൂടെ പല വ്യാപാര സ്ഥാപനങ്ങളും ലാഭത്തിലേക്ക് കടക്കുമായിരുന്നു. ലാഭം കറുത്ത മഷിയിൽ രേഖപ്പെടുത്തിയിരുന്ന അക്കൗണ്ടിങ് രീതിയിൽ നിന്നാണ് ബ്ലാക്ക് ഫ്രൈഡേയ്ക്ക് ഈ അർഥവും ലഭിച്ചത്. അങ്ങനെ വ്യാപാരികൾക്ക് ലാഭത്തിന്റെയും ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെയും ദിനമായി ഇത് മാറി.

ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ മുതൽ ഫാഷൻ, സൗന്ദര്യവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ വരെ എല്ലാത്തിനും വമ്പൻ ഓഫറുകളാണ് ഈ സമയത്ത് ലഭിക്കുന്നത്. അതേസമയം, ഓൺലൈൻ ഷോപ്പിങ്ങിന്റെ വളർച്ച ഇ-കൊമേഴ്‌സ് മേഖലയ്ക്കും വലിയ അവസരമാണ് തുറക്കുന്നത്. വിലക്കുറവിന്റെ പേരിൽ തുടങ്ങിയ ഈ ദിനം ഇന്ന് ആഗോളതലത്തിൽ കോടിക്കണക്കിന് ആളുകളെയും ബിസിനസുകളെയും ഒരുപോലെ സ്വാധീനിക്കുന്ന വമ്പൻ ഷോപ്പിങ് ആഘോഷമായി മാറിയിരിക്കുന്നു.

SCROLL FOR NEXT