ഈജിപ്ത് തുടക്കമിട്ടു, മെസിയും സംഘവും തീര്‍ത്തു; അര്‍ജന്റീന ക്വാര്‍ട്ടറില്‍

രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം.
ഈജിപ്ത് തുടക്കമിട്ടു, മെസിയും സംഘവും തീര്‍ത്തു; അര്‍ജന്റീന ക്വാര്‍ട്ടറില്‍
Published on
Updated on

പ്രീ ക്വാര്‍ട്ടര്‍ കടമ്പ കടന്ന് മെസിയും സംഘവും മുന്നോട്ട്. ഈജിപ്തിനെതിരെ ആദ്യ പകുതിയില്‍ പെനാല്‍റ്റി ഉള്‍പ്പെടെ നഷ്ടപ്പെടുത്തിയ ലോക ചാമ്പ്യന്മാര്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ചതോടെയാണ് ആധികാരിക ജയം സ്വന്തമാക്കിയത്. ആദ്യം ലീഡെടുത്തത് ഈജിപ്തായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും അര്‍ജന്റീനയുടെ വല കുലുക്കി ഈജിപ്ത് നയം വ്യക്തമാക്കി. എന്നാല്‍ പിന്നീടങ്ങോട്ട് ചാമ്പ്യന്മാരുടെ കളിയായിരുന്നു. രണ്ട് ഗോള്‍ നേട്ടത്തിനു പിന്നാലെ അയഞ്ഞുപോയ ഈജിപ്ത് പ്രതിരോധത്തെ സാക്ഷിയാക്കി അര്‍ജന്റീന ഗോള്‍ അടിച്ചുകൂട്ടി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം.

പതിനഞ്ചാം മിനുറ്റില്‍ തന്നെ മെസിയെയും സംഘത്തെയും ഈജിപ്ത് ഞെട്ടിച്ചു. യാസര്‍ ഇബ്രാഹിമിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ കാവലാളായ എമിലിയോ മാര്‍ട്ടിനെസിനെ സ്തബ്ധനാക്കി അര്‍ജന്റീനയുടെ വല കുലുക്കി. കോര്‍ണറിനു പിന്നാലെ മര്‍വാന്‍ അതിയ ബോക്സിലേക്ക് നീട്ടി നല്‍കിയ ക്രോസിലായിരുന്നു ഇബ്രാഹിമിന്റെ ഹെഡ്ഡര്‍. 19-ാം മിനുറ്റില്‍ മക് അലിസ്റ്ററിനെ ഈജിപ്ത് താരങ്ങള്‍ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത മെസിക്ക് പിഴച്ചു. മെസിയുടെ ഷോട്ട് ഈജിപ്റ്റ് ഗോളി മുസ്തഫ ഷൊബെയ്ന്‍ തട്ടിയകറ്റി. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് മെസി പെനാല്‍റ്റി പാഴാക്കുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയക്കെതിരെയും മെസി പെനാല്‍റ്റി പാഴാക്കിയിരുന്നു.

പിന്നീട് തുടര്‍ച്ചയായി ഈജിപ്ത് ഗോള്‍മുഖത്തേക്ക് അര്‍ജന്റീന ഇരച്ചുകയറി. എന്നാല്‍ ഗോള്‍ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 28-ാം മിനുറ്റില്‍ മാക് അലിസ്റ്ററുടെ ഹെഡ്ഡറും, 39-ാം മിനുറ്റില്‍ ഹൂലിയന്‍ അല്‍വരാസിന്റെ ഗോളെന്നുറച്ച ഷോട്ടും മുസ്തഫ ഷൊബെയ്ന്‍ രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ മറ്റ് അത്ഭുതങ്ങളൊന്നും സംഭവിക്കാതിരുന്നതോടെ, ഈജിപ്തിന് ഒറ്റ ഗോള്‍ ലീഡ്.

ഈജിപ്ത് തുടക്കമിട്ടു, മെസിയും സംഘവും തീര്‍ത്തു; അര്‍ജന്റീന ക്വാര്‍ട്ടറില്‍
വീണ്ടും പെനാല്‍റ്റി പാഴാക്കി; നാണക്കേടിന്റെ ആ റെക്കോഡും മെസിക്ക് സ്വന്തം

രണ്ടാം പകുതിയിലും ഈജിപ്ത് ആക്രമിച്ചു തന്നെ കളിച്ചു. അര്‍ജന്റീന പ്രതിരോധത്തിന്റെ ബലഹീനത വെളിപ്പെട്ട മത്സരത്തില്‍, ഈജിപ്ത് വീണ്ടും വല കുലുക്കി. 67-ാം മിനിറ്റിൽ മുസ്തഫ സിക്കോയാണ് ലീഡുയര്‍ത്തിയത്. എന്നാല്‍, പ്രതിരോധം ശക്തിപ്പെടുത്തുന്നതില്‍ ഈജിപ്തിനും പിഴച്ചു. അത് മെസിയും സംഘവും അതിവിദഗ്ധമായി പ്രയോജനപ്പെടുത്തി. 78-ാം മിനുറ്റില്‍ മെസിയുടെ പാസിൽ റൊമേരോയുടെ ഒന്നാന്തരം ഹെഡ്ഡര്‍ ഈജിപ്തിനെ ഞെട്ടിച്ചു. 83-ാം മിനുറ്റില്‍ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ മെസിയുടെ വക ഗോള്‍. 92-ാം മിനുറ്റില്‍ ലൗട്ടറോയുടെ പാസില്‍ എൻസോ ഫെർണാണ്ടസും സ്കോര്‍ ചെയ്തതോടെ ചാമ്പ്യന്മാര്‍ മത്സരം സ്വന്തമാക്കി.

News Malayalam 24x7
newsmalayalam.com