ഒരു മാസം നീണ്ട ഫുട്ബോൾ ഉത്സവത്തിന് തിരശീല വീണു. 104 മത്സരങ്ങൾ... 48 ടീമുകൾ... നൂറുകണക്കിന് ഗോളുകൾ... അനേകം റെക്കോർഡുകൾ. ഹൃദയഹാരിയായ ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച ഒരു ലോകകപ്പ് കാലം കൂടിയാണ് കടന്നുപോയത്. ആഫ്രിക്കയുടെ തേരോട്ടം കണ്ട, വമ്പൻമാരെ വീഴ്ത്തിയ കുഞ്ഞൻമാരുടെ വീര്യം കണ്ട ലോകകപ്പ്. അവസാനം സ്പെയിൻ ലോകചാംപ്യൻമാരായി കിരീടമുയർത്തി. എന്നാൽ ഈ ലോകകപ്പിനെ ചരിത്രമാക്കിയതു കിരീടം മാത്രമായിരുന്നില്ല. മറക്കാനാകാത്ത ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ചാണ് ഇരുപതിമൂന്നാമത് ലോകകപ്പിന് തിരശീല വീണത്.
16 വർഷത്തിന് ശേഷം സ്പെയിൻ വീണ്ടും ലോക ഫുട്ബോളിൻ്റെ നെറുകയിലെത്തി. എട്ട് മത്സരങ്ങളിൽ ഒരു ഗോൾ മാത്രം വഴങ്ങി ലോകകപ്പ് സ്വന്തമാക്കിയ ലാ റോജ. ഗോൾഡൻ ബോൾ, ഗോൾഡൻ ഗ്ലൗ, മികച്ച യുവതാരം അടക്കം വ്യക്തിഗത പുരസ്കാരങ്ങളിലും നേട്ടം കൊയ്തു. കിരീടം നഷ്ടമായെങ്കിലും പോരാട്ടവീര്യത്തിൻ്റെ പ്രതീകമായി അർജൻ്റീന മാറി. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമുള്ള ഈജിപ്റ്റിനെതിരായ തിരിച്ചുവരവ്. ഇംഗ്ലണ്ടിനെതിരെ അവസാന നിമിഷ വിജയഗോൾ എല്ലാം അർജൻ്റീനയുടെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തി.
ലോകകപ്പ് ആഫ്രിക്കയുടെതുമായിരുന്നു. പത്ത് ടീമുകളിൽ ഒൻപത് ടീമുകളും നോക്കൗട്ടിൽ. മൊറോക്കോ വീണ്ടും ക്വാർട്ടറിലെത്തി. ഈജിപ്റ്റും ദക്ഷിണാഫ്രിക്കയും ചരിത്രം കുറിച്ചു. ലോകഫുട്ബോളിൽ പുതിയ ശക്തിയുടെ പ്രഖ്യാപനമായിരുന്നു ഇത്. ആദ്യ ലോകകപ്പിനെത്തിയ കേപ് വെർദെയും കുറസാവോയും ഞെട്ടിച്ചു. ചാംപ്യൻമാരായ സ്പെയിനെ ആദ്യമത്സരത്തിൽ തന്നെ ഗോൾരഹിത സമനിലയിൽ പിടിച്ചുനിർത്തി ലോകത്തെ അത്ഭുതപ്പെടുത്തി കേപ് വെർദെ. കേപിൻ്റെ 40കാരൻ ഗോൾകീപ്പർ വൊസീഞ്ഞ ടൂർണമെൻ്റിലെ അപ്രതീക്ഷിത നായകനായി. ജർമനിക്കെതിരെ പൊരുതി വീണ ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോയും ഹൃദയത്തിൽ ഇടംനേടി.
