2020 ന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ലോകം വളരെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ ക്രമത്തിലൂടെയാണ് കടന്ന് പോകുന്നത്. ലോകക്രമത്തില്‍ ഇത് വരുത്തുന്ന മാറ്റങ്ങളും സംഘര്‍ഷങ്ങളും വലിയ സാമ്പത്തിക മാറ്റത്തിന് കൂടിയാണ് വഴിയൊരുക്കുന്നത് . അഞ്ച് വർഷത്തിനിടെ മൂന്ന് വലിയ ആഘാതങ്ങളിലൂടെയാണ് ലോകം കടന്നു വന്നുകൊണ്ടിരിക്കുന്നത്.
കോവിഡ്-19 മഹാമാരി (2020)യില്‍ രാജ്യങ്ങളുടെ ഉൽപ്പാദനവും വ്യാപാരവും നിലച്ചു. ആരോഗ്യച്ചിലവുകൾ ഉയർന്നു. സാമ്പത്തിക വളർച്ച ചരിത്രത്തിലാദ്യമായി മൈനസിലേക്ക് വീണു . റഷ്യ- യുക്രെയ്ൻ യുദ്ധം 2022 ലാണ് ആരംഭിച്ചത്, ഇത് പെട്രോളിയം അടക്കം ഊർജ്ജവിലകൾ കുതിച്ചുയർന്ന ആഗോള പ്രതിഭാസത്തിലേക്ക് നയിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ റഷ്യയുടെ വിദേശ നാണ്യ ശേഖരവും നിക്ഷേപങ്ങളും ഇല്ലാതാക്കി.
മൂന്നാമത്തെ പ്രധാന കാര്യം ഡൊണാൾഡ് ട്രംപ് അടക്കമുള്ള തീവ്രവലതുപക്ഷ നേതാക്കളുടെ തിരിച്ചുവരവാണ്, ട്രംപിന്‍റെ 'മഹത്തായ അമേരിക്ക' നയം സ്വതന്ത്രമായ ആഗോള വ്യാപാര കരാറുകൾക്കും സാമ്പത്തിക ധാരണകൾക്കും വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈ മൂന്നു സംഭവങ്ങളും സാമ്പത്തിക രംഗത്ത് ഒരു സന്ദേശമാണ് നല്‍കുന്നത്. ലോകത്തിലെ സുരക്ഷിതമായ സാമ്പത്തിക രീതി എന്ന നിലയില്‍ ഡോളര്‍ കരുതല്‍ ശേഖരമോ, യൂറോയോ പറ്റില്ല. യുഎസ് അനുകൂല ഇതര രാജ്യങ്ങള്‍ അതില്‍ നിന്നും ഒരു ചിന്തമാറ്റത്തിന് ഒരുങ്ങുന്നു എന്നതാണ് ആഗോള ട്രെന്‍റ്.
ഡോളറിനെക്കാള്‍ വിശ്വസിക്കാം സ്വര്‍ണ്ണത്തെ
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോൺ മെയ്‌നാർഡ് കെയിൻസ് സ്വർണത്തെ അസംസ്കൃത അവശിഷ്ടം എന്നാണ് വിളിച്ചത്. സ്വർണാധിഷ്ഠിത നാണയക്രമത്തെ (Gold Standard) തന്നെ അദ്ദേഹം അന്ന് വിമര്‍ശിച്ചു. സ്വര്‍ണ്ണം അന്നത്തെ അവസ്ഥയില്‍ സാമ്പത്തിക നിയന്ത്രണങ്ങൾക്കും സ്ഥിരതക്കും തടസ്സമാണ് എന്ന് കരുതപ്പെട്ടിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, പ്രത്യേകിച്ച് കടുത്ത പ്രതിസന്ധിയിലായിരുന്ന ബ്രിട്ടനെപ്പോലെ രാജ്യങ്ങൾക്കു സ്വർണത്തിൽ അധിഷ്ഠിതമായ നിശ്ചിത വിനിമയ നിരക്കുകൾക്കു പകരം സ്വന്തം ക്രെഡിറ്റ് സംവിധാനങ്ങൾ വേണമെന്ന് അദ്ദേഹം വാദിച്ചു. ആധുനിക കറന്‍സി സംവിധാനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായിരുന്നു ഈ കാഴ്ചപ്പാട്. എന്നാല്‍ ലോകക്രമം മാറിയപ്പോള്‍ ഈ കറന്‍സി സംവിധാനം വീണ്ടും ഒരു കുത്തകയായി മാറുന്ന അവസ്ഥയിലാണ് വീണ്ടും സ്വര്‍ണ്ണം ഉയിര്‍ക്കുന്നത്. അതായത് ഇന്ന് ലോകത്തിലെ ശക്തമായ കറന്‍സി ഡോളര്‍ അന്ന് സ്വര്‍ണ്ണം എങ്ങനെയാണോ ആ രീതിയിലെത്തി എന്ന് പറയാം.
