World Cup 2026

ക്ലോസെയുടെയും മാർത്തയുടെയും റെക്കോർഡ് ക്ലോസാക്കി; പതിനെട്ടിൻ്റെ ചുറുചുറുക്കിൽ മെസ്സി!

ബ്രസീലിയൻ ഇതിഹാസമായ മാർത്തയുടെ പേരിലുള്ള 17 ലോകകപ്പ് ഗോളുകൾ എന്ന ലോക റെക്കോർഡും മെസ്സി ഈ മത്സരത്തിൽ മറികടന്നു

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറി അർജൻ്റീനൻ നായകൻ ലയണൽ മെസ്സി. മെസ്സിയുടെ കരിയറിലെ ലോകകപ്പ് ഗോളുകളുടെ എണ്ണം നിലവിൽ പതിനെട്ടായി ഉയർന്നിട്ടുണ്ട്. മത്സരത്തിന് മുൻപ് ജർമൻ ഇതിഹാസ മുന്നേറ്റതാരം മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകകപ്പ് ഗോളുകൾ (24 മാച്ചുകളിൽ നിന്ന്) എന്ന റെക്കോർഡിന് ഒപ്പമായിരുന്നു മെസ്സി ഉണ്ടായിരുന്നത്.

വനിതാ ഫുട്ബോളിൽ ബ്രസീലിയൻ ഇതിഹാസമായ മാർത്തയുടെ പേരിലുള്ള 17 ലോകകപ്പ് ഗോളുകൾ എന്ന ലോക റെക്കോർഡും മെസ്സി ഈ മത്സരത്തിൽ മറികടന്നു. 28 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് മെസ്സി 18 ഗോളുകൾ അടിച്ചെടുത്തത്. നിലവിൽ ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങൾ കളിച്ച പുരുഷ ഫുട്ബോളറെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്.

ഫാക്കുണ്ടോ മെദീനയുടെ അസിസ്റ്റിൽ നിന്നാണ് മെസ്സിയുടെ സുന്ദരമായ ആദ്യ ഗോൾ പിറന്നത്. തകർപ്പനൊരു ലെഫ്റ്റ് ഫൂട്ടർ ഷോട്ട് ഓസ്ട്രിയൻ ഗോളി അലക്സാണ്ടർ ഷ്ലാഗറെ മറികടന്ന് പോസ്റ്റിൻ്റെ ഇടത്തേ മൂലയിൽ തറഞ്ഞുകേറി. വിരസമായിരുന്ന രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് മെസ്സിയുടെ ഈ ലോകകപ്പിലെ അഞ്ചാം ഗോൾ പിറന്നത്. ഓസ്ട്രിയൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഡിഫൻഡർമാർ ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് ഒടുക്കം ചെന്നെത്തിയ ഇതിഹാസത്തിൻ്റെ കാലുകളിൽ. ഗോൾ അടിച്ചത്.

മത്സരത്തിൻ്റെ ഒൻപതാം മിനിറ്റിൽ അർജൻ്റീനയുടെ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനസിനെ ബോക്സിനകത്ത് വച്ച് ഫൗൾ ചെയ്തതിന് ഓസ്ട്രിയക്കെതിരെ റഫറി വാറിൻ്റെ സഹായത്തോടെ പെനാൽറ്റി വിധിച്ചിരുന്നു. എന്നാൽ കിക്കെടുത്ത ലയണൽ മെസ്സിക്ക് പിഴച്ചു. ബോക്സിന് പുറത്തായി വലതു വശത്തേക്കാണ് താരം പന്തടിച്ചു കളഞ്ഞത്.

SCROLL FOR NEXT