ചിട്ടയായ പ്രതിരോധം.... പന്ത് ലഭിക്കുമ്പോഴുള്ള വേഗതയേറിയ പ്രത്യാക്രമണങ്ങൾ... കളിയെ മനോഹരമാക്കുന്നതിനപ്പുറത്തേക്ക് എതിരാളികളുടെ ചുവടുകൾ അറിഞ്ഞ് എങ്ങനെ ഗോളടിക്കാമെന്നത് തന്നെയാണ് മൊറോക്കോയുടെ വിജയ തന്ത്രം. മുഖ്യ പരിശീലകൻ മുഹമ്മദ് ഔഹാബിയുടെ ഈ തന്ത്രം കൃത്യമായി പാലിച്ചതുകൊണ്ടു തന്നെയാണ് ആദ്യ ഗ്രൂപ്പ് മത്സരങ്ങളിലും റൗണ്ട് ഔഫ് 32വിലും.. പ്രീ ക്വാർട്ടറിലും.... പരാജയങ്ങളറിയാതെ ഈ ആഫ്രിക്കൻ ടീം ക്വാർട്ടർ ഉറപ്പിച്ചത്. തുടർച്ചയായ മൂന്നാം ലോകകപ്പിലും മികച്ച പോരാട്ടവീര്യമാണ് അറ്റ്‌ലസ് ലയൺസ് പ്രകടിപ്പിക്കുന്നത്.
എന്നാൽ ക്വാർട്ടർ ഫൈനൽ വരെയുള്ള മൊറോക്കോയുടെ പാത അത്ര എളുപ്പമായിരുന്നില്ല. ബ്രസീലിനെതിരെ 1-1 എന്ന സമനിലയോടെ തുടങ്ങിയ മൊറോക്കോ, സ്കോട്ട്‌ലൻഡിനെ 1-0നും ഹെയ്തിയെ 4-2നും തോൽപ്പിച്ച് ഗ്രൂപ്പ് സിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. നെതർലൻഡ്‌സിനെതിരായ റൗണ്ട് ഓഫ് 32 മാച്ചും ഈ ആഫ്രിക്കൻ ടീമിന് അത്ര എളുപ്പമുള്ളതായിരുന്നില്ല. കിരീട പ്രതീക്ഷയുമായെത്തിയ നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് മൊറോക്കോ പ്രീ ക്വാർട്ടറിലേക്ക് കടന്നത്. ലോകകപ്പിലെ സഹ ആതിഥേയരായ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ടീം പ്രീ ക്വാർട്ടറിൽ രണ്ടാം വട്ടവും സ്ഥാനമുറപ്പിച്ചത്. ഇതോടെ തുടർച്ചയായി ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന റെക്കോർഡ് കൂടി മൊറോക്കോ സ്വന്തമാക്കി.
എന്നാൽ കാനഡയ്‌ക്കെതിരായ മൊറോക്കോയുടെ ഈ വിജയം വെറുമൊരു ക്വാർട്ടർ പ്രവേശനം മാത്രമല്ല. മറിച്ച് ലോകഫുട്‌ബോളിലെ വമ്പന്മാർക്ക് മൊറോക്കോ നൽകുന്ന ശക്തമായ ഒരു മുന്നറിയിപ്പ് കൂടിയാണ്. ലോകകിരീടം നേടാനുള്ള കെൽപ്പ് തങ്ങൾക്കുണ്ടെന്ന് അടിവരയിടുകയാണ് മൊറോക്കോ. 2022ലെ ലോകകപ്പ് സെമി ഫൈനലിൽ എത്തിയപ്പോൾ അതിനെ ഒറ്റത്തവണ മാത്രം സംഭവിച്ച ഒരു അത്ഭുതമായാണ് പലരും വിലയിരുത്തിയത്. എന്നാൽ അതങ്ങനെയല്ലെന്നും പുതിയ ഫുട്ബോൾ ശക്തിയാണ് തങ്ങളെന്നും ലോകത്തോട് വീണ്ടും പറയുക കൂടിയാണ് 2026ൽ മൊറോക്കോ.
