

രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഓഫീസ് ജോലി… മാസാവസാനം ശമ്പളം… തിരക്കുപിടിച്ച ജീവിതം. ഇതൊന്നും വേണ്ടെന്ന് വെച്ച്, ഒരു സൈക്കിളും ടെന്റുമായി ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുകയാണ് 29 വയസ്സുകാരനായ ഐറിഷ് യുവാവ് ഷെയ്ൻ. ഇപ്പോൾ ഷെയ്ന്റെ യാത്ര ഇന്ത്യയിലാണ്. ലക്ഷ്യമോ, ഇന്ത്യയിലെ 100 ഗ്രാമങ്ങൾ സൈക്കിളിൽ ചുറ്റിക്കണ്ട് അവിടുത്തെ ജീവിതവും സംസ്കാരവും അടുത്തറിയുക. അതും വെറും കാഴ്ചകൾ കാണാനല്ല, ഓരോ ഗ്രാമത്തിലെയും മനുഷ്യരുടെ കഥകൾ ലോകത്തിന് മുന്നിലെത്തിക്കാൻ.
ക്യാമറയും ഡ്രോണും സൈക്കിളിൽ ഒപ്പം കൂട്ടിയ ഷെയ്ൻ, യാത്രയിൽ കാണുന്ന കാഴ്ചകളും അനുഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നായിരുന്നു ഈ സാഹസിക യാത്രയുടെ തുടക്കം. അവിടത്തെ യാത്ര പൂർത്തിയാക്കിയ ശേഷമാണ് ഷെയ്ൻ ഇന്ത്യയിലെത്തിയത്. ഡൽഹിയിൽ സൈക്കിളുമായി യാത്ര ചെയ്യുന്ന ഷെയ്നെ കണ്ട കണ്ടന്റ് ക്രിയേറ്റർ ശശാങ്ക് ശർമയ്ക്ക് കൗതുകം തോന്നി. പിന്നാലെ നടത്തിയ സംഭാഷണത്തിലാണ് ഷെയ്ന്റെ ഇന്ത്യാ യാത്രയുടെ വലിയ ലക്ഷ്യം പുറത്തറിയുന്നത്. ഡൽഹിയിൽ നിന്ന് സൈക്കിളിൽ ദക്ഷിണേന്ത്യയിലേക്ക്. അവിടെ നിന്ന് ശ്രീലങ്കയിലേക്ക്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിലെ 100 ഗ്രാമങ്ങൾ സന്ദർശിക്കാനാണ് ഷെയ്ന്റെ പദ്ധതി.
ഗ്രാമങ്ങളിലെ ഭക്ഷണം, സംസ്കാരം, സാധാരണക്കാരുടെ ജീവിതം, അവരുടെ അനുഭവങ്ങൾ ഇതെല്ലാം ക്യാമറയിൽ പകർത്തുകയാണ് ലക്ഷ്യം. ഇന്ത്യയുടെ വലിപ്പം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഷെയ്ൻ പറയുന്നത്. ഇതുവരെ ഡൽഹി മാത്രമാണ് വിശദമായി കണ്ടിട്ടുള്ളതെങ്കിലും ഗോവയും ഏറെ ആകർഷിക്കുന്ന സ്ഥലമാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിലെ യാത്രയിൽ ആദ്യം കാണാൻ ആഗ്രഹിക്കുന്ന ഇടങ്ങളിൽ താജ്മഹലും ഉൾപ്പെടുന്നു. ശശാങ്ക് ശർമ പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. സ്ഥിരം ജോലി ഉപേക്ഷിച്ച് ഇത്തരമൊരു ജീവിതം തെരഞ്ഞെടുത്ത ഷെയ്ന്റെ ധൈര്യത്തെയും സാഹസികതയെയും നിരവധി പേരാണ് അഭിനന്ദിക്കുന്നത്.