അർലിങ്ടൺ: ഫ്രാൻസിനെ തകർത്ത് ലോകകപ്പ് ഫൈനലിലെത്തി സ്പെയിൻ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പെയിനിൻ്റെ ഉജ്വലവിജയം. പിടിച്ച് കെട്ടാൻ എതിരാളികൾ പാട് പെട്ട ഫ്രാൻസിനെ സ്പാനിഷ് പട മെരുക്കിയെടുത്തു. ഫ്രാൻസിന്റെ ഗോളടിവീരന്‍മാര്‍ അവസാന മിനിറ്റുവരെ നിന്നുപൊരുതിയിട്ടും ഒറ്റ ഗോൾ പോലും സെമി ഫൈനലിൽ നേടാൻ കഴിഞ്ഞില്ല. സ്പെയിനിന്റെ പ്രതിരോധത്തിനും ഗോൾ കീപ്പര്‍ ഉനാസ് സിമോണുമാണ് ഫ്രാൻസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ലോകകപ്പിലെ തന്നെ ഏറ്റവും ശക്തരെന്ന് വിശേഷണം ലഭിച്ച ഫ്രാൻസ് അങ്ങനെ ഫൈനൽ കാണാതെ പുറത്തായി. 2010ന് ശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിലെത്തുന്നത്.
ആക്രമിച്ച് കളിക്കുന്ന ഫ്രഞ്ച് മുന്നേറ്റത്തെ പന്തടക്കം കൊണ്ട് നേരിട്ട സ്പാനിഷ് തന്ത്രം കൂടിയാണ് വിജയിച്ചത്. ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങിയ എംബപ്പെയെയും ഡെംബലെയെയും ഒലീസയെയും സ്പെയിൻ ബോക്സിലേക്ക് കടക്കാൻ പോലും അനുവദിച്ചില്ല. മൂവരും തമ്മിലുള്ള ബന്ധം ഇല്ലാതായതോടെ ഫ്രാൻസ് മുന്നേറ്റവും തകർന്നു. എന്നാൽ ലഭിച്ച അർധാവസരങ്ങളിൽ ഗോളിനായി ശ്രമിച്ച സ്പെയിൻ ഫ്രാൻസിനെ പരീക്ഷിച്ച് കൊണ്ടേയിരുന്നു. അതിൻ്റെ ഫലം കൂടിയായിരുന്നു 22ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി. ഇടത് വിങ്ങിൽ നിന്ന് കുകുറേയയുടെ ക്രോസ് പ്രതിരോധിക്കാൻ ശ്രമിച്ച ലൂക്കാസ് ഡിഗ്നെ, ലമിൻ യമാലിനെ ഫൗൾ ചെയ്തതോടെ റഫറി പെനാൽറ്റി വിധിച്ചു. ലക്ഷ്യം തെറ്റിക്കാതെ ഒയർസബാൽ സ്പെയിനിന് ആദ്യ ലീഡ് സമ്മാനിച്ചു.
ആദ്യ ഗോൾ നേടിയതിന് പിന്നാലെ പ്രതിരോധ താരം വില്യം സാലിബ പരിക്കേറ്റ് പുറത്തായത് ഫ്രാൻസിന് തിരിച്ചടിയായി. റാബിയോക്ക് മഞ്ഞക്കാർഡ് ലഭിച്ചതും ഫ്രഞ്ച് മുന്നേറ്റങ്ങളെ ബാധിച്ചു. എന്നാൽ യമാലിൻ്റെ നേതൃത്വത്തിൽ സ്പെയിൻ ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ച് കൊണ്ടേയിരുന്നു. രണ്ടാം പകുതിയിൽ റാബിയോക്ക് പകരം മാനു കോനെ വന്നെങ്കിലും കാര്യമായ മാറ്റം ഫ്രഞ്ച് മുന്നേറ്റത്തിലുണ്ടായില്ല. സമനിലക്കായി ഫ്രാൻസ് ശ്രമിക്കുന്നതിനിടെ പെഡ്രോ പോറോ-ഡാനി ഒൽമോ മുന്നേറ്റം സ്പെയിനിൻ്റെ രണ്ടാം ഗോൾ നേടി. ഒൽമോയുടെ പാസിൽ പോറോയുടെ കിടിലൻ ഫിനിഷിങ്.
സൂപ്പർ താരങ്ങൾ നിരാശപ്പെടുത്തിയിട്ടും പകരക്കാരെ ഇറക്കാൻ ദെഷാംസ് വൈകിയത് ഫ്രാൻസിന് തിരിച്ചടിയായി. 73ാം മിനിറ്റിൽ ഒലീസയെയും ലൂക്കാസ് ഡിഗ്നെയെും പിൻവലിച്ച് റയാൻ ചെർക്കിയും തിയോ ഹെർണാണ്ടസും വന്നെങ്കിലും അപ്പോഴേക്കും സ്പെയിൻ മത്സരത്തിൽ പിടിമുറുക്കിയിരുന്നു. പിന്നീട് ചില ഫ്രഞ്ച് മുന്നേറ്റങ്ങൾ കണ്ടതൊഴിച്ചാൽ ആധികാരികമായിരുന്നു സ്പെയിനിൻ്റെ ജയം. ഇത് നാലാം തവണയാണ് ഫ്രാൻസ് സെമിയിൽ തോൽക്കുന്നത്. തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട ഫ്രാൻസിന്റെ സ്വപ്നം സെമിയിൽ അവസാനിച്ചപ്പോൾ, 2010ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ സ്പെയിൻ അപരാജിത കുതിപ്പ് 37 മത്സരങ്ങളാക്കി ഇറ്റലിയുടെ റെക്കോർഡിനൊപ്പമെത്തി. കലാശപ്പോരിൽ അർജന്റീന-ഇംഗ്ലണ്ട് സെമി വിജയികളെ സ്പെയിൻ നേരിടും.