World Cup 2026

അനിയത്തിയുടെ അകാല മരണം; കണ്ണീരിനെ കരുത്താക്കി പന്തു തട്ടാനിറങ്ങുന്ന ഐവറി കോസ്റ്റിന്റെ യാന്‍ ഡിയോമണ്‍ഡെ

കളിക്കളം മാത്രമാണ് ഇപ്പോള്‍ അവന് ശാന്തി നല്‍കുന്ന ഏക ഇടം.

Author : കിലാഫ് അഹമ്മദ്

കണ്ണീരോര്‍മകളെ കാല്‍പ്പന്തിന്റെ കരുത്താക്കി മാറ്റി ലോകകപ്പ് വേദിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് ഐവറി കോസ്റ്റിന്റെ പത്തൊന്‍പതുകാരന്‍ യാന്‍ ഡിയോമണ്‍ഡെ. ഒരു വര്‍ഷം മുന്‍പ് സഹോദരിയെ നഷ്ടമായ സങ്കടക്കടല്‍ നീന്തിക്കയറി ജര്‍മനിക്കെതിരെ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്ന കൗമാരക്കാരന്റെ അതിജീവനത്തിന്റെ കഥ...

കളിക്കളം മാത്രമാണ് ഇപ്പോള്‍ അവന് ശാന്തി നല്‍കുന്ന ഏക ഇടം. കുഞ്ഞനുജത്തിയെ നഷ്ടമായ വേദനയില്‍ തകര്‍ന്നുപോയ മനസ്സിനെ തിരിച്ചുപിടിക്കാനുള്ള മാര്‍ഗം. യാന്‍ ഡിയോമണ്‍ഡെയ്ക്ക് ഫുട്‌ബോള്‍ അതിജീവനമാണ്.

ഒരു പാര്‍ട്ടിയില്‍ വെച്ച് അപരിചിതന്‍ നല്‍കിയ വിഷം ഉള്ളില്‍ച്ചെന്നാണ് യാനിന്റെ സഹോദരി മരിക്കുന്നത്. 15 വയസ്സായിരുന്നു റൊക്‌സാനെയുടെ പ്രായം. ആ ഓര്‍മകളില്‍ വിതുമ്പിയാണ് പത്തൊന്‍പതുകാരന്‍ ഐവറികോസ്റ്റിനായി പന്ത് തട്ടുന്നത്.

ആര്‍ബി ലെയ്പ്‌സിഗിനായി നടത്തിയ അത്ഭുതപ്രകടനമാണ് സൂപ്പര്‍ വിങ്ങറെ കൗമാരപ്രായത്തില്‍ തന്നെ രാജ്യത്തിന്റെ ജേഴ്‌സിയിലെത്തിച്ചത്. ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ യാന്‍ മികച്ച താരവുമായി.

രണ്ടാം മത്സരത്തില്‍ ടൊറന്റോയില്‍ ജര്‍മ്മനിയെ നേരിടാന്‍ ഇറങ്ങുമ്പോള്‍, അത് വെറുമൊരു മത്സരമല്ല. അനിയത്തിക്ക് നല്‍കിയ വാക്ക് പാലിച്ച ഒരു ജ്യേഷ്ഠന്റെ ജീവന്‍മരണ പോരാട്ടം കൂടിയാണ്. ജയിച്ചാല്‍ ചരിത്രത്തിലാദ്യമായി ഐവറി കോസ്റ്റിന് ലോകകപ്പിന്റെ നോക്കൗട്ടിലെത്താം.

തന്റെ നോവുന്ന ഓര്‍മകള്‍ കഴിഞ്ഞ ദിവസം പ്ലേയേഴ്‌സ് ട്രിബ്യൂണ്‍ വെബ്സൈറ്റിലൂടെ യാന്‍ ലോകത്തോട് പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ട റൊക്‌സാനെ, കളിസ്ഥലം മാത്രമാണ് എനിക്കിപ്പോള്‍ വീട്. അവിടെ എനിക്ക് സമാധാനം തോന്നുന്നു, നിന്നോട് സംസാരിക്കാന്‍ കഴിയുന്നു. നമ്മള്‍ അത് സാധിച്ചെടുത്തു എന്ന് നിന്നോട് നേരിട്ട് പറയാന്‍ നീ കൂടെയുണ്ടായിരുന്നെങ്കില്‍. എന്ന് യാന്‍ കുറിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണ് നിറഞ്ഞു.

മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബുകളായ ഷാര്‍ലറ്റ് എഫ്സിയിലും കൊളറാഡോ റാപ്പിഡ്‌സിലും ട്രയല്‍സില്‍ പങ്കെടുത്തിട്ടും കരാര്‍ ലഭിക്കാതെ യുഎസ് വിടേണ്ടി വന്ന യാന്‍ ഡിയോമണ്‍ഡെയുടെ കഥ കഠിനമായ പ്രതിസന്ധികളുടേതാണ്.

അവിടെ നിന്ന് യൂറോപ്പിലെത്തിയ യാന്‍, സ്പാനിഷ് ക്ലബ്ബ് ലെഗാനസിലൂടെ വളര്‍ന്ന് ജര്‍മ്മന്‍ വമ്പന്മാരായ ആര്‍ബി ലെയ്പ്‌സിഗില്‍ എത്തി. പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് പോലും യാനിന്റെ കളി കണ്ട് അത്ഭുതപ്പെട്ടു. ജര്‍മ്മന്‍ ലീഗിലെ ആദ്യ സീസണില്‍ തന്നെ 12 ഗോളുകളും 8 അസിസ്റ്റുകളുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ലിവര്‍പൂളും പിഎസ്ജിയും 100 മില്യണ്‍ യൂറോ വിലമതിക്കുന്ന താരത്തിനായി ഇപ്പോള്‍ പിന്നാലെയുണ്ട്.

ലെയ്പ്‌സിഗിലെ തന്റെ ക്യാപ്റ്റനും ജര്‍മ്മനിയുടെ ലെഫ്റ്റ് ബാക്കുമായ ഡേവിഡ് റൗമിനെതിരെയാണ് യാന്‍ ലോകകപ്പ് വേദിയില്‍ നേര്‍ക്കുനേര്‍ വരുന്നത്. കളി ജയിച്ച് അനിയത്തിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ മറ്റൊരു ലോകകപ്പ് വിജയം കൂടി സമര്‍പ്പിക്കാനുറച്ചാണ് യാന്‍ ഡയമണ്‍ഡെ ഇറങ്ങുന്നത്. പ്രതിസന്ധികളോട് പോരാടി ജയിച്ച ഐവറി കോസ്റ്റ് സിംഹത്തിന്റെ കളി കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

SCROLL FOR NEXT