ആറ് വർഷത്തെ പിണക്കങ്ങൾക്കും രാഷ്ട്രീയ അകൽച്ചയ്ക്കും ഒടുവിൽ പഞ്ചാബ് രാഷ്ട്രീയത്തിലെ ആ പഴയ വിജയസഖ്യം വീണ്ടും ഒന്നിച്ചിരിക്കുന്നു.2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിരോമണി അകാലിദളും ഒരുമിച്ച് മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഒറ്റയ്ക്ക് നിന്നാൽ ആം ആദ്മി പാർട്ടിയെയും കോൺഗ്രസിനെയും മറികടന്ന് പഞ്ചാബിൽ അധികാരത്തിലെത്തുക അസാധ്യമാണെന്ന തിരിച്ചറിവിലാണ് ഈ പുനഃസമാഗമം. എന്നാൽ, പഴയ സഖ്യം വീണ്ടും ഒന്നിക്കുന്നു എന്നതിനേക്കാൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത് സീറ്റ് വിഭജനത്തിലെ പുതിയ വിലപേശലുകളിലേക്കാണ്! ഒരുകാലത്ത് പഞ്ചാബിൽ വെറും 23 സീറ്റുകളിൽ ഒതുങ്ങിനിന്നിരുന്ന ബിജെപി, ഇത്തവണ ഇരട്ടിയിലധികം സീറ്റുകൾ ചോദിക്കുന്നതിന് പിന്നിലെ രാഷ്ട്രീയ കണക്കുകളെന്താണ്? പഞ്ചാബിലെ മാറിയ വോട്ട് സമവാക്യങ്ങൾ ആർക്കൊപ്പം നിൽക്കും?
ഒരുകാലത്ത് പഞ്ചാബ് രാഷ്ട്രീയത്തിലെ വിജയസഖ്യമായിരുന്നു ബിജെപിയും അകാലിദളും. 1997, 2007, 2012 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇരുവരും ഒന്നിച്ച് മത്സരിച്ച് അധികാരത്തിലെത്തി. അന്നത്തെ സീറ്റ് വിഭജനത്തിൽ 117 നിയമസഭാ മണ്ഡലങ്ങളിൽ 94 എണ്ണത്തിൽ അകാലിദളും 23 എണ്ണത്തിൽ ബിജെപിയുമായിരുന്നു മത്സരിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും സമാനമായ ധാരണയായിരുന്നു. 13 സീറ്റുകളിൽ പത്തിടത്ത് അകാലിദളും ഗുർദാസ്പൂർ, ഹോഷിയാർപൂർ, അമൃത്സർ എന്നീ മൂന്ന് മണ്ഡലങ്ങളിൽ ബിജെപിയും.
പഞ്ചാബിന്റെ സാമൂഹിക-രാഷ്ട്രീയ ഘടനയായിരുന്നു ഈ സഖ്യത്തിന്റെ പ്രധാന കരുത്ത്. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയിൽ 57.7 ശതമാനം സിഖുകാരും 38.5 ശതമാനം ഹിന്ദുക്കളുമാണ്. സിഖ് വോട്ടുകളിൽ അകാലിദളിനും ഹിന്ദു വോട്ടുകളിൽ ബിജെപിക്കും സ്വാധീനമുണ്ടായിരുന്നു. അങ്ങനെ രണ്ട് പാർട്ടികൾക്കും അവരവരുടെ ശക്തികേന്ദ്രങ്ങൾ പരസ്പരം സഹായകമാകുന്ന രീതിയിലായിരുന്നു പ്രവർത്തനം.
