കപ്പടിക്കാൻ ഫ്രാൻസിനെ കണ്ട് പഠിക്കാം; ദെഷാംപ്സ് തീർക്കുന്ന 'ഫ്രഞ്ച് വിസ്മയം'

ബഹുരാഷ്ട്ര ടൂർണമെൻ്റുകളിൽ എങ്ങനെ കളിക്കണമെന്നത് ഫ്രാൻസിനെ കണ്ട് പഠിക്കണം. എത്ര ആധികാരികമായാണ് അവർ ഓരോ മത്സരങ്ങളും വിജയിച്ച് മുന്നേറുന്നത്.
france vs morocco world cup 2026
Published on
Updated on

ബ്രസീലിനേയും പോർച്ചുഗലിനേയും പോലുള്ള ടീമുകൾ സമീപകാല ലോകകപ്പുകളിൽ ക്വാർട്ടറിനപ്പുറം കടക്കാനാകാതെ വിറയ്ക്കുമ്പോഴാണ് ദിദിയർ ദെഷാംപ്സിൻ്റെ കുട്ടികൾ അവിടെ വിസ്മയം തീർക്കുന്നത്. കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബലെയും തിളക്കമേറ്റുന്ന ഫ്രഞ്ച് പട, അവസാനം നടന്ന മൂന്ന് ലോകകപ്പുകളിലും സെമിയിൽ കടന്ന് കരുത്ത് കാട്ടുകയാണ്. ബഹുരാഷ്ട്ര ടൂർണമെൻ്റുകളിൽ എങ്ങനെ കളിക്കണമെന്നത് ഫ്രാൻസിനെ കണ്ട് പഠിക്കണം. എത്ര ആധികാരികമായാണ് അവർ ഓരോ മത്സരങ്ങളും വിജയിച്ച് മുന്നേറുന്നത്. മുഴുവൻ ടീമംഗങ്ങളുടേയും അച്ചടക്കത്തോടെയുള്ള കൂട്ടായ പരിശ്രമങ്ങളും... സീനിയർ താരങ്ങളുടെ പരിചയസമ്പത്തും ചേരുന്നതാണ് ഫ്രഞ്ച് ആക്രമണനിര.

പ്രതീക്ഷിച്ച പോലെ തന്നെ കടുത്ത പോരാട്ടമാണ് മൊറോക്കോ vs ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ കാണാനായത്. എന്നാൽ ഫ്രഞ്ച് പടയ്ക്ക് കൃത്യമായി ആധിപത്യം പുലർത്താൻ കഴിഞ്ഞിരുന്നു. രണ്ടാം പകുതിയിൽ എംബാപ്പെയും ഡെംബെലെയും നേടിയ ഗോളുകളുടെ കരുത്തിലാണ് ഫ്രാൻസ് മൊറോക്കോയെ നിലംപരിശാക്കിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ ആധിപത്യം പുലർത്തിയിരുന്നെങ്കിൽ മത്സരം വളരെ നേരത്തെ തീരുമാനമായേനെ എന്ന് ദെഷാംപ്സ് സമ്മതിക്കുന്നു. ആദ്യ പകുതിയിൽ എംബാപ്പെ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു.

മൊറോക്കോയുടെ കാവൽ മാലാഖ യാസിൻ ബോനോയുടെ വിസ്മയ സേവുകളും ക്രോസ് ബാറും പലപ്പോഴും മൊറോക്കോയുടെ രക്ഷയ്ക്കെത്തി. ആദ്യപകുതിയിൽ ഫ്രാൻസിൻ്റെ തുടരൻ ആക്രമണങ്ങൾ മോറോക്കൻ ഗോളിയെ നിരന്തരം പരീക്ഷിച്ചു. ഒപ്പം മൊറോക്കോ പ്രതിരോധത്തിലേക്ക് ഉൾവലിയാനും ആരംഭിച്ചു. ഈ ടൂർണമെൻ്റിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര തങ്ങളുടേതാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന പ്രകടനമാണ് ഫ്രാൻസ് നടത്തിയത്.

france vs morocco world cup 2026
ഖത്തര്‍ തനിയാവര്‍ത്തനം; ഫ്രാൻസ് സെമിയില്‍; ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസിയെ മറികടന്ന് എംബപ്പെ

ഖത്തർ ലോകകപ്പിലെ തനിയാവർത്തനം പോലെയായിരുന്നു ഫ്രാന്‍സ്-മൊറോക്കോ പോരാട്ടം. ഖത്തറിൽ സെമിയിലായിരുന്നു ഫ്രാന്‍സ് മൊറോക്കോയെ മറികടന്നത്. ഇക്കുറി ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് സെമി ഫൈനല്‍ യോഗ്യത നേടിയത്. ഇസ്മായിൽ സായിബാരിയില്ലാത്ത മൊറോക്കോ മുന്നേറ്റത്തിന് ഫ്രഞ്ച് പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാനായില്ല. അപരാജിതരായി 34 മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മൊറോക്കോ തോൽവി വഴങ്ങുന്നത്.