അന്താരാഷ്ട്ര ഫുട്‌ബോളിൽ തുടർച്ചയായി 34 മത്സരങ്ങളാണ് മൊറോക്കോ തോൽവിയറിയാതെ പൂർത്തിയാക്കിയത്. 2025 ഓഗസ്റ്റിൽ കെനിയയോട് തോറ്റതിന് ശേഷം ഇന്നുവരെ മൊറോക്കോയെ വീഴ്ത്താൻ ലോകത്തെ ഒരു ടീമിനും കഴിഞ്ഞിട്ടില്ല. ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന ആഫ്രിക്കൻ രാജ്യമെന്ന റെക്കോർഡും ഇപ്പോൾ മൊറോക്കോയ്ക്കാണ്. 2022ലും 2026ലും കൂടിയായി ആകെ നാല് നോക്കൗട്ട് വിജയങ്ങളാണ് അവർക്കുള്ളത്.
ഇതടക്കം ഏഴ് തവണയാണ് ലോകകപ്പിൽ മൊറോക്കോ പങ്കെടുത്തിട്ടുള്ളത്. 2018ന് മുമ്പ് നീണ്ട 20 വർഷക്കാലം ലോകകപ്പ് യോഗ്യത പോലും നേടാനാകാതിരുന്ന മൊറോക്കോയുടെ ഈ അവിശ്വസനീയ കുതിപ്പിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ട്. മൊറോക്കോയിലെ മുഹമ്മദ് ആറാമൻ രാജാവ് ദേശീയ ഫുട്‌ബോളിനായി നടത്തിയ നിക്ഷേപങ്ങൾക്ക്.. മൊറോക്കോയെ ആഫ്രിക്കയിലെ തന്നെ ഒന്നാം നമ്പർ ടീമാക്കി മാറ്റിയതിൽ പ്രധാന പങ്കുണ്ട്. ഉറച്ച പ്രതിരോധം തന്നെയാണ് മൊറോക്കോയുടെ ഏറ്റവും വലിയ ശക്തി. അതിവേഗ കൗണ്ടർ അറ്റാക്കുകളും ടീമിനായി അവസാന നിമിഷം വരെ പോരാടുന്ന മനോഭാവവും കൂടി അതിനൊപ്പം ചേരുമ്പോൾ മികച്ച ഏത് വമ്പൻ ടീമിനെയും സമ്മർദത്തിലാക്കാൻ അവർക്ക് കഴിയുന്നു.
ക്വാർട്ടർ ഫൈനലിൽ ശക്തരായ ഫ്രാൻസിനെയാണ് മൊറോക്കോ നേരിടുന്നത്. നാല് വർഷം മുമ്പ് സെമി ഫൈനലിൽ അവരുടെ സ്വപ്നങ്ങൾക്ക് വിരാമമിട്ട അതേ എതിരാളി. ഖത്തർ ലോകകപ്പിലെ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അന്ന് ഫ്രാൻസിന്റെ വിജയം. മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യം കൊണ്ട് മാത്രമാണ് മൊറോക്കോയ്ക്ക് അന്ന് ഗോൾ നേടാൻ കഴിയാതെ പോയത്. അതുകൊണ്ട് തന്നെ ഇത്തവണ ഫ്രാൻസുമായുള്ള പോരാട്ടം മൊറോക്കോയെ സംബന്ധിച്ച് നാല് വർഷം മനസിൽ കൊണ്ടുനടന്ന ഒരു കണക്കുതീർക്കലിന്റേത് കൂടിയാണ്. 2022ൽ കൈവിട്ട സ്വപ്നത്തെ തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയാണ്. ഫ്രാൻസിനെ പരാജയപ്പെടുത്താനും ചരിത്രത്തിലാദ്യമായി ലോകകിരീടം ആഫ്രിക്കൻ മണ്ണിലേക്ക് എത്തിക്കാനും മൊറോക്കോയ്ക്ക് കഴിയുമോ എന്നത് കാത്തിരുന്ന് തന്നെ കാണാം.