എന്നാൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ഈ രാഷ്ട്രീയ ബന്ധത്തിൽ വിള്ളലുണ്ടാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് അകാലിദൾ ബിജെപി സഖ്യം ഉപേക്ഷിച്ചു. പിന്നീട് ഇരുപാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കേണ്ടതായി വന്നു. അതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അവരുടെ പരിമിതികളും പുറത്തുവന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അകാലിദളിന് മൂന്ന് സീറ്റും ബിജെപിക്ക് രണ്ട് സീറ്റും മാത്രമാണ് ലഭിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സ്ഥിതി മറിച്ചായിരുന്നില്ല. ബിജെപിക്ക് പഞ്ചാബിൽ ഒറ്റ സീറ്റ് പോലും നേടാനായില്ല. അകാലിദളിന് ലഭിച്ചതാകട്ടെ ഒരു സീറ്റും.
ഇവിടെയാണ് പുതിയ സഖ്യത്തിന്റെ പ്രസക്തി. എന്നാൽ പഴയ സീറ്റ് വിഭജനത്തിലേക്ക് മടങ്ങാൻ ബിജെപി തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതവും മണ്ഡലങ്ങളിലെ പ്രകടനവും ചൂണ്ടിക്കാട്ടിയാണ് ബിജെപി കൂടുതൽ സീറ്റുകൾക്കായി അവകാശവാദമുന്നയിക്കുന്നത്. ഏകദേശം 18 ശതമാനം വോട്ട് നേടിയ ബിജെപി 23 നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തി. അകാലിദളിന് ഏകദേശം 13 ശതമാനം വോട്ടും ഒമ്പത് മണ്ഡലങ്ങളിൽ മുന്നേറ്റവുമാണുണ്ടായത്. അതായത്, പഴയ സഖ്യത്തിലെ ചെറിയ പങ്കാളിയായിരുന്ന ബിജെപി ഇപ്പോൾ കൂടുതൽ സീറ്റുകൾക്ക് അവകാശമുന്നയിക്കാനുള്ള രാഷ്ട്രീയ സാഹചര്യം തങ്ങൾക്കുണ്ടെന്നാണ് കണക്കുകൂട്ടുന്നത്.
ഈ അവകാശവാദത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം പഞ്ചാബിലെ ജനസംഖ്യാ-മണ്ഡല ഘടനയാണ്. പത്താൻകോട്ട്, ജലന്ധർ, ഹോഷിയാർപൂർ, ഫാസിൽക്ക, ശഹീദ് ഭഗത് സിങ് നഗർ തുടങ്ങിയ ജില്ലകളിൽ ഹിന്ദു ജനവിഭാഗത്തിന് ഭൂരിപക്ഷമുണ്ട്. ഈ മേഖലകളിലെ നഗരകേന്ദ്രങ്ങളിലും വ്യാപാരസമൂഹങ്ങൾക്കിടയിലും ബിജെപിക്ക് സ്വാധീനമുണ്ട്. ലുധിയാന, എസ് എ എസ് നഗർ, അമൃത്സർ, ജലന്ധർ, പത്താൻകോട്ട്, പട്യാല തുടങ്ങിയ നഗരമേഖലകളിലും ബിജെപി തങ്ങളുടെ സാധ്യതകൾ കാണുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് 40 മുതൽ 47 വരെ സീറ്റുകൾ ബിജെപി ആവശ്യപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചില റിപ്പോർട്ടുകൾ പ്രകാരം പകുതി സീറ്റുകൾ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ 35 സീറ്റുകൾ വരെ നൽകാൻ അകാലിദൾ തയ്യാറായതായും സൂചനകളുണ്ട്. സീറ്റ് വിഭജനത്തിൽ മാത്രമല്ല, സഖ്യം അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിലേക്കും ചർച്ചകൾ നീളുന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ബിജെപിയുടെ അവകാശവാദങ്ങൾക്ക് പിന്നിൽ വെറും നഗര-ഹിന്ദു വോട്ടുകളുടെ കണക്കുമാത്രമല്ല. പഞ്ചാബിലെ ഗ്രാമീണ മേഖലകളിലും സിഖ് വോട്ടർമാർക്കിടയിലും അകാലിദളിനുള്ള സംഘടനാ സ്വാധീനം ബിജെപിക്ക് ഒറ്റയ്ക്ക് മറികടക്കുക എളുപ്പമല്ല. പ്രത്യേകിച്ച് മാൾവ മേഖലയിലെ ഗ്രാമീണ രാഷ്ട്രീയത്തിൽ അകാലിദളിന്റെ അടിത്തറ സഖ്യത്തിന് നിർണായകമാകാം. മറുവശത്ത്, അകാലിദളിന് പരിമിതമായ സ്വാധീനമുള്ള നഗര-വ്യാപാര മേഖലകളിൽ ബിജെപിക്കും കൂടുതൽ സാധ്യതകളുണ്ട്. പരസ്പരം ദുർബലമായ മേഖലകളിൽ കൈത്താങ്ങാവുക എന്നതാണ് ഈ പുനഃസഖ്യത്തിന്റെ പ്രധാന രാഷ്ട്രീയ യുക്തി.
