ന്യൂയോർക്ക്: ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ന് ആദ്യം കളത്തിലെത്തുന്നത് അഷ്റഫ് ഹക്കീമിയുടെ മോറോക്കോയാണ്. എതിരാളികൾ ആതിഥേയരായ കാനഡയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ എതിരാളികളെ വിറപ്പിച്ചാണ് ഇരു ടീമുകളും നോക്കൗട്ടിലെത്തിയത്. റൗണ്ട് ഓഫ് 32ൽ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ആത്മവിശ്വാസത്തിൻ്റെ കൊടുമുടിയിലാണ് മൊറോക്കോ. ആഫ്രിക്കൻ ഫുട്ബോളിൻ്റെ കരുത്ത് വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കാനാണ് ഹക്കീമിയും സംഘവും ഒരുങ്ങുന്നത്.
മറുവശത്ത് ചരിത്രം കുറിക്കാനാണ് കാനഡയുടെ ശ്രമം. കഴിഞ്ഞ റൗണ്ടിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് മുന്നേറിയ ആതിഥേയർ ഇപ്പോൾ സ്വപ്നം കാണുന്നത് ക്വാർട്ടർ ഫൈനലാണ്. വേഗതയും ആക്രമണ ഫുട്ബോളും ആയുധമാക്കി മൊറോക്കോയെ വീഴ്ത്താനാകും കാനഡയുടെ ശ്രമം.
മറ്റൊരു മത്സരത്തിൽ ലോകകപ്പ് കിരീട സ്വപ്നവുമായി മുന്നേറുന്ന കിലിയൻ എംബാപ്പെയുടെ ഫ്രാൻസിന് ലാറ്റിനമേരിക്കൻ ശക്തികളായ പരാഗ്വെയാണ് എതിരാളികൾ. എംബാപ്പെ, ഉസ്മാൻ ഡെംബലെ, ഒലീസെ എന്നിവരുടെ മിന്നും ഫോം എതിരാളികൾക്ക് വലിയ തലവേദനയാണ്. നാല് മത്സരങ്ങളിൽ 13 ഗോൾ നേടിയ ഫ്രഞ്ച് ആക്രമണനിര ടൂർണമെൻ്റിലെ ഏറ്റവും അപകടകാരികളാണ്.
എന്നാൽ പരാഗ്വെ അത്ര നിസാരക്കാരല്ല. നോക്കൗട്ടിൽ മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ച കരുത്തുണ്ട് പരാഗ്വെയ്‌ക്ക്. ഫ്രാൻസിൻ്റെ ആക്രമണങ്ങളെ തടഞ്ഞുനിർത്തി അവസരം കിട്ടുമ്പോൾ തിരിച്ചടിക്കാനാകും ലാറ്റിനമേരിക്കൻ ടീമിൻ്റെ ലക്ഷ്യം. ഇരു ടീമുകൾക്കും തമ്മിൽ ഒരു ചരിത്രക്കണക്കും ബാക്കിയുണ്ട്. 1998 ലോകകപ്പിലെ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് പരാജയപ്പെട്ട പരാഗ്വെ, 28 വർഷങ്ങൾക്ക് ശേഷം അതിന് പ്രതികാരം ചെയ്യാനുള്ള അവസരമാണിത്.
ക്വാർട്ടറിലേക്ക് ആരാകും എത്തുക? പരാഗ്വെ ഫ്രാൻസിനെ അട്ടിമറിക്കുമോ? അല്ലെങ്കിൽ പരാഗ്വെയുടെ മേൽ ആധിപത്യം ഫ്രഞ്ച് പട തുടരുമോ? മൊറോക്കോയെ തകർത്ത് കാനഡ ചരിത്രം കുറിക്കുമോ? ശനിയാഴ്ച രാത്രി മുതൽ ഇനി എല്ലാ കണ്ണുകളും പ്രീ ക്വാർട്ടർ പോരാട്ടങ്ങളിലേക്കാണ്.
ജൂലൈ 4 കാനഡ vs മൊറോക്കോ, 10.30 pm
ജൂലൈ 5 പരാഗ്വേ vs ഫ്രാന്‍സ്, 2.30 am
ജൂലൈ 6 ബ്രസീല്‍ vs നോര്‍വെ, 1.30 am
ജൂലൈ 6 മെക്സിക്കോ vs ഇംഗ്ലണ്ട്, 5.30 am
ജൂലൈ 7 പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍, 12.30 am
ജൂലൈ 7 അമേരിക്ക vs ബെല്‍ജിയം, 5.30 am
ജൂലൈ 7 അര്‍ജൻ്റീന vs ഈജിപ്ത്, 9.30 pm
ജൂലൈ 8 സ്വറ്റ്‌സര്‍ലൻ്റ് vs കൊളംബിയ, 1.30 am
കാനഡ, മൊറോക്കോ, പരാഗ്വെ, ഫ്രാന്‍സ്, ബ്രസീല്‍, നോര്‍വേ, മെക്സിക്കോ, ഇംഗ്ലണ്ട്, യുഎസ്എ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ഈജിപ്ത്, അര്‍ജൻ്റീന, കൊളംബിയ