ഇന്നത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണത്തിന്‍റെ സമീപകാല അവസ്ഥ ശരിക്കും പരിശോധിക്കേണ്ടതാണ്. 2008 സാമ്പത്തിക മാന്ദ്യത്തിനുശേഷം സ്വർണവില 70% വരെ ഉയർന്നു. 2020-ലെ കോവിഡ് സമയത്ത് സ്വർണം വീണ്ടും സുരക്ഷിത നിക്ഷേപമായി മാറിയിരിക്കുന്നു. 2021 മുതൽ 2024 വരെ സ്വർണവില ഇരട്ടിയായി, ഔൺസിന് 3,500 ഡോളര്‍ കടന്നു.
നിക്ഷേപകരും സർക്കാരുകളും ഒരുമിച്ച് തിരിച്ചറിവിലേക്ക് എത്തിയിരിക്കുകയാണ്. സ്വർണം മാത്രമാണ് രാഷ്ട്രീയ തീരുമാനങ്ങളാൽ താഴോട്ട് പോകാത്ത ഏക നിക്ഷേപം. അതിനാല്‍ തന്നെ വ്യക്തികളും രാജ്യങ്ങളും മൂല്യമുള്ള കറന്‍സികളുടെ പ്രത്യേകിച്ച് ഡോളറും മറ്റും ശേഖരിക്കുന്നതിന് പകരം സ്വര്‍ണ്ണത്തിലേക്കാണ് നീങ്ങുന്നത്.
സ്വർണ വേട്ട: കണക്കുകൾ പറയുന്നത്
ലോക ഗോൾഡ് കൗൺസിലിന്‍റെ കണക്കുകള്‍ പ്രകാരം 2020ല്‍ ആഗോള വിദേശ റിസർവുകളിൽ സ്വർണത്തിന്റെ വിഹിതം 9.5 ശതമാനം മാത്രം ആയിരുന്നു. എന്നാല്‍ 2024 ല്‍ എത്തുമ്പോള്‍ അത് 13.5 ശതമാനം വര്‍ധിച്ചു. സ്വർണശേഖരണം കൂട്ടിയത് ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക രാജ്യങ്ങളാണ് എന്നതാണ് ശ്രദ്ധേയ കാര്യം.
ചൈന 2020 മുതൽ 2024 വരെ 1,500 ടൺ സ്വർണം കൂടി വാങ്ങിയിട്ടുണ്ട്. തുർക്കി 2023-ൽ മാത്രം 150 ടൺ സ്വര്‍ണ്ണം വാങ്ങി. ബ്രസീൽ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വര്‍ണ്ണ ശേഖരം ഇരട്ടിയായി. അതേസമയം യു.എസ്, കാനഡ, ഓസ്ട്രേലിയ, യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സ്വര്‍ണ്ണ നിക്ഷേപത്തില്‍ വലിയ മാറ്റമില്ല. കാരണം അവർക്കും അവരുടെ കറൻസികളില്‍ തന്നെയാണ് (ഡോളർ, യൂറോ) ആഗോള റിസർവ് നില തുടരുന്നു.
ഇന്ത്യയുടെ തന്ത്രം: സുരക്ഷയും പ്രതീക്ഷയും
ഇന്ത്യയുടെ റിസർവ് ബാങ്ക് 2019-ൽ 618 ടൺ സ്വർണമായിരുന്നു കൈവശം വച്ചിരുന്നത്. 2025-ഓടെ അത് 880 ടൺ ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഇന്ത്യ ആറുവർഷം കൊണ്ട് 40% വളർച്ചയാണ് സ്വര്‍ണ്ണ നിക്ഷേപത്തില്‍ നടത്തിയത്. രാജ്യം സ്വര്‍ണ്ണ റിസര്‍വില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് ഇപ്പോഴത്തെ ജിയോ പൊളിറ്റിക്കല്‍ രാഷ്ട്രീയ മാറ്റങ്ങളെക്കൂടി മുന്നില്‍ കണ്ടായിരിക്കാം എന്ന് കരുതാം.
ഇന്ത്യയുടെ ഈ നീക്കം മൂന്ന് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ഡോളർ ആശ്രയത്വം കുറയ്ക്കുക, രൂപയുടെ മൂല്യം സംരക്ഷിക്കുന്നു, അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ശക്തമായ നിലപാട് എടുക്കുക എന്നിവയാണ്.
2022-ൽ റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ, അമേരിക്കയും യൂറോപ്യൻ യൂണിയനും ചേർന്ന് റഷ്യയുടെ 300 ബില്യൺ ഡോളറിലധികം വിദേശ റിസർവുകൾ ‘ഫ്രീസ്’ ചെയ്തു. ഈ സംഭവം ലോക രാജ്യങ്ങൾക്കു വലിയൊരു പഠമാണ്. നമ്മള്‍ നമുക്ക് സൂക്ഷിക്കുന്ന വിദേശ കറന്‍സി റിസർവുകൾ രാഷ്ട്രീയമായി എപ്പോഴും ഫ്രീസാകാം എന്ന ചിന്ത ഉണ്ടാക്കി ഇത്. ഡോളറിനും യു.എസ്. ട്രഷറികൾക്കും പകരം ഫിസിക്കൽ ആസ്തികൾ വേണമെന്ന ചിന്ത ഇന്ത്യ അടക്കം എടുക്കുന്നതിലേക്ക് ഇത് നയിച്ചു. അതിന്റെ ഉത്തരമാണ് സ്വർണത്തിലേക്ക് വലിയൊരു തിരിച്ചു വരവ് ലോകത്ത് കാണുന്നത്.
