World Cup 2026

അർജൻ്റീനയ്ക്ക് വിലക്ക്? ഫൈനലിന് മുൻപേ ഫിഫ കടുത്ത നടപടിയിലേക്കെന്ന് സൂചന

ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ലോകകപ്പ് ഫൈനലിൽ കടന്നതിന് പിന്നാലെ അർജൻ്റീനൻ താരങ്ങൾ നടത്തിയൊരു വിജയാഹ്ളാദ പ്രകടനമാണ് അവർക്ക് വലിയ തിരിച്ചടിയാകുക

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

നിർണായക ലോകകപ്പ് ഫൈനലിൻ്റെ പടിവാതിൽക്കൽ എത്തിനിൽക്കെ നിലവിലെ ലോകജേതാക്കളായ അർജൻ്റീനയ്ക്കെതിരെ ഫിഫയുടെ കടുത്ത അച്ചടക്ക നടപടി വരുന്നു.... ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ലോകകപ്പ് ഫൈനലിൽ കടന്നതിന് പിന്നാലെ അർജൻ്റീനൻ താരങ്ങൾ നടത്തിയൊരു വിജയാഹ്ളാദ പ്രകടനമാണ് അവർക്ക് വലിയ തിരിച്ചടിയാകുക. മത്സരശേഷം "ഫോക്ക്‌ലാൻഡ് ദ്വീപുകാർ അർജൻ്റീനക്കാരാണ്" എന്ന രാഷ്ട്രീയ ചുവയുള്ള ബാനറുമായി അർജൻ്റീനൻ താരങ്ങൾ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലെ മൈതാനത്തിന് ചുറ്റും വലംവച്ചിരുന്നു.

ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ നടന്ന മത്സരത്തിന് പിന്നാലെ ജിയോവാനി ലോ സെൽസോ, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരുൾപ്പെടെ നിരവധി അർജൻ്റൈൻ താരങ്ങൾ കയ്യിൽ 'ലാസ് മാൽവിനാസ് സൺ അർജൻ്റീനാസ്' എന്നെഴുതിയ ബാനർ ഉയർത്തിപ്പിടിച്ചിരുന്നു. ഫോക്ക്‌ലാൻഡ് ദ്വീപുകൾ എന്നതിൻ്റെ സ്പാനിഷ് പദമാണ് മാൽവിനാസ്. ഫോക്‌ലാൻഡ് ദ്വീപുകൾ എക്കാലവും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഒരു ബാനർ ഉയർത്തിപ്പിടിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

അൽപ്പം ചരിത്രം കൂടി ഈ പശ്ചാത്തലത്തിൽ ചുരുക്കിപ്പറയാം..

'ഫോക്ക്‌ലാൻഡ്‌സ്' അർജൻ്റീനയുടെ തീരത്ത് സ്ഥിതി ചെയ്യുന്നൊരു ദ്വീപ് സമൂഹമാണ്. പണ്ടുമുതൽക്കേ ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറി ആയിട്ടാണ് ഇവിടം പ്രവർത്തിക്കുന്നത്. 1982ൽ പട്ടാള മേധാവിക്ക് കീഴിൽ അർജൻ്റീനിയൻ സൈന്യം ഈ പ്രദേശം പിടിച്ചെടുക്കാൻ ഇവിടേക്കൊരു അധിനിവേശ ശ്രമം നടത്തി. ഇതിൽ പ്രകോപിതരായ ബ്രിട്ടൻ ഇവിടേക്ക് സൈന്യത്തെ അയക്കുകയും.. ഒടുവിൽ രണ്ടര മാസത്തോളം നീണ്ട ഏറ്റുമുട്ടലുകൾക്കൊടുവിൽ ഇവിടം തിരിച്ചുപിടിക്കുകയും ചെയ്തു. ഇന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ പുകയുന്ന പ്രധാന രാജ്യാന്തര തർക്കവിഷയമായി 'ഫോക്ക്‌ലാൻഡ്‌സ്' ദ്വീപുണ്ട്. 2013ൽ ഈ ദ്വീപിൽ നടന്ന വോട്ടിങ്ങിൽ 99 ശതമാനം പേരും ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ തുടരാനാണ് താൽപ്പര്യമെന്നാണ് അറിയിച്ചത്. ഈ ജനഹിത പരിശോധന അർജൻ്റീനൻ സർക്കാർ ഇതുവരെയും അംഗീകരിച്ചിട്ടുമില്ല.