മൂന്നാമതും സെമി ഫൈനൽ കളിക്കാനാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് ഫ്രാൻസിൻ്റെ മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്സ് പറയുന്നത്. "ആദ്യ പകുതിയിൽ ഒരു പെനാൽറ്റി ഉൾപ്പെടെ മൂന്ന് ഉറച്ച ഗോളവസരങ്ങളാണ് നഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നെ ആദ്യപകുതിയിൽ ഞങ്ങൾ മികച്ച ഫോമിൽ ആയിരുന്നില്ല. എന്നാലും എതിരാളികൾക്ക് ഗ്രൗണ്ടിൽ ഓടിക്കളിക്കേണ്ടി വന്നതോടെ അവർ ക്ഷീണിതരായി. ഇത് ഗ്രൗണ്ടിൽ കൂടുതൽ സ്പേസ് തുറന്നുതന്നു. കൂടാതെ മൊറോക്കൻ മുന്നേറ്റങ്ങളെ കൃത്യമായി ചെറുക്കാനായതും ഞങ്ങളുടെ തുടർന്നുള്ള പ്രകടനത്തെ മെച്ചപ്പെടുത്തി. അങ്ങനെ ഞങ്ങൾ പ്രതീക്ഷിച്ച പോലെ തന്നെ സെമിയിലെത്തി," ദെഷാംപ്സ് മാച്ചിനെ വിലയിരുത്തി.

france vs morocco world cup 2026
THE FINAL WHISTLE | അർജൻ്റീനയ്ക്ക് വേണ്ടി ഫുട്ബോളിൻ്റെ മാന്യത മറന്ന് ഫിഫ

എംബാപ്പെയുടെ പെനാൽറ്റി മിസ്സിലേക്ക് റഫറൽ തീരുമാനങ്ങളുടെ കാലതാമസത്തെ ദെഷാംപ്സ് വിമർശിക്കുന്നുണ്ട്. "എംബാപ്പെയ്ക്ക് ഈ കാലതാമസം ചില ടെൻഷനുകൾ സമ്മാനിച്ചിരിക്കാം. അപ്പോൾ വാർ റിവ്യൂവും ഫൗൾ റിവ്യൂവും ഒന്നിച്ചാണ് പരിശോധിച്ചിരുന്നത്. കിലിയൻ കിക്കെടുക്കാൻ തയ്യാറായിരുന്നു. കാലതാമസം അന്തരീക്ഷത്തിൽ ചില ആത്മസംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ എംബാപ്പെയുടെ പെനാൽറ്റി മിസ്സിൽ ഞാൻ കൂടുതൽ ഒഴിവുകഴിവുകൾ പറയാനില്ല. എന്നാൽ അത് സുഖകരമായ സാഹചര്യമല്ലായിരുന്നു," ദെഷാംപ്സ് പറഞ്ഞു നിർത്തി.

അതേസമയം, മൊറോക്കോ ടീമിനെ കുറിച്ചും ഫ്രഞ്ച് കോച്ചിന് നല്ല അഭിപ്രായമാണുള്ളത്. മുഹമ്മദ് ഒഹാബിയുടെ സ്റ്റാർട്ടിംഗ് ലൈനപ്പും സ്വാഭാവിക ഫോർവേഡുകളുടെ അഭാവവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഫ്രഞ്ച് കോച്ച് സമ്മതിച്ചു. "ഞങ്ങളുടേത് പോലെ തന്നെ മൊറോക്കോയിലും മികച്ച ക്വാളിറ്റിയുള്ല താരങ്ങളുണ്ട്. അവരുടെ പ്ലേയിങ് ഇലവൻ കണ്ട് ഞാൻ അമ്പരന്ന് പോയി. എന്തുകൊണ്ടാകും അവരങ്ങനെ ചെയ്തെന്ന് എനിക്ക് മനസിലായില്ല. പക്ഷേ മൊറോക്കൻ ടീമിൽ ധാരാളം ഫ്രഞ്ച് കളിക്കാരുണ്ട്. അവർക്ക് ഒരു പ്രതിഭാധനരായ മികച്ചൊരു യുവനിരയുണ്ട്. ഹക്കിമി ഒഴികെ ടീമിലെ വളരെ കുറച്ചുപേർക്ക് മാത്രമേ 15ൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അവർക്ക് ശോഭനമായ ഭാവിയുണ്ടെന്നാണ് അത് കാണിക്കുന്നത്," ദെഷാംപ്സ് വിലയിരുത്തി.

