World Cup 2026

Netherlands vs Japan highlights | ആവേശപ്പോരിൽ ഓറഞ്ച് ആർമിയെ സമനിലയിൽ തളച്ച് ജപ്പാൻ

ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിന് ഉണർവേകി നെതർലൻഡ്സ് ആദ്യ ഗോൾ നേടിയത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ആർലിങ്ടൺ: ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ യുറോപ്യൻ വൻശക്തികളായ നെതർലൻഡ്സിനെ സമനിലയിൽ കുരുക്കി ഏഷ്യയുടെ അഭിമാനമായ ജപ്പാൻ. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും കട്ടയ്ക്ക് കട്ടയ്ക്ക് പൊരുതിയാണ് മുന്നേറിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിന് ഉണർവേകി നെതർലൻഡ്സ് ആദ്യ ഗോൾ നേടിയത്.

51ാം മിനിറ്റിലാണ് നായകൻ വിർജിൽ വാൻഡിക്ക് തകർപ്പനൊരു ഹെഡ്ഡറിലൂടെയാണ് ജപ്പാൻ്റെ ഗോൾവല കുലുക്കിയത്. എന്നാൽ ജപ്പാൻ്റെ മറുപടി ഉടനെ തന്നെയെത്തി. 57ാം മിനിറ്റിൽ കെയ്റ്റോ നകാമുറയിലൂടെ ജപ്പാൻ ഗോൾ മടക്കി. തകർപ്പനൊരു ടേണും തുടർന്ന് 90 ഡിഗ്രി ആംഗിളിൽ ഒരു വെടിച്ചില്ല് ഷോട്ടും നകാമുറ പുറത്തെടുത്തു. അതോടെ സ്കോർ 1-1 എന്ന നിലയിലെത്തി.

ഏഴ് മിനിറ്റുകൾക്ക് ശേഷം ഡച്ച് ആർമി ലീഡ് തിരിച്ചുപിടിച്ചു. ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ (67) നെതർലൻഡ്സ് രണ്ടാം ഗോൾ കണ്ടെത്തി. ലീഡ് നേടിയതോടെ നെതർലൻഡ്സ് ജയിച്ചുകയറുമെന്ന് തോന്നിച്ചിടത്താണ് അടുത്ത ട്വിസ്റ്റ്. കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് ജപ്പാൻ്റെ ദായ്ച്ചി കമാഡ തകർപ്പനൊരു ഹെഡ്ഡറിലൂടെ നെതർലൻഡ്സിൻ്റെ ഗോൾവലയിലേക്ക് തിരിച്ചുവിട്ടു. സ്കോർ 2-2.

പിന്നീട് വിജയഗോളിനായി ഇരു ടീമുകളും പൊരുതിനോക്കിയെങ്കിലും നിശ്ചിതസമയം വേഗത്തിൽ അവസാനിക്കുകയായിരുന്നു. ആർലിങ്ടണിലെ ഡല്ലാസ് സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം നടന്നത്.

SCROLL FOR NEXT