കൊറിയയെ അടിയറവ് പറയിച്ച് മെക്സിക്കോ 
World Cup 2026

Mexico vs South Korea|കൊറിയയെ അടിയറവ് പറയിച്ച് മെക്സിക്കോ; രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32ൽ എത്തുന്ന ആദ്യ ടീമായി

ദക്ഷിണ കൊറിയയ്ക്കെതിരായ ജയത്തോടെയാണ് മെക്സിക്കോ നോക്കൌട്ടിലെത്തിയത്.

Author : ന്യൂസ് ഡെസ്ക്

സപോപാൻ: ലോകകപ്പിൽ റൗണ്ട് ഓഫ് 32 വിലെത്തുന്ന ആദ്യ ടീമായി ആതിഥേയരായ മെക്‌സിക്കോ. ഗ്രൂപ്പ് എ യിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് മെക്‌സിക്കോ വിജയിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. ലോകകപ്പിലെ മെക്‌സിക്കോയുടെ രണ്ടാം ജയമാണിത്.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ മെക്‌സിക്കോ തോൽപ്പിച്ചിരുന്നു. ജയിക്കുന്നവർ അടുത്ത റൗണ്ടിലേക്ക് കടക്കുമെന്നതിനാൽ തുടക്കം മുതൽ കടുത്ത മത്സരമാണ് അരങ്ങേറിയത്. ഇരുടീമുകളും ശ്രദ്ധയോടെയാണ് കളിച്ചത്.

മെക്‌സിക്കോയായിരുന്നു കൂടുതൽ സമയം പന്ത് കൈവശം വച്ച് കളിച്ചത്. കൊറിയൻ പെനാൽറ്റി ബോക്‌സിലേക്ക് നിരന്തരം ആക്രമണങ്ങളും നടത്തി. കൊറിയൻ ഗോൾ കീപ്പർ കിം സ്യുങ് ഗ്യുവിൻ്റെ കൃത്യമായ ഇടപെടലുകളാണ് ടീമിനെ രക്ഷിച്ചത്.

എന്നാൽ കിട്ടിയ അവസരങ്ങളിൽ സൺ ഹ്യുങ് മിൻ അടക്കമുള്ള കൊറിയൻ മുന്നേറ്റനിര മെക്‌സിക്കോ പ്രതിരോധത്തെ പരീക്ഷിച്ചു. ആദ്യ പകുതി വരെ ഗോൾരഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ 50-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യഗോൾ എത്തി. മെക്‌സിക്കോയുടെ ലൂയിസ് റോമോയാണ് വലകുലുക്കിയത്.

കൊറിയൻ ഗോൾകീപ്പറുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ഉയർന്നു വന്ന പന്ത് കൊറിയൻ ഗോളി കിം സ്യുങ് ഗ്യു ആദ്യം കൈപ്പിടിയിലാക്കിയെങ്കിലും സഹതാരവുമായി കൂട്ടിയിടിച്ചതോടെ പന്ത് കൈവിട്ടു. അത് റോമോ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മെക്‌സിക്കോ പിന്നെയും മുന്നേറ്റങ്ങൾ തുടർന്നു. 87-ാം മിനിറ്റിൽചോ ഗ്യൂസങ്ങിൻ്റെ ഗോളെന്നുറച്ച ഹെഡർ മെക്‌സിക്കൻ ഗോളി റൗൾ റെയ്ഞ്ചൽ തട്ടിയകറ്റി. കൊറിയയുടെ തിരിച്ചടി പ്രതിരോധിച്ചതോടെ മെക്‌സിക്കോ ജയത്തോടെ കളം വിട്ടു.

നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറുപോയിൻ്റാണ് മെക്‌സിക്കോയ്ക്കുള്ളത്. കൊറിയ മൂന്നുപോയിൻ്റോടെ രണ്ടാമതുണ്ട്.

SCROLL FOR NEXT