ലോകകപ്പ് ക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ ഇംഗ്ലണ്ട്-മെക്സിക്കോ ടീമുകൾ നാളെ ഇറങ്ങും. നാളെ രാവിലെ അഞ്ചരക്കാണ് ഈ സൂപ്പർ ക്ലാഷ് മത്സരം. കോംഗോക്കെതിരെ അവസാന നിമിഷം ജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിന് ടൂർണമെൻ്റിൽ ഇതുവരെ ഗോൾ വഴങ്ങാത്ത മെക്സിക്കോ കടുത്ത വെല്ലുവിളിയുയർത്തും.
യോഗ്യതാ റൗണ്ടിൽ ഗോൾ വഴങ്ങാതെയെത്തിയ ഇംഗ്ലണ്ട് അല്ല ലോകകപ്പിലുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യക്കെതിരെ മികച്ച ജയം നേടിയെങ്കിലും ഘാനക്കെതിരെ ഗോൾരഹിത സമനില വഴങ്ങി. പനാമക്കെതിരെ രണ്ട് ഗോൾ ജയം നേടിയ ഇംഗ്ലണ്ടിന് നോക്കൗട്ടിൽ കോംഗോക്കെതിരെ ജയം സ്വന്തമാക്കാനായത് മത്സരത്തിൻ്റെ അവസാന നിമിഷമാണ്. കാര്യങ്ങൾ അത്ര പന്തിയല്ല ഇംഗ്ലണ്ട് ക്യാമ്പിൽ.
ഇംഗ്ലണ്ടിനെ നേരിടാനെത്തുന്ന മെക്സിക്കോ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് ഘട്ടം ഉൾപ്പെടെ കളിച്ച നാല് മത്സരങ്ങളിലും ജയം നേടാനായി. എട്ട് ഗോൾ നേടിയപ്പോൾ ഒറ്റ ഗോൾ പോലും വഴങ്ങിയില്ല. ഇത്തവണ പ്രീ ക്വാർട്ടർ കടമ്പ കൂടി കടക്കേണ്ടതുണ്ട് ആതിഥേയർക്ക്. 1994 മുതൽ 2022 വരെ തുടർച്ചയായി ഏഴ് വട്ടം മെക്സിക്കോ പ്രീ ക്വാർട്ടറിൽ പുറത്തായി. 1970ലും 1986ലും ക്വാർട്ടർ വരെയെത്തിയതാണ് മികച്ച നേട്ടം.
നേരിട്ടുള്ള കണക്കുകളിൽ ഇംഗ്ലണ്ടിനാണ് വ്യക്തമായ ആധിപത്യമുള്ളത്. മെക്സിക്കോയുമായി ഏറ്റുമുട്ടിയ 9ൽ ആറിലും വിജയിച്ചു. മെക്സിക്കോ ജയിച്ചത് രണ്ട് മത്സരങ്ങളിൽ മാത്രമാണ്. ലോകകപ്പിൽ ഏറ്റുമുട്ടിയ ഒരേയൊരു മത്സരത്തിലും ഇംഗ്ലണ്ടിനാണ് ജയം. 1966 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു.
മത്സരം - 9
ഇംഗ്ലണ്ട് - 6 ജയം
മെക്സിക്കോ - 2 ജയം
ഇംഗ്ലണ്ട് 4-2 ക്രൊയേഷ്യ
ഇംഗ്ലണ്ട് 0-0 ഘാന
ഇംഗ്ലണ്ട് 2-0 പനാമ
ഇംഗ്ലണ്ട് 2-1 കോംഗോ
മെക്സിക്കോ 2-0 സൗത്ത് ആഫ്രിക്ക
മെക്സിക്കോ 1-0 സൗത്ത് കൊറിയ
മെക്സിക്കോ 3-0 ചെക്ക് റിപ്പബ്ലിക്ക്
മെക്സിക്കോ 2-0 ഇക്വഡോർ