സാക്ഷാൽ ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജൻ്റീനൻ താരങ്ങളാണ് ഈ നിയമവിരുദ്ധമായ ആഹ്ളാദപ്രകടനങ്ങളുടെ ഭാഗമായത്. ഇതിൻ്റെ ചിത്രങ്ങളും വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്ട്‌‌സ്പറിനായി മുമ്പ് കളിച്ചിട്ടുള്ള ലോ സെൽസോയും... മുൻ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡറുമായ നിക്കോളാസ് ഒട്ടമെൻഡിയുമാണ് വിവാദ ബാനർ കൈവശം വച്ചിരുന്നത്.

അർജൻ്റീന വൈസ് പ്രസിഡൻ്റ് വിക്ടോറിയ വില്ലാറുവേൽ ഇംഗ്ലണ്ടിനെതിരായ മത്സരശേഷം എക്സിൽ പങ്കുവച്ച ഒരു പോസ്റ്റിലും പ്രകോപനപരമായ രാഷ്ട്രീയ പരാമർശം നടത്തിയിട്ടുണ്ട്. വിവാദ ബാനറുമായി നിൽക്കുന്ന അർജൻ്റൈൻ ഫുട്ബോൾ താരങ്ങളുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. "ഫോക്ക്‌ലാൻഡുകാർ അർജൻ്റീനക്കാരാണ്! അവരെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നത് വിലക്കിയിരുന്നു. എന്നാൽ ഞങ്ങൾ ഫോക്ക്‌ലാൻഡുകാരെ ഞങ്ങളുടെ രക്തത്തിലും ഹൃദയത്തിലും കൊണ്ടുനടക്കുന്നുണ്ടെന്ന കാര്യം ചിലർ മറന്നു," എന്നായിരുന്നു അർജൻ്റീനൻ വൈസ് പ്രസിഡൻ്റിൻ്റെ പ്രതികരണം.

ജൂലൈ 20ന് പുലർച്ചെ 12.30ന് നടക്കുന്ന കലാശപ്പോരിൽ സ്പെയിനിനെ നേരിടാൻ തയ്യാറെടുക്കുന്നതിനിടെ അർജൻ്റീനൻ ടീം ഫിഫയിൽ നിന്ന് കടുത്ത അച്ചടക്ക നടപടി നേരിടുകയാണ്. ഫുട്ബോൾ മത്സരങ്ങൾക്കിടയിൽ പ്രകോപനപരമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ബാനറുകളും പ്രദർശിപ്പിക്കുന്നതിനെതിരെ ഭരണസമിതിയും ഫുട്ബോൾ നിയമനിർമാതാക്കളായ ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡും (IFAB) കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.

"ഫുട്ബോൾ താരങ്ങൾ മത്സരത്തിനിടയിലോ.. മത്സരശേഷമോ... രാഷ്ട്രീയമോ, മതപരമോ, വ്യക്തിപരമോ ആ മുദ്രാവാക്യങ്ങൾ, പ്രസ്താവനകൾ, ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കരുത്," എന്നാണ് IFAB റൂൾബുക്ക് പറയുന്നത്. കളിക്കാർ മത്സരവേദിയിൽ ഒളിപ്പിച്ച നിലയിലുള്ള ബാനറുകളിലോ... അടിവസ്ത്രങ്ങളിലോ ഇത്തരം പ്രകോപനപരമായ സന്ദേശങ്ങൾ ഒളിപ്പിച്ച് കടത്താനോ പ്രദർശിപ്പിക്കാനോ പാടില്ലെന്നാണ് ഫിഫ നിയമം.

ഇത്തരത്തിലൊരു കുറ്റം ചെയ്തതായി തെളിഞ്ഞാൽ... കളിക്കാരനോ അല്ലെങ്കിൽ ടീമിനോ മത്സര സംഘാടകരായ IFABയും ഫിഫയും ചേർന്ന് ശിക്ഷ വിധിക്കും. ഏതാനും താരങ്ങൾക്ക് മാത്രമായോ ടീമിന് മൊത്തമായോ കുറച്ച് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ലോകകപ്പിൻ്റെ കലാശപ്പോരിൻ്റെ നിറംകെടും. നിലവിൽ ഇത്തരമൊരു കടുത്ത നടപടിക്ക് ഫിഫ തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം.

SCROLL FOR NEXT