ഇനി കണ്ണടയ്ക്കാൻ പോലും സമയമില്ല. ഫുട്ബോൾ ലോകകപ്പ് അതിൻ്റെ ഏറ്റവും പീക്കിലേക്ക് കയറുകയാണ്. ഇതിനോടകം ഫ്രാൻസും സ്പെയിനും ലോകകപ്പിൻ്റെ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ രണ്ട് ടീമുകൾ കൂടി അവർക്കൊപ്പം ചേരും. അർജൻ്റീനയോ... അതോ സ്വിറ്റ്സർലൻഡോ ? ഇംഗ്ലണ്ടോ അതോ നോർവെയോ ? ഇവരിൽ ആരാകും ആ ഭാഗ്യശാലികൾ? ആവേശത്തോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. നിലവിലുള്ള നാല് ടീമുകൾ ഇതിനോടകം ലോകകപ്പിൽ മുത്തമിട്ടവരാണ്. എന്നാൽ ശേഷിക്കുന്ന രണ്ട് ടീമുകൾക്ക് അങ്ങനെയൊരു ചരിത്രം ചൂണ്ടിക്കാട്ടാനില്ല. ഈ ആറ് ടീമുകളുടേയും ലോകകപ്പ് ചരിത്രം വേഗത്തിൽ പരിശോധിക്കാം.
വിശ്വകിരീട നേട്ടത്തിൽ മുന്നിൽ അർജൻ്റീന തന്നെയാണ്. 1978, 1986, 2022 എന്നീ വർഷങ്ങളിലാണ് നീലപ്പട ലോകജേതാക്കളായത്. 78ൽ ഇതിഹാസമായ മരിയോ കെംപസിൻ്റേയും ക്യാപ്റ്റനായ പസറെല്ലയുടേയും മികവിലാണ് സ്വന്തം നാട്ടുകാർക്ക് മുന്നിൽ അർജൻ്റീന കന്നി ലോകകപ്പ് കിരീടം ചൂടിയത്. ഡീഗോ മറഡോണയെന്ന ഫുട്ബോൾ ദൈവം അവതരിച്ച 1986ലെ മെക്സിക്കോ ലോകകപ്പിൽ ജർമനിയെ കീഴടക്കി അർജൻ്റീന രണ്ടാം ലോകകപ്പിൽ മുത്തമിട്ടു. 2022ൽ ഖത്തറിൽ ലിയോ മെസ്സിക്ക് കീഴിൽ നീലപ്പട മൂന്നാമതും ആ സ്വപ്നകിരീടത്തിൽ സ്വന്തം പേരെഴുതിച്ചേർത്തു. 1930, 1990, 2014 എന്നീ വർഷങ്ങളിൽ അവർ ലോകകപ്പിൽ റണ്ണറപ്പുകളായി മാറിയിട്ടുമുണ്ട്.
ലോകകപ്പ് ചരിത്രത്തിൽ ഫ്രഞ്ച് പട കിരീടം ചൂടിയത് രണ്ടേ രണ്ട് തവണ മാത്രമാണ്. നായകനായ ദിദിയർ ദെഷാംപ്സിനൊപ്പം 1998ലും പരിശീലകനായ ദെഷാംപ്സിനൊപ്പം 2018ലും അവർ കിരീടത്തിൽ മുത്തമിട്ടിരുന്നു. കിലിയൻ എംബാപ്പെ എന്ന ഫ്രാൻസിൻ്റെ എക്കാലത്തേയും മികച്ച ഗോളടിവീരൻ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചത് 2018ലായിരുന്നു. ഫ്രഞ്ച് പട 2006ലും 2022ലും റണ്ണറപ്പുകളായും മാറിയിരുന്നു. 1986ൽ മൂന്നാം സ്ഥാനക്കാരുമായി.