ഡോളറിനെ കൈവിടും, സ്വര്‍ണ്ണത്തെ കൂട്ട് പിടിക്കും
ലോക ഗോൾഡ് കൗൺസിൽ നടത്തിയ 2024 സർവേ പ്രകാരം 95% രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സ്വർണറിസർവുകൾ കൂട്ടും.
അതിനൊപ്പം തന്നെ 75% കേന്ദ്രബാങ്കുകൾ യു.എസ്. ട്രഷറി ബോണ്ടുകൾ കുറയ്ക്കും. ഡോളറിന്റെ ആധിപത്യം പതുക്കെ ഇടിഞ്ഞ് വരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതിനും അപ്പുറം ഇപ്പോഴത്തെ ട്രംപിന്‍റെ താരീഫ് യുദ്ധങ്ങള്‍ ഡോളറിന്‍റെ ഈ താഴ്ച കൂടി മുന്നില്‍ കണ്ടാണ് എന്ന വാദവും ലോക സാമ്പത്തിക രംഗത്ത് ശക്തമാണ്.
സ്വർണത്തിന്റെ നേട്ടങ്ങളും പരിമിതികളും
സ്വര്‍ണ്ണം റിസര്‍വായി ഉപയോഗിക്കുന്ന സാമ്പത്തിക രീതിക്ക് ചില ഗുണങ്ങള്‍ ഉണ്ട്.
ഉപരോധങ്ങളാൽ പിടിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ഒപ്പം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ പ്രതിസന്ധിക്കാലങ്ങളിൽ മൂല്യം ഉയരും. കാലങ്ങളോളം സുരക്ഷിത നിക്ഷേപം എന്ന സ്ഥിരത സ്വര്‍ണ്ണത്തിന് ലഭിക്കും.
എന്നാല്‍ സ്വർണം കൈവശം വയ്ക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് നേരിട്ട് ലാഭകരമല്ല എന്ന പരിമിതിയുണ്ട്. സ്വര്‍ണ്ണത്തിന് ഉത്പാദക്ഷമതയില്ല എന്നതാണ് ഇതിലെ പ്രധാന ഘടകം. ഒപ്പം മറ്റൊരു പ്രശ്നം സുരക്ഷയും ഇൻഷുറൻസും വേണം എന്നതാണ്.രാഷ്ട്രീയവും വിപണിയും വിലയിൽ അതിവേഗ വ്യത്യാസം സൃഷ്ടിക്കും എന്നതും പരിമിതിയാണ്.
ഡോളറിന്‍റെ കാലം കഴിയുമോ?
ഡോളർ കഴിഞ്ഞ 80 വർഷത്തോളമായി ലോകത്തിന്റെ പ്രധാന റിസർവ് കറൻസിയാണ്. പക്ഷേ യു.എസ് കടബാധ്യത 34 ട്രില്യൺ ഡോളർ കടന്നിരിക്കുകയാണ് ഇപ്പോള്‍. ട്രഷറി ബോണ്ടുകൾക്കെതിരെ പലിശ ബാധ്യതകൾ ഉയരുന്നുണ്ട് വിവിധ രാജ്യങ്ങള്‍ക്ക്. അതിനാല്‍ തന്നെ മറ്റൊരു ശേഖര മാര്‍ഗ്ഗം രാജ്യങ്ങൾ തേടുന്നത് സ്വഭാവികമാണ്.
രാജ്യങ്ങൾക്കായി സ്വർണം വാങ്ങൽ ഇനി ആഘോഷങ്ങളോ ആഭരണങ്ങളോ മാത്രം അല്ല. അത് ദേശീയ സാമ്പത്തിക സുരക്ഷയുടെ ഭാഗമായി മാറുന്നു എന്നതാണ് നാം കാണാന്‍ പോകുന്നത്. ഡോളർ നോട്ടുകളിൽ എഴുതിയിരിക്കുന്ന ഒരു വാക്യം “In God We Trust” എന്നാണ് , എന്നാല്‍ ഇപ്പോൾ വിവിധ രാജ്യങ്ങൾ മറ്റൊരു മുദ്രാവാക്യം പിന്തുടരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് “In Gold We Trust”
21-ാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ചരിത്രത്തിലെ ഈ വലിയ മാറ്റം, സ്വർണത്തിന്റെ രണ്ടാമത്തെ തിരിച്ചുവരവായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.