World Cup 2026

'ഡായ് ഡായ്‌'ക്കൊപ്പം ഷാക്കിറ ചുവടുവച്ചു; ലോകകപ്പ് നാളുകൾക്ക് അസ്റ്റെക്കയിൽ ശുഭാരംഭം!

48 ടീമുകൾ ... 104 വീറുറ്റ മത്സരങ്ങൾ.... ഇനിയങ്ങോട്ടേക്ക് ലോകകപ്പ് ആരവം ഉച്ചസ്ഥായിയിൽ മുഴങ്ങിക്കേൾക്കാം.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

മെക്സിക്കോ സിറ്റി: ഷാക്കിറ ചുവടുവച്ചാൽ അതിനർഥം ലോകകപ്പ് കാലം വരവായെന്നാണ്... അതെ വിശ്വമാമാങ്കത്തിൻ്റെ വരവറിയിച്ച് അസ്റ്റെക്ക സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ കാണികളെ ആവേശത്തിലാറാടിച്ച് ഷക്കീറ മറ്റൊരു ലോകകപ്പ് നാളുകൾക്ക് കൂടി സ്വാഗതമോതി...

കായിക ലോകത്ത് ഏറ്റവും വലിയ മാമാങ്കമായ ഒളിംപിക്സിനെ പോലും പിന്നിലാക്കുന്ന താരപ്പൊലിമയുമായി യുഎസും കാനഡയും മെക്സിക്കോയും ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് വർണാഭമായ തുടക്കം. മൂന്ന് രാജ്യങ്ങളിലായി നടന്ന ഉദ്ഘാടന ചടങ്ങ് തന്നെയായിരുന്നു ആദ്യ ദിനത്തെ ആവേശഭരിതമാക്കിയത്.

മൂന്ന് പ്രദേശങ്ങളുടേയും സാംസ്കാരിക തനിമകളും പരമ്പരാഗത നൃത്തരൂപങ്ങളുമൊക്കെയായി തുടങ്ങിയ ഉദ്ഘാടന ചടങ്ങിലേക്ക് ലോകപ്രശസ്തരായ നിരവധി ഗായകരും നർത്തകരും കൂടി ചേർന്നതോടെ ഉദ്ഘാടനച്ചടങ് പൊടിപൊടിച്ചു. മെക്സിക്കോ സിറ്റിക്ക് നടുവിലെ ചരിത്രപ്രസിദ്ധമായ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് തന്നെയായിരുന്നു ഏവരുടേയും ശ്രദ്ധയാകർഷിച്ചത്.

കനേഡിയന്‍ സംഗീത വിസ്മയം ജെ. ബാല്‍വിനേയും ദക്ഷിണാഫ്രിക്കന്‍ ഗായിക ടൈലയേയും കൂടാതെ ഡാനി ഓഷ്യൻ, ബെലിൻഡ, ലില ഡൗൺസ് എന്നിവരൊക്കെ വിസ്മയ പ്രകടനങ്ങളാൽ അസ്റ്റെക്കെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഫുട്ബോൾ ആരാധകരെ ആവേശത്തിലാറാടിച്ചു. ഏറ്റവുമൊടുവിലായാണ് ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഗാനം ആലപിക്കാൻ കൊളംബിയന്‍ പോപ്പ് റാണി ഷക്കീറയും നൈജീരിയന്‍ ഗായകൻ ബേര്‍ണ ബോയിയും വേദിയിലെത്തിയത്.