26 വർഷത്തിന് ശേഷം ലോകകപ്പിലെത്തിയ നോർവെ ബ്രസീലിനെ പുറത്താക്കി ആദ്യമായി ക്വാർട്ടറിലെത്തി. ഹാളൻഡും സംഘവും ലോകത്തിൻ്റെ പ്രിയപ്പെട്ട അണ്ടർഡോഗുകളായി മാറിയപ്പോൾ വൈക്കിങ് റോ ചാൻ്റുകൾ ലോകമെമ്പാടുമുള്ള ആരാധകർ ഏറ്റെടുത്തു. ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടവും അവസാന മത്സരം വരെ നീണ്ടു. 10 ഗോളുകളുമായി എംബാപ്പെ ഗോൾഡൻ ബൂട്ട് നേടി. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടവും ഫ്രഞ്ച് താരം സ്വന്തമാക്കി.
മെസ്സിയും മറ്റൊരു അവിസ്മരണീയ ലോകകപ്പ് സമ്മാനിച്ചാണ് മടങ്ങിയത്. ജയപരാജയങ്ങൾക്കപ്പുറം ഫുട്ബോൾ മനുഷ്യരെ ഒന്നിപ്പിക്കുന്ന കായികമാണെന്ന് തെളിയിച്ച ലോകകപ്പ് കൂടിയാണ് കടന്ന് പോയത്. അതിൽ നിരാശയിരിക്കുന്ന കേപ് താരങ്ങളെ ചേർത്തുനിർത്തിയ അർജൻ്റീന താരങ്ങൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലിയോണൽ മെസ്സിയുടെയും തോൽവികളിൽ ചേർത്തുനിർത്തിയ ലമിൻ യമാൽ. നോർവെയുടെ ഐതിഹാസിക കുതിപ്പിന് പിന്നാലെ ഇംഗ്ലണ്ടിനോട് വീണപ്പോൾ ഹാളൻഡിനെ ആശ്വസിപ്പിച്ച ജൂഡ് ബെല്ലിങ്ഹാം അടക്കം നിരവധി മുഹൃത്തങ്ങൾ.
ബെക്കാം... റൊണാൾഡീഞ്ഞോ... റൊണാൾഡോ... പെപെ... റാമോസ്.... ഇനിയേസ്റ്റ തുടങ്ങിയ ഇതിഹാസങ്ങൾ ഒന്നാകെ ലോകകപ്പ് വേദിയിലേക്ക് ഒഴുക്കിയെത്തി. കൂടാതെ വിവിധ കായിക ലോകത്തെ ഇതിഹാസങ്ങളും സംഗീത ലോകത്തെ വിസ്മയങ്ങളും സിനിമ ലോകത്തെ അതികായൻമാരും ലോകകപ്പിനെ ഫുട്ബോളിനപ്പുറം ആഘോഷങ്ങളുടെ ലോകവേദിയാക്കി മാറ്റി. മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കിയ ജപ്പാൻ ഫാൻസ്. കേപിനെ ആദരവോടെ പറഞ്ഞയച്ച അർജൻ്റീനയുടെ ആരാധകർ. മെക്സിക്കോയുടെ സ്വന്തം മെർലിൻ, ഐഷോ സ്പീഡിൻ്റെ തമാശകൾ, അങ്ങനെ ഒട്ടനവധി ആരാധകർ ലോക ശ്രേദ്ധ നേടിയ ലോകകപ്പ് കൂടിയാണ് കഴിഞ്ഞ് പോയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നെയ്മർ ജൂനിയറും മുഹമ്മദ് സലായും ലൂക്ക മോഡ്രിച്ചും അടക്കം സൂപ്പർതാരങ്ങൾ പടിയിറങ്ങിയ ലോകകപ്പ് കൂടിയാണ് ജൂലൈ 20ന് സ്പെയിൻ കപ്പുയർത്തിയതോടെ കടന്നുപോയത്. ആരൊക്കെ ഇനി കളത്തിലുണ്ടാകുമെന്ന് ആർക്കറിയാം.