ലോകകപ്പ് സെമിയിൽ ഫ്രാൻസിൻ്റെ എതിരാളികളെ ഇന്നറിയാം. രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്പെയിൻ ഇന്ന് ബെൽജിയത്തെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. ലോകകപ്പിൽ വ്യത്യസ്ത ശൈലി പിന്തുടരുന്ന ടീമുകളാണ് സ്പെയിനും ബെൽജിയവും. ബോൾ നിയന്ത്രിച്ച് കളിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്ന ശൈലിയാണ് സ്പെയിനിന്റേത്. എന്നാല്‍, കിട്ടുന്ന അവസരങ്ങളിൽ എതിരാളികളുടെ ഗോൾ വല തുളയ്ക്കുന്ന ശൈലിയാണ് ബെൽജിയത്തിന്റേത്.
തോൽവിയറിയാതെയാണ് ഇരു ടീമുകളും ക്വാർട്ടറിലെത്തിയത്. ആകെ കളിച്ച അഞ്ച് മത്സരത്തിൽ കേപ് വെർദെയോട് ഒഴികെ നാല് മത്സരത്തിലും സ്പെയിൻ ജയം സ്വന്തമാക്കി. പ്രീക്വാർട്ടറിൽ ശക്തരായ പോർച്ചുഗലിനെ വീഴ്ത്തിയാണ് ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. ജീവൻമരണ പോരാട്ടത്തിൽ നിന്ന് തിരിച്ചുവന്ന കഥയാണ് ബെൽജിയത്തിനുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനോടും ഈജിപ്തിനോടും സമനില വഴങ്ങിയ ബെൽജിയം ശേഷിച്ച മൂന്ന് മത്സരത്തിലും വിജയിച്ചു, ഇതിൽ സെനഗലുമായി നടത്തിയ തിരിച്ചുവരവ് ഈ ലോകകപ്പിലെ തന്നെ മികച്ച മത്സരങ്ങളിൽ ഒന്നാണ്.
ഇതുവരെ ഇരുടീമുകളും 22 തവണയാണ് ഏറ്റുമുട്ടിയത് അതിൽ 12 തവണ സ്പെയിൻ ജയം സ്വന്തമാക്കിയപ്പോൾ അഞ്ച് മത്സരത്തിൽ ജയം ബെൽജിയത്തിനൊപ്പം നിന്നു. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ലോകകപ്പിൽ ഇരുടീമുകളും രണ്ട് തവണയാണ് ഏറ്റുമുട്ടിയത് 1986ലും 1990ലും. 86ൽ പെനാൽറ്റിയിൽ സ്പെയിനെ ബെൽജിയം വീഴ്ത്തിയപ്പോൾ നാല് വർഷത്തിന് ശേഷം 1990ൽ ബെൽജിയത്തെ 2-1 സ്പെയിൻ വീഴ്ത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് 13 ഗോളുകളാണ് റെഡ് ഡെവിൾസ് അടിച്ചു കൂട്ടിയത്. അഞ്ച് തവണ സ്വന്തം വലയിൽ ഗോൾ വാങ്ങുകയും ചെയ്തു. മറുവശത്ത് ഒമ്പത് ഗോൾ അടിച്ച സ്പാനിഷ് പടയുടെ വല കുലുക്കാൻ ഇതുവരെ എതിരാളികൾക്ക് കഴിഞ്ഞിട്ടില്ല.
സൂപ്പർ താരം യമാലിൽ തന്നെയാണ് സ്പെയിന്റെ പ്രതീക്ഷ, ഗോൾ അടിക്കാൻ കഴിഞ്ഞില്ലെങ്കിലും കൗമാര താരത്തിന്റെ ത്രൂ ബോളുകൾ ബെൽജിയത്തിന് തലവേദനയാകും. പേരുകേട്ട മധ്യനിര കൂടി ചേരുന്നതോടെ ടീമിന്റെ ആക്രമണം സുശക്തം, ഇതുവരെ ഗോൾ വാഴങ്ങാത്ത ഉനായ് സിമോണിന് കാവലായി ലപ്പോർട്ടും കുബാർസിയും നയിക്കുന്ന പ്രതിരോധ നിരയുമുണ്ട്.. ബെൽജിയത്തിന്റെ കൗണ്ടർ അറ്റാക്കുകൾക്ക് കാര്യങ്ങൾ എളുപ്പമല്ലെന്ന് സാരം.
സൂപ്പർ സബ്ബായി വന്ന് വലകുലുക്കുന്ന ലുക്കാക്കുവിലാണ് റെഡ് ഡെവിൾസിന്റെ പ്രതീക്ഷ. സൂപ്പർ താരങ്ങളായി കെവിൻ ഡിബ്രൂയിനും ഡോക്കുവും ഫോമിലേക്ക് മടങ്ങിയെത്തിയാൽ ഇതുവരെ വിറയ്ക്കാത്ത സ്പാനിഷ് പ്രതിരോധം വിയർക്കും. തിബോ കോർത്വ കാക്കുന്ന ഗോൾ വലയിലേക്ക് പന്തെത്തിക്കുക സ്പെയിന് വെല്ലുവിളിയാകും.