france vs morocco world cup 2026
സ്പെയിനോ ബെല്‍ജിയമോ? ആരാകും ഫ്രാന്‍സിന്റെ എതിരാളികള്‍

2018ൽ തനിക്ക് കീഴിൽ ഫ്രഞ്ച് ടീമിൻ്റെ ലോകകപ്പ് സെമി പ്രവേശനവും 2026ലെ സെമി പ്രവേശനവും തമ്മിലുള്ളൊരു വ്യത്യാസം കൂടി ദെഷാംപ്സ് മത്സര ശേഷം ചൂണ്ടിക്കാട്ടി. "ഒരു ടൂർണമെൻ്റിൽ എങ്ങനെ മുന്നേറാമെന്ന്.. ഈ ഫ്രഞ്ച് ടീമിന് നല്ല ബോധ്യമുണ്ട്. ഓരോ മാച്ചിന് ശേഷവും എങ്ങനെ റിക്കവറി നടത്തണമെന്നും താരങ്ങൾക്കറിയാം. കൂടാതെ സൈഡ് ബെഞ്ചിലിരിക്കുന്ന താരങ്ങളെ പോലും ഇമോഷണലി ഇൻവെസ്റ്റഡായിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്," ദെഷാംപ്സ് വ്യക്തമാക്കി.

2018ലെ സെമി ഫൈനലും വരാനിരിക്കുന്ന 2026ലെ സെമി ഫൈനലും തമ്മിലുള്ള പ്രധാന വ്യത്യാസം പരിചയസമ്പത്ത് തന്നെയാണ്. നിത്യജീവിതവും ജോലിയും തമ്മിലുള്ള വ്യത്യാസം ഞങ്ങൾക്കറിയാം. സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പഴയ പോലെ തന്നെ കളിക്കാനാകില്ല. ഇപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഞങ്ങൾക്ക് വ്യക്തതയുണ്ട്. പ്ലേയിങ് ഇലവനിൽ ഉണ്ടായാലും ഇല്ലെങ്കിലും ഈ സംഘത്തിലുള്ളവർക്ക് കൃത്യമായൊരു മെൻ്റാലിറ്റി ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,"ദെഷാംപ്സ് ചൂണ്ടിക്കാട്ടി. ഡിസിറെ ഡൗ, ബ്രാഡ്‌ലി ബാർകോള തുടങ്ങിയ യുവതാരങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. പരിമിതമായ റോളുകൾ മാത്രമാണ് ഇവർ നിർവഹിക്കുന്നതെങ്കിലും മൊത്തം ടീമിനും ഇവർ നൽകുന്ന പിന്തുണയും സംഭാവനയും മഹത്തരമാണെന്നും ഫ്രാൻസിൻ്റെ ചാംപ്യൻ കോച്ച് പ്രശംസിച്ചു.

france vs morocco world cup 2026
THE FINAL WHISTLE | ആഫ്രിക്കയുടെ അഭിമാനം! വിശ്വവേദിയിൽ ഗർജ്ജനം തുടർന്ന് അറ്റ്ലസ് ലയൺസ്

ഫ്രഞ്ച് ഗോൾ മെഷീനുകളായ എംബാപ്പെയേയും ഉസ്മാൻ ഡെംബലെയേയും മിഡ് ഫീൽഡർ മൈക്കൽ ഒലിസെയേയും എങ്ങനെ പ്രശംസിക്കാതിരിക്കും. ടൂർണമെൻ്റിലെ എട്ടാം ഗോളുമായി,, ലോകകപ്പ് ഗോളുകളുടെ കൂമ്പാരം ഇരുപതിലേക്ക് ഉയർത്താനും കിലിയൻ എംബാപ്പെയ്ക്ക് സാധിച്ചു. സമാനതകളില്ലാത്ത ഗോൾവർഷമാണ് അയാൾ കഴിഞ്ഞ മൂന്ന് ലോകകപ്പ് പതിപ്പുകളിലായി നടത്തുന്നത്. മെസ്സിയുടെ 21 ലോകകപ്പ് ഗോളുകളെന്ന റെക്കോർഡിന് തൊട്ടടുത്തെത്താനും ഫ്രഞ്ച് നായകനായി. സ്പെയിൻ-ബെൽജിയം മത്സര വിജയികളാകും സെമിയിൽ ഫ്രാൻസിൻ്റെ എതിരാളി.

News Malayalam 24x7
newsmalayalam.com