2024ലെ തെരഞ്ഞെടുപ്പ് കണക്കുകൾ വിലയിരുത്തിയാൽ, ബിജെപി 23 മണ്ഡലങ്ങളിലും അകാലിദൾ ഒമ്പത് മണ്ഡലങ്ങളിലുമാണ് മുന്നിലെത്തിയത്. ഇരു പാർട്ടികളുടെയും മുന്നേറ്റങ്ങൾ കൂട്ടിച്ചേർത്താൽ 32 മണ്ഡലങ്ങളാണ് ലഭിക്കുക. എന്നാൽ ഈ വോട്ടുകൾ പരസ്പരം കൈമാറപ്പെടുമെന്നുറപ്പില്ല. സഖ്യത്തെ അംഗീകരിക്കാൻ മടിക്കുന്ന വോട്ടർമാർ അകന്നുപോയാൽ ഈ കണക്കുകൾ മാറിമറിയും. ഓരോ പത്ത് ശതമാനം വോട്ടുചോർച്ചയും എട്ട് മുതൽ ഒമ്പത് വരെ സീറ്റുകളെ ബാധിക്കാമെന്നാണ് കണക്കുകൂട്ടൽ. അതായത്, സഖ്യം വിജയിക്കണമെങ്കിൽ രണ്ട് പാർട്ടികളുടെയും വോട്ടർമാർ നേതൃത്വത്തിന്റെ തീരുമാനത്തോടൊപ്പം അടിയുറച്ച് നിൽക്കേണ്ടതുണ്ട്.
ഇവിടെയാണ് ബിജെപിയുടെയും അകാലിദളിന്റെയും മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമ്പോൾ ബിജെപി പരിഗണിക്കുന്നത് തങ്ങളുടെ മാറിയ രാഷ്ട്രീയ സ്വാധീനമാണ്. എന്നാൽ സഖ്യത്തിന്റെ വിജയത്തിന് അകാലിദളിന്റെ ഗ്രാമീണ-സിഖ് വോട്ട് അടിത്തറയും അനിവാര്യമാണ്. അതുകൊണ്ടുതന്നെ സീറ്റ് വിഭജനത്തിലെ തർക്കങ്ങൾക്കപ്പുറം ഇരുപാർട്ടികൾക്കും പരസ്പരം എത്രത്തോളം വോട്ടുകൾ കൈമാറാൻ കഴിയുമെന്നതാണ് നിർണായകം.
ആരായിരിക്കും സഖ്യത്തെ നയിക്കുക, എത്ര സീറ്റുകൾ വീതം ലഭിക്കും എന്നതിനപ്പുറം, അണികളും വോട്ടർമാരും ഈ പുനഃസമാഗമത്തെ എങ്ങനെ സ്വീകരിക്കുമെന്നാണ് കാണേണ്ടത്. 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പിൻ്റെ ഫലമാകും ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുക.