World Cup 2026

ദുര്‍വിധിയുടെ പൂട്ടുതകര്‍ത്ത് മെക്സിക്കോ; ആസ്ടെക്കയില്‍ പുതുചരിത്രം

നാല് പതിറ്റാണ്ട് മുന്‍പാണ് മെക്സിക്കോ അവസാനമായി ഒരു ലോകകപ്പ് നോക്കൗട്ട് ജയിക്കുന്നത്.

Author : എസ്. ഷാനവാസ്

ലോകകപ്പ് നോക്കൗട്ടില്‍ മെക്സിക്കോ ഇക്വഡോറിനെ നേരിടാനൊരുങ്ങുമ്പോള്‍, ഒരു ജനതയുടെ മനസ് 40 വര്‍ഷമെങ്കിലും പിന്നോട്ടു സഞ്ചരിച്ചിട്ടുണ്ടാകണം. ലോകകപ്പ് ചരിത്രത്തിലെ അവരുടെ നോവിന്റെ കാലം. പക്ഷേ, ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ലോകകപ്പ് പോരാട്ടത്തില്‍ സ്വന്തം മണ്ണ് അവരെ കൈവിട്ടിട്ടില്ല. ഒരു ജനത ഇങ്ങനെ സമ്മിശ്രവികാരങ്ങളുടെ കയറ്റിറക്കങ്ങളില്‍ ഉഴറുമ്പോള്‍, പ്രകൃതിയും കലുഷിതമായി, കനത്ത മഴയും ഇടിയും മിന്നലും. ഒടുവില്‍, ഒരു മണിക്കൂര്‍ വൈകിത്തുടങ്ങിയ മത്സരത്തില്‍ മെക്സിക്കോ ജയം സ്വന്തമാക്കിയപ്പോള്‍ സ്റ്റേഡിയത്തില്‍ മെക്സിക്കന്‍ തിരമാലകള്‍ ഉയര്‍ന്നു. കരിമരുന്ന് പ്രകടനങ്ങളും, ലേസര്‍ ലൈറ്റുകളുമൊക്കെയായി നഗരം ദീപ്തമായി. നാടും നഗരവും ആ ജയം ഒരുപോലെ ആഘോഷിച്ചു.

റൗണ്ട് ഓഫ് 32 മത്സരത്തിൽ ഹോംഗ്രൗണ്ട് സപ്പോര്‍ട്ടുമായാണ് ആതിഥേയരായ മെക്സിക്കോ കളിക്കാനിറങ്ങിയത്. ഹൂലിയൻ ക്വിനോനെസും റൗൾ ഹിമെനസും റോബർട്ടോ ആൽവരാഡോയുമെല്ലാം കളം നിറഞ്ഞതോടെ മത്സരം മെക്സിക്കോ വരുതിയിലാക്കി. ഇക്വഡോര്‍ പ്രതിരോധക്കോട്ട പൊളിച്ച് ഗോള്‍മുഖത്ത് മെക്സിക്കോ നിരന്തരം ഭീഷണി സൃഷ്ടിച്ചു. 22-ാം മിനുറ്റില്‍ ആദ്യ റിസല്‍റ്റ് വന്നു. മിഡില്‍നിന്ന് ഇടതുവിങ്ങിലേക്ക് ആൽവരാഡോ നീട്ടി നല്‍കിയ പാസ് സ്വീകരിച്ച് മുന്നേറിയ ക്വിനോനെസ് ഇക്വഡോര്‍ വല കുലുക്കി. ഒറ്റ ഗോളില്‍ മെക്സിക്കോ മുന്നില്‍. താളം മുറിയാതെ വീണ്ടും ആക്രമണം. 31-ാം മിനുറ്റില്‍, ഇക്വഡോര്‍ വെല്ലുവിളി തകര്‍ത്ത് ക്വിനോനെസ് നല്‍കിയ പാസില്‍ റൗള്‍ ഹിമെനസ് സ്കോര്‍ ചെയ്തു. ആദ്യ പകുതിയില്‍ തന്നെ മെക്സിക്കോ മത്സരം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ അത്ഭുതമൊന്നും സംഭവിച്ചില്ല. മെക്സിക്കോ പ്രതിരോധം ശക്തിപ്പെടുത്തി. ഇക്വഡോറിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന നഷ്ടപ്പെട്ടതോടെ ഗോള്‍ അകന്നുനിന്നു. ഫൈനല്‍ വിസിലില്‍ മെക്സിക്കോയ്ക്ക് ചരിത്രവിജയം.

ലോകകപ്പില്‍ മെക്സിക്കോ ഒരു നോക്കൗട്ട് മത്സരം ജയിക്കുന്നത് നാല് പതിറ്റാണ്ട് മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 1986 ജൂണ്‍ 15ന്. ആസ്ടെക്ക തന്നെയായിരുന്നു അന്നും വേദി. മാനുവല്‍ നെഗ്രെറ്റെയുടെ അത്ഭുതഗോള്‍ പിറന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു അന്ന് മെക്സിക്കോ ബള്‍ഗേറിയയെ പരാജയപ്പെടുത്തിയത്. 34-ാം മിനുറ്റിലായിരുന്നു നെഗ്രെറ്റെയുടെ ഗോള്‍. മൈതാനത്തിന്റെ വലതുമധ്യത്തില്‍ നിന്നെത്തിയ പാസ് ബോക്സിനു വെളിയില്‍നിന്ന നെഗ്രെറ്റെ സ്വീകരിച്ച് ഹാവിയര്‍ അഗ്വിറെയ്ക്ക് നല്‍കി. ക്ഷണനേരത്തില്‍ നെഗ്രെറ്റെ ബോക്സിലേക്ക് ഓടിക്കയറുമ്പോള്‍ അഗ്വിറെ പന്ത് പതുക്കെ ചിപ്പ് ചെയ്തു നല്‍കി. ബോക്സിനുള്ളില്‍ ഉയര്‍ന്ന്, അക്രോബാറ്റിക് വോളിയില്‍ നെഗ്രറ്റെ പന്ത് വലയിലെത്തിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളിലൊന്നായി അത് പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു. 61-ാം മിനുറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ റൗള്‍ സെര്‍വിനും സ്കോര്‍ ചെയ്തതോടെ മെക്സിക്കോ ഏകപക്ഷീയ ജയം സ്വന്തമാക്കി. പക്ഷേ, ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ രഹിത സമനിലയ്ക്കൊടുവില്‍, ജര്‍മനിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (1-4) തോറ്റ് മെക്സിക്കോ പുറത്തായി. ലോകകപ്പ് ചരിത്രത്തില്‍ പിന്നീടൊരിക്കലും മെക്സിക്കോ അത്രത്തോളം എത്തിയില്ല.

1930ലെ പ്രഥമ ലോകകപ്പിനൊപ്പമാണ് മെക്സിക്കോയുടെ ലോകകപ്പ് ചരിത്രവും ആരംഭിക്കുന്നത്. ആദ്യ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം താണ്ടിയില്ല. 1934ല്‍ യോഗ്യത നേടിയില്ല, 1938ല്‍ പങ്കെടുത്തുമില്ല. 1950 മുതല്‍ 1966 വരെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മെക്സിക്കോയുടെ പോരാട്ടം അവസാനിച്ചു. 1970ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. 1974, 1982 വര്‍ഷങ്ങളില്‍ യോഗ്യത നേടിയില്ല. 1978ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. 1986ല്‍ മെക്സിക്കോ ആഥിയേയരായിരുന്നു. അന്നായിരുന്നു അവസാനമായി നോക്കൗട്ട് ജയിച്ചത്. 1988 ഒളിംപിക്സിലെ യൂത്ത് ടൂര്‍ണമെന്റിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കായി പ്രായപരിധി ലംഘിച്ച് കളിക്കാരെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ഫിഫയുടെ വിലക്ക് ലഭിച്ചതിനാല്‍ 1990 ലോകകപ്പില്‍ പങ്കെടുക്കാനായില്ല. 1994 മുതല്‍ 2018 വരെയുള്ള ഏഴ് ലോകകപ്പുകളില്‍ നോക്കൗട്ടില്‍ തോറ്റുമടങ്ങാനായിരുന്നു മെക്സിക്കോയുടെ വിധി.

