World Cup 2026

തുടർജയങ്ങളോടെ ബ്രസീലും മൊറോക്കോയും സി ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലേക്ക്; ഡബിളുമായി മിന്നി വിനീഷ്യസ്, 76ാം മിനിറ്റിൽ കളത്തിലെത്തി നെയ്മർ

25ാം മിനിറ്റിൽ വിനീഷ്യസ് നേടിയ ഒരു ഗോൾ ഫൗളിലൂടെ ആണെന്ന് വാറിലൂടെ കണ്ടെത്തിയതോടെ റഫറി ഗോൾ നിഷേധിച്ചു.

Author : ന്യൂസ് ഡെസ്ക്

മയാമി: ഗ്രൂപ്പ് സിയിൽ രണ്ട് തുടർജയങ്ങളോടെ ബ്രസീലും മൊറോക്കോയും നോക്കൗട്ട് ഉറപ്പിച്ചു. രണ്ട് മത്സരങ്ങളും ഇന്ന് പുലർച്ചെ ഒരേ സമയത്താണ് നടന്നത്. ഹെയ്തിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മൊറോക്കോ തോൽപ്പിച്ചത്. അഷ്റഫ് ഹക്കീമി (39), ഇസ്മയിൽ സായ്ബരി (45+1), സൗഫിയാനെ റഹീമി (78), ഗെസ്സിമെ യാസിൻ (89) എന്നിവരാണ് മൊറോക്കോയുടെ സ്കോറർമാർ. ഒരു സെൽഫ് ഗോളിൻ്റെ കരുത്തിൽ ഹെയ്തി ആദ്യപകുതിയിൽ മൊറോക്കോയെ 2-2ന് സമനിലയിൽ പിടിച്ചിരുന്നു. 10ാം മിനിറ്റിൽ മൊറോക്കോയുടെ യാസീൻ ബൗണൗയാണ് സെൽഫ് ഗോൾ വഴങ്ങിയത്. 43ാം മിനിറ്റിൽ വിൽസൺ ഇസിഡോർ ഹെയ്തിയുടെ ആശ്വാസഗോൾ കണ്ടെത്തി.

അതേസമയം, സ്കോട്ട്ലൻഡിനെ 3-0നാണ് ബ്രസീൽ തകർത്തത്. തകർപ്പൻ ജയത്തോടെ ബ്രസീൽ ഗ്രൂപ്പ് ചാംപ്യന്മാരായാണ് റൗണ്ട് ഓഫ് 32ലേക്ക് കുതിക്കുന്നത്. ബ്രസീൽ ആക്രമണനിരയുടെ കുന്തമുന താനാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പ്രകടനമാണ് സ്കോട്ട്‌ലൻഡിനെതിരെ ഇന്ന് വിനീഷ്യസ് ജൂനിയർ പുറത്തെടുത്തത്. നാല് ഉറച്ച ഗോളവസരങ്ങൾ ആദ്യ പകുതിയിൽ തന്നെ ബ്രസീലിന് ലഭിച്ചപ്പോൾ, അതിൽ മൂന്നിലും വല കുലുക്കാൻ അവസരം ലഭിച്ചത് വിനീഷ്യസിന് തന്നെയായിരുന്നു. എന്നാൽ 25ാം മിനിറ്റിൽ വിനീഷ്യസ് നേടിയ ഒരു ഗോൾ വാറിലൂടെ ഫൗൾ ആണെന്ന് കണ്ടെത്തിയതോടെ ഗോൾ നിഷേധിച്ചിരുന്നു. മത്സരത്തിൻ്റെ 7, 45+3 മിനിറ്റുകളിലാണ് ബ്രസീലിൻ്റെ ഏഴാം നമ്പർ താരം ഗോൾ നേടിയത്.

ഹാംസ്ട്രിങ് ഇഞ്ച്വറി കാരണം ഈ മത്സരത്തിൽ കളിക്കാത്ത റഫീഞ്ഞയ്ക്ക് പകരമായി റയാനെയാണ് കോച്ച് ആൻസലോട്ടി കളിപ്പിച്ചത്. ഏഴാം മിനിറ്റിൽ ബോക്സിനകത്ത് വച്ച് സ്കോട്ടിഷ് ഡിഫൻഡറിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത് റയാൻ വിനീഷ്യസിന് നൽകുന്നു. വിനീഷ്യസ് അനായാസം പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. സ്കോർ 1-0.

25ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും സ്കോട്ടിഷ് വല കുലുക്കി. ഇക്കുറി ബോക്സിന് മുന്നിൽ നിന്ന് ഡിഫൻഡറെ ഫൗൾ ചെയ്തു പന്ത് തട്ടിയെടുത്ത വിനീഷ്യസ് ജൂനിയർ അത് വലയിലേക്ക് തിരിച്ചുവിടുന്നു. എന്നാൽ സ്കോട്ട്‌ലൻഡ് താരങ്ങളുടെ അപ്പീൽ പരിഗണിച്ച് റഫറി വാറിൻ്റെ സഹായത്തോടെ ഗോൾശ്രമം പരിശോധിച്ചു. വിനീഷ്യസിൻ്റെ നീക്കം ഫൗളിൻ്റെ സഹായത്തോടെയാണെന്ന് ബോധ്യപ്പെട്ടതോടെ റഫറി ഗോൾ അസാധുവാക്കി.

ഈ തീരുമാനം വിനീഷ്യസ് ഏറെ നിരാശയോടെയാണ് സ്വീകരിച്ചത്. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപായി ഇഞ്ച്വറി ടൈമിൽ തകർപ്പനൊരു ഹെഡ്ഡറിലൂടെ വിനീഷ്യസ് വീണ്ടും സ്കോട്ടിഷ് ഗോൾവല കുലുക്കി.

ഗോളി മാത്രം മുന്നിൽ നിൽക്കെ ബോക്സിന് മുന്നിൽ വച്ച് റയാന് തുറന്ന ഒരു ഗോളവസരം ലഭിച്ചെങ്കിലും അത് പോസ്റ്റിലേക്ക് തിരിച്ചുവിടാനായില്ല. 60ാം മിനിറ്റിൽ മാത്യൂസ് കുൻഹയിലൂടെ ബ്രസീൽ വീണ്ടും ലീഡ് ഉയർത്തി. ലോകകപ്പിൽ ഇത് താരത്തിൻ്റെ മൂന്നാമത്തെ ഗോളാണ്. സ്കോർ, 3-0. 63ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച സ്കോട്ട് മക്ടോമിനേയുടെ തകർപ്പനൊരു ഹെഡ്ഡർ ബ്രസീലിയൻ ഗോൾകീപ്പർ ആലിസൺ ബെക്കർ വലത്തേക്ക് ഡൈവ് ചെയ്തു സേവ് ചെയ്തു.

SCROLL FOR NEXT