Image: Instagram
World Cup 2026

ഇനിയെങ്കിലും അംഗീകരിക്കൂ, മെസ്സിയാണ് എക്കാലത്തേയും മികച്ച താരം: റൊണാള്‍ഡോയുടെ വാക്കുകള്‍

ചരിത്ര പുസ്തകത്തിൽ എഴുതപ്പെട്ട രാത്രിയായിരുന്നു കഴിഞ്ഞ ദിവസത്തേതെന്നും ബ്രസീൽ ഫുട്ബോൾ ഇതിഹാസം

Author : ന്യൂസ് ഡെസ്ക്

ലയണല്‍ മെസ്സിയെ വാനോളം പുകഴ്ത്തി ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ. എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍ മെസ്സിയാണെന്ന് ഇനിയെങ്കിലും ലോകം അംഗീകരിക്കണമെന്നാണ് റൊണാള്‍ഡോ ആവശ്യപ്പെടുന്നത്. അള്‍ജീരിയക്കെതിരായ മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക് ഗോള്‍ നേട്ടത്തിനു പിന്നാലെയാണ് റൊണാള്‍ഡോയുടെ വാക്കുകള്‍.

ലോകകപ്പില്‍ മെസിയുടെ ആദ്യ ഹാട്രിക്കാണ് കഴിഞ്ഞ ദിവസം പിറന്നത്. അര്‍ജന്റീനയുടെ ജേഴ്‌സിയില്‍ മെസ്സിയുടെ ഇരുന്നൂറാം മത്സരത്തിലായിരുന്നു ചരിത്രം പിറന്നത്.

എക്കാലത്തേയും മികച്ച താരമാണ് മെസ്സിയെന്ന യാഥാര്‍ത്ഥ്യത്തോട് ഇനിയും കണ്ണടക്കരുതെന്നും അത് ലോകം അംഗീകരിക്കണമെന്നുമാണ് റൊണാള്‍ഡോയുടെ വാക്കുകള്‍. എല്ലാ സീസണിലും ലോകകപ്പിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും അദ്ദേഹത്തെ ഇപ്പോഴും സംശയിക്കുന്നുണ്ട്. എന്നാല്‍, അള്‍ജീരിയക്കെതിരായ മത്സരം ചരിത്ര പുസ്തകത്തില്‍ എഴുതപ്പെട്ട ഒരിക്കലും മറക്കാനാകാത്ത രാത്രിയാണെന്നും റൊണാള്‍ഡോ പറഞ്ഞു.

അള്‍ജീരിയയ്ക്കെതിരായ ഹാട്രിക് പ്രകടനത്തോടെ ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്ക് ഒപ്പമെത്താനും മെസ്സിക്കായി. ഇരുവരും ലോകകപ്പില്‍ 16 ഗോളുകള്‍ വീതമാണ് നേടിയിട്ടുള്ളത്. അടുത്ത മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ ക്ലോസെയുടെ റെക്കോര്‍ഡും അര്‍ജന്റീനന്‍ നായകന്‍ മറികടക്കും. 15 ഗോളുകള്‍ നേടിയ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയേയും, 14 ഗോളുകള്‍ നേടിയ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയേയും മെസ്സി മറികടന്നിരുന്നു.

റെക്കോര്‍ഡുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നായിരുന്നു ചരിത്രമഴുതിയതിനു ശേഷമുള്ള മെസ്സിയുടെ പ്രതികരണം. റെക്കോര്‍ഡുകള്‍ വെറും സ്ഥിതിവിവരക്കണക്കുകള്‍ മാത്രമാണെന്നും മെസ്സി പ്രതികരിച്ചതായി അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റൊണാള്‍ഡോയ്ക്കും എംബാപ്പെയ്ക്കുമൊപ്പം എത്താനായതില്‍ അഭിമാനമുണ്ട്. പക്ഷെ, നമ്പരുകള്‍ക്ക് വലിയ അര്‍ഥമില്ല. എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ ബ്രസീലിന്റെ റൊണാള്‍ഡോ പോലും ഒന്നാം സ്ഥാനത്തായിരുന്നില്ല. അതുകൊണ്ട് ഇതെല്ലാം വെറും സ്റ്റാറ്റിസ്റ്റിക് മാത്രമാണ്. എന്നായിരുന്നു മെസിയുടെ വാക്കുകള്‍.

SCROLL FOR NEXT