1994ല്‍ നോക്കൗട്ടില്‍ ബര്‍ഗേറിയയോടായിരുന്നു തോല്‍വി. 1-1 സമനിലയെത്തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു 1-3ന്റെ തോല്‍വി. 1998ല്‍ ജര്‍മനിയോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റു. 2002ല്‍ യുഎസിനോട് ഏകപക്ഷീയമായ രണ്ടു ഗോളിന് തോറ്റു. 2006ല്‍ ഒന്നിനെതിരെ രണ്ടിനും, 2010ല്‍ ഒന്നിനെതിരെ മൂന്നു ഗോളിനും അര്‍ജന്റീനയോടായിരുന്നു തോല്‍വി. 2014ല്‍ നെതര്‍ലന്‍ഡ്സിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റു. 2018ല്‍ ബ്രസീലിനോടായിരുന്നു ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ തോല്‍വി. 2022ല്‍ ആകട്ടെ മെക്സിക്കോയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനുമായില്ല.

മെക്സിക്കോ നോക്കൗട്ടില്‍ തോറ്റുമടങ്ങിയ മൂന്ന് വേളകളില്‍ 1986ലെ ഹീറോ ഹാവിയര്‍ അഗ്വിറെ ടീമിനൊപ്പമുണ്ടായിരുന്നു. 1994ല്‍ ബള്‍ഗേറിയയോട് തോല്‍ക്കുമ്പോള്‍ അഗ്വിറെ അസിസ്റ്റന്റ് കോച്ചായിരുന്നു. 2002ല്‍ യുഎസിനോടും, 2010ല്‍ അര്‍ജന്റീനയോടും തോല്‍ക്കുമ്പോള്‍ ഹെഡ് കോച്ചുമായിരുന്നു അഗ്വിറെ. ഇടവേളയ്ക്കുശേഷം 2024ല്‍ വീണ്ടും ദേശീയ ടീമിന്റെ പരിശീലകക്കുപ്പായമണിഞ്ഞ അഗ്വിറെയ്ക്കൊപ്പമാണ് മെക്സിക്കോ ഇക്കുറി ചരിത്രവിജയം സ്വന്തമാക്കിയിരിക്കുന്നത്.

ആസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന 10 ലോകകപ്പ് മത്സരങ്ങളിലും മെക്സിക്കോ തോറ്റിട്ടില്ല. നവംബറിൽ പരാഗ്വെയ്ക്കെതിരായ സൗഹൃദ മത്സരം തോറ്റശേഷം, തോൽവിയറിയാതെ 12 മത്സരങ്ങളാണ് ടീം പൂര്‍ത്തിയാക്കിയത്. കൂടാതെ, ലോകകപ്പ് നോക്കൗട്ടില്‍ ദക്ഷിണ അമേരിക്കൻ (CONMEBOL) ടീമിനെ പരാജയപ്പെടുത്തുന്ന ആദ്യ കോൺകാകാഫ് (CONCACAF) രാജ്യമായും മെക്സിക്കോ മാറി. ഇതിനുമുന്‍പ് അഞ്ച് തവണയും ദക്ഷിണ അമേരിക്കൻ ടീമുകള്‍ക്കായിരുന്നു ജയം.

മെക്സിക്കന്‍ ടീമിന്റെയും ആരാധകരുടെയും നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് ആസ്ടെക്കയില്‍ സഫലമായത്. ചരിത്രവിജയത്തോടൊപ്പം ഒരു പിടി റെക്കോഡുകളും സ്വന്തമാക്കിയാണ് ഇക്കുറി മെക്സിക്കോയുടെ കുതിപ്പ്. ആ സന്തോഷത്തിന്റെ പെരുക്കത്തില്‍ ഒരു ജനത അപ്പാടെ തെരുവുകളിലിറങ്ങി. ആഘോഷക്കാഴ്ചകളാല്‍ നാടും നഗരവും നിറഞ്ഞു. നാല് പതിറ്റാണ്ടായി പിടികൂടിയിരുന്നൊരു ദുര്‍വിധിയുടെ കെട്ടുപൊട്ടിച്ചെറിഞ്ഞതിന്റെ ആഹ്ളാദാരാവങ്ങളായിരുന്നു അത്.

SCROLL FOR NEXT