World Cup 2026

ഡബിളടിച്ച് ബെല്ലിങ്ഹാം; മെക്സിക്കൻ വേവിനെ സാക്ഷിയാക്കി ക്വാർട്ടറിലേക്ക് മുന്നേറി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ഹാം (36, 38) ഇരട്ട ഗോളുകളുമായി തിളങ്ങി. ഹാരി കെയ്ൻ (60) പെനാൽറ്റിയിലൂടെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.

Author : ന്യൂസ് ഡെസ്ക്

മെക്സിക്കോ സിറ്റി: നോർവെയ്ക്ക് പിന്നാലെ ഫിഫ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഇംഗ്ലണ്ട്. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ നടന്ന പ്രീ ക്വാർട്ടറിൽ ആതിഥേയരായ മെക്സിക്കോയെ 3-2നാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ഹാം (36, 38) ഇരട്ട ഗോളുകളുമായി തിളങ്ങി. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ (60) പെനാൽറ്റിയിലൂടെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. മെക്സിക്കോയ്ക്ക് വേണ്ടി ജൂലിയൻ ക്വിനോനെസ് (42), റൗൾ ജിമിനെസ് (69) എന്നിവർ വല കുലുക്കി.

ആദ്യ പകുതിയിൽ ഇരു ടീമുകളും കട്ടയ്ക്ക് നിന്നാണ് പൊരുതിയത്. ബോൾ പൊസഷനിലും ആക്രമണത്തിലും മെക്സിക്കോയാണ് ഇംഗ്ലണ്ടിനേക്കാൾ മികച്ചു നിന്നതെങ്കിലും കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റിയിടത്താണ് ഇംഗ്ലണ്ട് അർഹിച്ച ജയം സ്വന്തമാക്കിയത്.

ആദ്യ പകുതിയുടെ 36, 38 മിനിറ്റുകളിലായി ബെല്ലിങ്ഹാം മെക്സിക്കോയ്ക്ക് ഇരട്ട ഷോക്ക് സമ്മാനിച്ചു. നാല് മിനിറ്റുകൾക്കകം തന്നെ ക്വിനോനെസിലൂടെ മെക്സിക്കോ ഒരു ഗോൾ മടക്കിയിരുന്നു. തുടർന്നും സമനിലയ്ക്കായി പൊരുതിയെങ്കിലും ഇംഗ്ലണ്ട് ഹാരി കെയ്നിൻ്റെ പെനാൽറ്റി ഗോളിലൂടെ ലീഡ് 3-1 ആയി ഉയർത്തി. പിന്നീട് പ്രതിരോധത്തിലൂന്നിയാണ് ഇംഗ്ലണ്ട് കളിച്ചത്.

69ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ജിമിനെസും വലയിലെത്തിച്ചു. സ്കോർ 3-2. പിന്നീട് ഫൈനൽ വിസിൽ മുഴങ്ങും വരെയും മത്സരം സമനിലയിലാക്കാനുള്ള ആതിഥേയരുടെ ശ്രമം ഫലം കണ്ടില്ല. ഇതിനിടെ 54ാം മിനിറ്റിൽ ഇംഗ്ലണ്ടിൻ്റെ ജാറെൽ ക്വാൻസാഹ് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു.

SCROLL FOR NEXT