World Cup 2026

ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ച് സ്വിസ് പട; കൊളംബിയയെ തകർത്തത് പെനാൽറ്റി ഷൂട്ടൗട്ടിൽ

മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ കൊളംബിയയ്ക്ക് കഴിഞ്ഞെങ്കിലും വല കുലുക്കാൻ കഴിഞ്ഞില്ല

Author : ന്യൂസ് ഡെസ്ക്

വാൻകൂവർ: ലോകകപ്പ് ക്വാർട്ടർ കാണാതെ കൊളംബിയ പുറത്ത്. പ്രീ ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനോട് പരാജയപ്പെട്ടാണ് കൊളംബിയ പുറത്തായത്. കാനഡയിലെ വാൻകൂവർ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോൾ രഹിത സമനില പാലിച്ചു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് സ്വിറ്റ്‌സലർഡ് ജയിക്കുകയായിരുന്നു. ഞായറാഴ്‌ച്ച നടക്കുന്ന ക്വാർട്ടറിൽ അർജന്റീനയാണ് സ്വിറ്റ്‌സർലൻഡിന്റെ എതിരാളി.

ശക്തമായ പ്രതിരോധ കോട്ട തീർത്താണ് ഇരുടീമുകളും പൊരുതിയത്. മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ കൊളംബിയയ്ക്ക് കഴിഞ്ഞെങ്കിലും വല കുലുക്കാൻ കഴിഞ്ഞില്ല. പന്ത്രണ്ടും ഇരുപതും മിനിറ്റുകളിലെ കൊളംബിയയുെടെ ഗോൾ ശ്രമം കീപ്പർ കൈപ്പിടിയിലൊതുക്കി. ആദ്യ പകുതിയിൽ സ്വിറ്റ്സർലൻഡിന് ലഭിച്ച രണ്ട് അവസരങ്ങളും കൊളംബിയൻ ഗോളി കാമിലോ വാർഗാസും തടഞ്ഞു. 120 മിനിറ്റുകൾക്ക് ശേഷവും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സർലൻഡിനായി ഗ്രാനിറ്റ് ശാക്ക, സെകി അംദൂനി, സെഡ്രിക് ഇറ്റൻ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മാനുവൽ അകാഞ്ചിയുടെ കിക്ക് പാഴായി. എന്നാൽ അവസാന കിക്കെടുത്ത റൂബൻ വർഗാസ് കൊളംബിയൻ ഗോളി കാമിലോ വർഗാസിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചതോടെ സ്വിസ് പട വിജയവും ക്വാർട്ടർ ടിക്കറ്റും ഉറപ്പിച്ചു.

1954ന് ശേഷം ഇതാദ്യമായാണ് സ്വിറ്റ്‌സർലൻഡ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ക്വാർട്ടറിൽ മെസ്സിയുടെ അർജന്റീനയാണ് സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ. പ്രീ-ക്വാർട്ടർ മത്സരത്തിൽ ഈജിപ്തിനെ 3-2 ന് തകർത്താണ് അർജന്റീന ക്വാർട്ടറിലെത്തിയത്.

SCROLL FOR NEXT