തൂവെള്ളയിൽ മഞ്ഞയും കറുപ്പും ബാൻഡുകളുള്ള വേഷമണിഞ്ഞെത്തിയ നർത്തകർക്കൊപ്പം ഷാക്കിറയുടെ മുഖം ബിഗ് സ്ക്രീനിൽ തെളിഞ്ഞതോടെ തിങ്ങിനിറഞ്ഞ സ്റ്റേഡിയം ആവേശത്താൽ പൊട്ടിത്തെറിച്ചു. ഇളം മഞ്ഞയും ബേബി പിങ്ക് നിറത്തിലുമുള്ള വേഷമണിഞ്ഞ് അൽപ്പം ഹോട്ട് ലുക്കിലാണ് ഷാക്കിറ ലോകകപ്പ് ഉദ്ഘാടന ചടങ്ങിലെത്തിയത്. പതിവ് പോലെയുള്ള ഗ്രേസ്ഫുൾ ഡാൻസ് മൂവുകളും വശ്യമായ സംഗീതത്തോടെയും അവർ ലോകകപ്പ് വേദിയെ കയ്യിലെടുത്തു. ഡെനിം ബ്ലൂ നിറത്തിലുള്ള ഷർട്ടും പാൻ്റ്സുമണിഞ്ഞ് ബേർണ ബോയിയും കൂടി ഷാക്കിറയ്ക്കൊപ്പം ചേർന്നതോടെ രംഗം കൊഴുത്തു. ഇതിനോടകം വൈറലായിക്കഴിഞ്ഞ ഇരുവരുടേയും 'ഡായ് ഡായ്' എന്ന ഹിറ്റ് ലോകകപ്പ് ഗാനത്തിനൊപ്പം കണ്ടുനിന്നവരും ആടിയും പാടിയും മതിമറന്നാഘോഷിച്ചു....

അതെ ഇനിയുള്ള 39 ദിനരാത്രങ്ങൾ ഈ ലോകം ഒരു പന്തിന് ചുറ്റും പായാനൊരുങ്ങുകയാണ്... 48 ടീമുകൾ ... 104 വീറുറ്റ മത്സരങ്ങൾ.... ഇനിയങ്ങോട്ടേക്ക് ലോകകപ്പ് ആരവം ഉച്ചസ്ഥായിയിൽ മുഴങ്ങിക്കേൾക്കാം... ഇന്ത്യൻ സമയം ജൂൺ 12ന് പുലർച്ചെ 12.30ന് തുടങ്ങുന്ന ആദ്യ റൗണ്ട് പോരാട്ടങ്ങൾ ജൂൺ 28നാണ് അവസാനിക്കുക.

48 ടീമുകൾ ... 104 വീറുറ്റ മത്സരങ്ങൾ

48 ടീമുകൾ ... 104 വീറുറ്റ മത്സരങ്ങൾ.... ഇനിയങ്ങോട്ടേക്ക് ലോകകപ്പ് ആരവം ഉച്ചസ്ഥായിയിൽ മുഴങ്ങിക്കേൾക്കാം... ഈ ലോകകപ്പ് കാലത്ത് നിങ്ങളോടൊപ്പം എന്നും കൂടെയുണ്ടാകും ന്യൂസ് മലയാളത്തിൻ്റെ ഗോളാവേശം... കട്ടയ്ക്ക് കൂടെ നിൽക്കണേ... ജൂൺ 11ന് അർധരാത്രി തുടങ്ങുന്ന ആദ്യ റൗണ്ട് പോരാട്ടങ്ങൾ ജൂൺ 28നാണ് അവസാനിക്കുക.

പിന്നീട് ജൂൺ 29 മുതൽ ജൂലൈ നാല് വരെയുള്ള ഒരാഴ്ചക്കാലം... ലോകത്തെ ഏറ്റവും മികച്ച 32 ടീമുകൾ പരസ്പരം കൊമ്പുകോർക്കുന്ന ആദ്യ നോക്കൗട്ട് സ്റ്റേജ് മത്സരവും പിന്നീട് അരങ്ങേറും. 12 ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും.. ഒപ്പം ആദ്യ റൗണ്ടിൽ മികവ് പുലർത്തിയ മറ്റു എട്ട് മൂന്നാം സ്ഥാനക്കാർ കൂടി ചേരുമ്പോഴാണ് രണ്ടാം റൗണ്ടിലേക്കുള്ള 32 ടീമുകളെ നമുക്ക് ലഭിക്കുക.

ജൂലൈ 4ന് ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് 16 ടീമുകൾ പോരടിക്കുന്ന പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക. ക്വാർട്ടർ പോരാട്ടങ്ങൾ ജൂലൈ 10ന് പുലർച്ചെ 1.30ന് ആരംഭിക്കും. ജൂലൈ 15, 16 തീയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ... രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ജൂലൈ 19നാണ് ലോകം കാത്തിരിക്കുന്ന കിരീട പോരാട്ടം നടക്കുക. ഈസ്റ്റ് റുഥർ ഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടം പുലർച്ചെ 2.30നാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വീക്ഷിക്കാനാകുക.

SCROLL FOR NEXT