സാങ്കേതികവിദ്യയുടെ കരുത്തില്‍ കളി നിയമങ്ങള്‍ മാറ്റിമറിക്കാന്‍ പോന്ന പുത്തന്‍ വിപ്ലവവുമായാണ് ഇത്തവണ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്തുന്നത്. മനുഷ്യസഹജമായ പിഴവുകള്‍ക്ക് ഇനി ഗ്രൗണ്ടില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അഡിഡാസ് രൂപകല്‍പ്പന ചെയ്ത അത്യാധുനിക പന്ത് 'ട്രയോണ്ട' കളിമുറ്റത്തേക്ക് ഉരുണ്ടുതുടങ്ങുകയാണ്. ഫുട്‌ബോള്‍ ചരിത്രത്തെത്തന്നെ മാറ്റിമറിക്കാന്‍ പോകുന്ന സ്മാര്‍ട്ട് പന്തിനെക്കുറിച്ചറിയാം.
മൈതാനങ്ങളില്‍ അത്ഭുതങ്ങള്‍ കാട്ടുന്ന കാല്‍പന്ത് താരങ്ങളുടെ കാലുകളിലേക്ക് ഇത്തവണ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയാണ് അഡിഡാസ് എത്തിച്ചിരിക്കുന്നത്. 'ട്രയോണ്ട' കഴിഞ്ഞ 2022 ലോകകപ്പില്‍ ആദ്യമായി പന്തുകളില്‍ മോഷന്‍ സെന്‍സറുകള്‍ ഘടിപ്പിച്ച് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചവര്‍, ഇത്തവണ അതിനേക്കാള്‍ കരുത്തുറ്റതും കൃത്യതയാര്‍ന്നതുമായ അഗ്രഗണ്യനെയാണ് മൈതാനത്തിറക്കുന്നത്.
സാങ്കേതികമായി ഇതൊരു പന്ത് മാത്രമല്ല, മൈതാനത്തെ ഓരോ ചലനവും തത്സമയം ഒപ്പിയെടുക്കുന്ന ഒരു ട്രാക്കിംഗ് ഡിവൈസ് തന്നെയാണ്. റിയല്‍ ടൈം ലൊക്കേഷന്‍ ട്രാക്കിങ്ങ് സ്‌പെഷ്യലിസ്റ്റുകളായ ജര്‍മന്‍ കമ്പനി കൈനെക്‌സണുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത അത്യാധുനികമായ 500 ഹേര്‍ട്‌സ് ഇന്റേണല്‍ മോഷന്‍ സെന്‍സറാണ് ഇത്തവണ പന്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്നത്.
മൈതാനത്തിന് ചുറ്റുമുള്ള 12 അത്യാധുനിക ട്രാക്കിംഗ് ക്യാമറകളുമായി കണക്റ്റഡായ പന്ത് ഓരോ സെക്കന്റിലും 500 സിഗ്‌നലുകളാണ് ട്രാക്കിങ് സിസ്റ്റത്തിലേക്ക് കൈമാറുക. വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിലേക്ക് ഫീഡ് ചെയ്യുന്ന പന്തിന്റെ സ്ഥാനം, വേഗത, ദിശ, കളിക്കാരുടെ ചലനമടക്കം ഡേറ്റയാകും.. സെന്‍സര്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്ന സിഗ്‌നലുകളുമായി സിങ്ക് ചെയ്ത് പ്രവര്‍ത്തിക്കുന്നതിനാല്‍, ഓഫ്സൈഡ് തീരുമാനങ്ങളും ഹാന്‍ഡ് ടച് അപ്പീലുകളുമൊക്കെ ഇത്തവണ വാര്‍ സിസ്റ്റം കിറു കൃത്യമായി കണ്ടുപിടിക്കും. 'കണക്ടഡ് ബോള്‍ ടെക്‌നോളജി' എന്നാണ് ഇതിന് ഫിഫ നല്‍കിയിരിക്കുന്ന പേര്.
പന്തിന്റെ മധ്യഭാഗത്ത് വെറും 14 ഗ്രാം മാത്രം ഭാരമുള്ള ഈ മിനി സെന്‍സര്‍ എത്ര ശക്തമായ ഷൂട്ടും താങ്ങും. സ്മാര്‍ട്ട് ഫോണും സ്മാര്‍ട്ട് വാച്ചുമൊക്കെ ചാര്‍ജ്ജ് ചെയ്യുന്നത് പോലെ തന്നെ ട്രയോണ്ടയും മത്സരങ്ങള്‍ക്ക് മുന്‍പ് പ്രത്യേക ഡോക്കുകളില്‍ വെച്ച് ചാര്‍ജ്ജ് ചെയ്യും. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ആറ് മണിക്കൂര്‍ വരെ ഈ പന്ത് തടസ്സമില്ലാതെ ഉപയോഗിക്കാനാവും. ഒരു കളിയിലേക്ക് മാത്രം 15 മുതല്‍ 20 പന്തുകള്‍ വരെ ചാര്‍ജ് ചെയ്ത് തയാറാക്കി വയ്ക്കാനാണ് ഫിഫയുടെ തീരുമാനം. TRIONDA എന്ന സ്പാനിഷ് വാക്കിനര്‍ത്ഥം 'Three waves' അഥവാ മൂന്ന് തിരമാലകള്‍ എന്നാണ്. ചരിത്രത്തിലാദ്യമായി മൂന്നു രാജ്യങ്ങള്‍ സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനെ പ്രതിനിധീകരിക്കാനാണ് അഡിഡാസ് ഈ പേര് തെരെഞ്ഞെടുത്തത്.
പന്തിന്റെ ഡിസൈനിലും മൂന്ന് രാജ്യങ്ങളുടെ സാന്നിധ്യമുണ്ട്. ചുവപ്പ്, പച്ച, നീല നിറങ്ങളിലുള്ള പന്തില്‍ ചുവന്ന മേപ്പിള്‍ ഇല കാനഡയെയും, പച്ച ഈഗിള്‍ മെക്‌സിക്കോയെയും, നീല നക്ഷത്രം യുഎസിനെയും പ്രതിനിധീകരിക്കുന്നു. കേവലം നാലേ നാല് പോളിയൂറഥീന്‍ പാനലുകള്‍ തെര്‍മല്‍ ബോണ്ടിങ് ചെയ്ത് യോജിപ്പിച്ചാണ് ട്രയോണ്ട നിര്‍മിച്ചിരിക്കുന്നത്. ലോകകപ്പ് പന്തുകളില്‍ പാനലുകളുടെ എണ്ണം ഏറ്റവും കുറവുള്ളതും ട്രയോണ്ടയ്ക്കാണ്. സാങ്കേതികവിദ്യയുടെ ഈ അത്യപൂര്‍വ്വ സങ്കലനം ഫുട്‌ബോള്‍ ലോകത്തെ എങ്ങോട്ടേക്കാണ് നയിക്കുക? മനുഷ്യസഹജമായ പിഴവുകള്‍ കാരണം ഭാഗ്യനിര്‍ഭാഗ്യങ്ങളും മത്സരഫലങ്ങളും മാറിമറിയുന്ന പഴയ കാലത്തിന് ട്രയോണ്ട പൂര്‍ണ്ണവിരാമമിടുമോ? പുതിയ സാങ്കേതികവിദ്യയെ കളിക്കളവും ആരാധകരും എങ്ങനെ നെഞ്ചിലേറ്റും? നമുക്ക് കാത്തിരുന്ന് കാണാം.