

ലോക ഭൂപടത്തിൽ യൂസേബിയോയ്ക്കും ലൂയിസ് ഫിഗോയ്ക്കും ശേഷം പോർച്ചുഗീസ് ഫുട്ബോളിൻ്റെ കിരീടം വയ്ക്കാത്ത രാജാവായി മാറിയ ഇതിഹാസ ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2022 ഖത്തർ ലോകകപ്പിൽ പ്രതീക്ഷിച്ചത്ര ഇംപാക്ട് സൃഷ്ടിക്കാതെ ഒരു ഗോൾ മാത്രമടിച്ച് നിരാശപ്പെടുത്തിയ CR7, 2026ലേക്ക് വരുമ്പോൾ 41ാം വയസ്സിലും ലോകകപ്പിലെ ക്ലിനിക്കൽ ഫിനിഷിങ് മാജിക്കിലൂടെ ലോകത്തെ വിസ്മയിപ്പിക്കുകയാണ്.
ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ ഫുട്ബോൾ താരമെന്ന റെക്കോർഡാണ് ഇന്നലെ ക്രിസ്റ്റ്യാനോയെ തേടിയെത്തിയത്. ലോകകപ്പിൽ ക്രിസ്റ്റ്യാനോയുടെ ആകെ ഗോൾനേട്ടം എട്ടിൽ നിന്ന് പത്തായി ഉയർന്നു. ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമായും ക്രിസ്റ്റ്യാനോ മാറി.
ഉസ്ബെക്കിസ്ഥാനെതിരായ പ്രകടനത്തോടെ ലോകകപ്പിൽ ഇരട്ട ഗോളുകൾ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. 41 വയസ്സും 138 ദിവസവുമാണ് റോണോയുടെ പ്രായം. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്‌കോറർ മുൻ കാമറൂൺ താരം റോജർ മില്ലയാണ്. 42 വയസ്സും 39 ദിവസവുമാണ് 1994 ലോകകപ്പിൽ ഗോൾ നേടുമ്പോൾ റോജർ മില്ലയുടെ പ്രായം. അമേരിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ റഷ്യക്കെതിരേയാണ് റോജർ മില്ല റെക്കോഡ് ഗോൾ നേടിയത്.
ലോകകപ്പിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. ഇതിഹാസ താരം യൂസേബിയോ 1966ലെ ഒരൊറ്റ ലോകകപ്പ് പതിപ്പിൽ നേടിയ 9 ലോകകപ്പ് ഗോളുകളെന്ന വിസ്മയപ്രകടനം മറികടക്കാൻ, റൊണാൾഡോയ്ക്ക് ആറ് ലോകകപ്പുകൾ കളിക്കേണ്ടി വന്നുവെന്നതും ശ്രദ്ധേയം. 1966 ലോകകപ്പിൽ യൂസേബിയോ നടത്തിയ ആ അത്ഭുത പ്രകടനത്തിൻ്റെ മാറ്റ് ഫുട്ബോൾ ചരിത്രത്തിൽ ഒരിക്കലും മായാതെ തന്നെ നിലനിൽക്കും. 9 ഗോളുകളുമായി യൂസേബിയോ ഡാ സിൽവ ഫെരേരയെന്ന അമാനുഷികനായ പോരാളി ലോകകപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയാണ് മടങ്ങിയത്. ഒരു ലോകകപ്പ് പതിപ്പിലെ എക്കാലത്തേയും മികച്ച നാലാമത്തെ മികച്ച ഗോൾവേട്ടയായിരുന്നു ഇത്.
ക്രിസ്റ്റ്യാനോ മാത്രമായിരുന്നില്ല... പോർച്ചുഗലിനായി ലോകകപ്പ് നേടാൻ പരിശ്രമിച്ച് തോറ്റുപോയ പോർച്ചുഗീസ് ലെജൻഡ്. പറങ്കിപ്പട ലോകകപ്പ് ലക്ഷ്യമിട്ട് പൊരുതാൻ തുടങ്ങിയിട്ട് കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് ഏഴ് പതിറ്റാണ്ടായിട്ടുണ്ട്. ബാലൺ ഡിയോർ നേടിയതിന് തൊട്ടടുത്ത വർഷം.. അതായത് 1966ൽ ആദ്യമായി ലോകകപ്പിൽ പോരടിക്കാനെത്തിയ യൂസേബിയോയുടെ പറങ്കിപ്പടയ്ക്ക് ലോകകിരീടം ഒരു കൈയ്യകലത്തിൽ നഷ്ടമായിരുന്നു... ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു രാജ്യത്തിനും പോർച്ചുഗലിൻ്റേത് പോലൊരു ക്ലാസിക് എൻട്രി ലഭിച്ചു കാണില്ല!
അവിശ്വസനീയ കുതിപ്പാണ് പറങ്കിപ്പട നടത്തിയത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തിയ പോർച്ചുഗീസ് ടീം ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും അനായാസം ജയിച്ചു മുന്നേറിയപ്പോൾ, ആ സ്വപ്നക്കുതിപ്പിൽ മുറിവേറ്റവരിൽ നിലവിലെ ചാംപ്യന്മാരായ ബ്രസീലും ഉൾപ്പെട്ടിരുന്നു. 3-1നാണ് ബ്രസീലിനെ പോർച്ചുഗൽ വീഴ്ത്തിയത്. ക്വാർട്ടർ ഫൈനലിൽ നോർത്ത് കൊറിയയോട് 3-0ന് ആദ്യ പിന്നിലായിപ്പോയ ശേഷം പോർച്ചുഗൽ നടത്തിയ തിരിച്ചുവരവിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല.
നാല് ഗോളുകളുമായി യൂസേബിയോ എന്ന ഗോളടിവീരൻ അരങ്ങ് തകർത്ത മാച്ചിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ പോർച്ചുഗൽ 5-3ൻ്റെ സ്വപ്നവിജയം നേടിയെടുത്തു. ആ തവണത്തെ ലോക ചാംപ്യന്മാരായി മാറിയ ഇംഗ്ലണ്ടിനോട് സെമി ഫൈനലിൽ 2-1ന് തോറ്റ പോർച്ചുഗൽ ടീം, സോവിയറ്റ് യൂണിയനെ വീഴ്ത്തി മൂന്നാം സ്ഥാനത്തോടെ വിസ്മയകരമായ ലോകകപ്പ് ടൂർ അവസാനിപ്പിച്ചു.
പോർച്ചുഗീസ് ഇതിഹാസമായ ലൂയിസ് ഫിഗോ 2002, 2006 ലോകകപ്പുകളിൽ പോർച്ചുഗലിൻ്റെ നിർണായക പ്ലേമേക്കറായിരുന്നു. 10 ലോകകപ്പ് മത്സരങ്ങളിൽ ഫിഗോ പോർച്ചുഗലിനെ പ്രതിനിധീകരിച്ച് കളിച്ചെങ്കിലും ഗോളുകളൊന്നും അദ്ദേഹത്തിന് നേടാനായിരുന്നില്ല. 2006ൽ ക്യാപ്റ്റനായി ടീമിനെ സെമി ഫൈനലിൽ എത്തിച്ചിരുന്നു. ആ ലോകകപ്പിൽ മൂന്ന് അസിസ്റ്റുകൾ നൽകാൻ ഫിഗോയ്ക്ക് കഴിഞ്ഞിരുന്നു. പോർച്ചുഗലിനായി 127 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 32 ഗോളുകളാണ് ഫിഗോ നേടിയത്.