ഹൗസ്റ്റൺ: ഫിഫ ലോകകപ്പിൽ ഏറ്റവും ദൈർഘ്യമേറിയ അപരാജിത കുതിപ്പ് എന്ന റെക്കോർഡ് ബ്രസീലിൽ നിന്ന് നെതർലൻഡ്‌സ് സ്വന്തമാക്കി. 2010 ലോകകപ്പ് ഫൈനലിൽ സ്പെയിനോട് തോറ്റതിന് ശേഷം ഡച്ച് പട ലോകകപ്പിൽ തോൽവി അറിഞ്ഞിട്ടില്ല.
2014ലും 2022ലും നെതർലൻഡ്‌സ് പുറത്തായത് അർജറ്റീനയോട് പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ്. ഫിഫയുടെ കണക്ക് പ്രകാരം പെനാൽറ്റി ഷൂട്ട് ഔട്ട് സമനിലയായിട്ടാണ് പരിഗണിക്കുക. ഇതോടെയാണ് അപരാജിത കുതിപ്പ് 14 മത്സരത്തിലേക്ക് എത്തിയത്.
2018 റഷ്യൻ ലോകകപ്പിൽ ടീമിന് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. അതിനിടെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ 18 ജയമെന്ന റെക്കോർഡും ഓറഞ്ച് പട സ്വന്തം പേരിലാക്കി. 2006ൽ പോർച്ചുഗലിനോട് ഏറ്റ തോൽവിക്ക് ശേഷം ഇന്ന് വരെ ഒരു ടീമിനും നെതർലൻഡ്‌സിനെ നിശ്ചിത 90 മിനിറ്റിൽ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. പരാജയമറിഞ്ഞത്, അധിക സമയത്തോ പെനാൽറ്റി ഷൂട്ട് ഔട്ടിലോ ആണ്.
ബ്രാൻ ബ്രോബിയും (5, 17) കോഡി ഗാക്പോയും (47, 54) ഇരട്ട ഗോളുകളുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ ക്രിസെൻസിയോ സമ്മർവില്ലെ (89) ഒരു ഗോളുമായി മികച്ച പിന്തുണയേകി. സ്വീഡനായി ആന്തണി ഇലാംഗോ (59) ആശ്വാസഗോൾ നേടി.
ആദ്യ മത്സരത്തിൽ ജപ്പാനോട് സമനില വഴങ്ങിയ ഓറഞ്ച് ആർമിക്ക് വിജയം അനിവാര്യമായിരുന്നു. അഞ്ച് ഗോളുകൾ അടിച്ചുകൂട്ടിയ നെതർലൻഡ്സ് ടീമിൻ്റെ ലോകകപ്പിലെ ആകെ ഗോൾനേട്ടം 100 കടന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ നൂറ് ഗോളുകൾ നേടുന്ന എട്ടാമത്തെ രാജ്യമായും നെതർലൻഡ്സ് മാറി.