1966ൽ ലോകകപ്പിന് ആതിഥേയരായ വർഷം തന്നെ ലോകകിരീടത്തിൽ മുത്തം ചാർത്താൻ ത്രീ ലയൺസിന് കഴിഞ്ഞിരുന്നു. അന്ന് ഇതിഹാസങ്ങളായ ബോബി ചാൾട്ടൺ, ബോബി മൂർ, ഗോൾകീപ്പർ ഗോർഡൻ ബാങ്ക്സ് എന്നിവരുടെ ചിറകിലേറിയാണ് ഇംഗ്ലണ്ട് ലോകകിരീടം സ്വന്തമാക്കിയത്. വെംബ്ലി സ്റ്റേഡിയത്തിൽ പശ്ചിമ ജർമനിയെ 4-2ന് വീഴ്ത്തിയതിൽ പിന്നെ അവർക്ക് ഫൈനൽ കളിക്കാനായിട്ടില്ല. 1990ലും 2018ലുംഅവർ സെമി ഫൈനൽ വരെയെത്തിയിരുന്നു.
ലോകകപ്പിൽ 17 തവണയാണ് സ്പാനിഷ് ടീം പങ്കെടുത്തത്. ഒരിക്കൽ മാത്രമാണ് കിരീടധാരണം നടത്തിയത്. 2010 ലോകകപ്പിൽ കരുത്തരായ നെതർലൻഡ്‌സിനെ എക്സ്ട്രാ ടൈമിൽ 1-0ന് വീഴ്ത്തിയാണ് അവർ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. അതിന് മുമ്പ് 1950ൽ സെമി ഫൈനൽ വരെയെത്തിയതാണ് അവരുടെ മികച്ച പ്രകടനം. 1934 ലോകകപ്പിൽ അവർ ക്വാർട്ടർ ഫൈനൽ വരെയെത്തി.
സ്വിറ്റ്‌സർലൻഡ്
ഫിഫ ലോകകപ്പ് ചരിത്രമെടുത്താൽ അതിൽ 13 തവണയും സ്വിറ്റ്‌സർലൻഡ് എന്ന യൂറോപ്യൻ രാജ്യത്തിൻ്റെ പേര് കാണാനാകും. 1934, 1938, 1954, 2026 വർഷങ്ങളിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയതാണ് അവരുടെ ലോകകപ്പിലെ മികച്ച പ്രകടനം. മറ്റൊരു സവിശേഷ റെക്കോർഡ് കൂടി സ്വിസ് പടയുടെ പേരിലുണ്ട്. 1954ൽ നടന്ന ഓസ്ട്രിയ-സ്വിറ്റ്‌സർലൻഡ് മാച്ചിലാണ് ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ പിറന്നത്. ആ മത്സരം 7-5ന് സ്വിറ്റ്‌സർലൻഡ് തോറ്റെങ്കിലും ലോകകപ്പ് ചരിത്രത്തിലിടം നേടി.
ചരിത്രത്തിലെ നാലാം ലോകകപ്പാണ് നോർവെ കളിക്കുന്നത്. 1938, 1994, 1998, 2026 ലോകകപ്പുകളിൽ കളിച്ചിട്ടുള്ള നോർവെ ആദ്യത്തെ തവണയും പിന്നീട് 98ലും പ്രീ ക്വാർട്ടർ വരെയെത്തിയിരുന്നു. എന്നാൽ സാക്ഷാൽ ബ്രസീലിനെ 2-1ന് വീഴ്ത്തി 2026ൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ചരിത്രം സൃഷ്ടിക്കാൻ അവർക്കായി. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡ് നയിക്കുന്ന നോർവെ ടീമിൻ്റെ വജ്രായുധം എർലിങ് ഹാലണ്ട് എന്ന ഗോൾമെഷീനാണ്. നോർവെയുടെ സുവർണകാല ടീമാണ് ഇതെന്ന് ഇവരെ നിസ്സംശയം വിശേഷിപ്പിക്കാം.