

ലോക ഫുട്ബോളിൻ്റെ അഭിമാനം, റൊസാരിയോയിൽ പിറന്ന നക്ഷത്രം... നീലപ്പടയുടെ എക്കാലത്തേയും മികച്ച കാൽപന്തു കളിക്കാരൻ ലിയോ എന്ന ലയണൽ ആന്ദ്രെസ് മെസ്സിയുടെ ലോകകപ്പിലെ ലാസ്റ്റ് ഡാൻസിന് ന്യൂയോർക്കിൽ പരിസമാപ്തി. തുടരെ രണ്ടാം വർഷവും ലോക കിരീടത്തിൽ മുത്തം ചാർത്താൻ ലോക ഫുട്ബോളിൻ്റെ രാജാവിന് കഴിഞ്ഞില്ലെങ്കിലും... ഇന്ദ്രനീലിമയും തൂവെള്ളയും ഇടകലർന്ന ജേഴ്സിയെ നെഞ്ചേറ്റിയ ആരാധകർക്ക് ആശ്വസിക്കാൻ ഇനിയെന്നും ഓർത്തോർത്ത് പുഞ്ചിരിക്കാൻ കഴിയുന്ന അതുല്യ പ്രകടനം പുറത്തെടുത്ത് തന്നെയാണ് മെസ്സി കളംവിട്ടത്.
പഴകുംതോറും വീര്യമേറുന്നൊരു വീഞ്ഞ് പോലെയായിരുന്നു അയാളിലെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ. ആദ്യമെല്ലാം രാജ്യത്തിന് വേണ്ടി കിരീടം നേടാൻ അറിയാത്തവനെന്ന പഴിയാണ് അയാൾ കൂടുതലും കേട്ടിരുന്നത്. ഒരിക്കൽ ടീം കപ്പില്ലാതെ തോറ്റുമടങ്ങിയതിന് പിന്നാലെ അർജൻ്റീനൻ ജഴ്സിയോട് വിട പറഞ്ഞിട്ടുണ്ട് മെസ്സി. എന്നാൽ തന്നിലുറങ്ങുന്ന പ്രതിഭയോട് ചെയ്യുന്ന അനീതിയാണെന്ന് തിരിച്ചറിഞ്ഞ് ആ തീരുമാനം പിൻവലിക്കുകയും ചെയ്തിരുന്നു. പ്രായം 30 പിന്നിട്ടതിന് ശേഷമാണ് മെസ്സിയുടെ കിരീടവേട്ടകൾക്ക് മൂർച്ച കൈവന്നത്.
ആറ് ലോകകപ്പുകളിലാണ് ലിയോ മെസ്സി പന്തു തട്ടിയത്. ക്രിസ്റ്റ്യാനോയ്ക്കും ഒച്ചാവോയ്ക്കുമൊപ്പം ആറ് വീതം ലോകകപ്പുകളിൽ കളിച്ച താരമെന്ന റെക്കോർഡിനൊപ്പമെത്തിയാണ് മെസ്സി മടങ്ങുന്നത്. ഫിഫ ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച ഫുട്ബോളറെന്ന റെക്കോർഡിനുടമയാണ് അയാൾ. 2006 മുതൽ 2026 വരെ 34 ലോകകപ്പ് മത്സരങ്ങളിലാണ് അയാൾ അർജൻ്റീനയുടെ ജേഴ്സിയിൽ കളിച്ചത്. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളിൽ നിന്നായി ആകെ 21 ഗോളുകളും രാജ്യത്തിനായി മെസ്സി അടിച്ചുകൂട്ടി. 2006ൽ ഒരു ഗോളും, 2014ൽ നാല് ഗോളുകളും, 2018ൽ വീണ്ടും ഒരു ഗോളും, 2022ൽ ഏഴ് ഗോളുകളും നേടിയ അർജൻ്റൈൻ ഇതിഹാസം 2026ൽ എട്ട് ഗോളുകളുമായി തൻ്റെ കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്താണ് മടങ്ങുന്നത്.
റെക്കോർഡ് മഴ പെയ്യിച്ചാണ് മെസ്സി ലോകകപ്പിനോട് ബൈ പറയുന്നത്. ഫിഫ ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ലയണൽ മെസ്സി ഇന്ന് മാറി. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ കളിക്കുന്ന ആദ്യ ഫുട്ബോളറും ലിയോ തന്നെയാണ്. ക്യാപ്റ്റനെന്ന നിലയിൽ മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ടീമിനെ നയിച്ച ആദ്യ ഫുട്ബോൾ താരമായും ലയണൽ മെസ്സി ഇന്നലെ മാറി.
മെസ്സി ആരാധകർക്ക് ഏറെ നിരാശയേകിയ രാത്രിയാണ് കടന്നുപോയത്. ഇന്നലെ അത്യന്തം വാശിയേറിയൊരു ഫൈനലാണ് ആരാധകർ പ്രതീക്ഷിച്ചതെങ്കിലും അവസാന ആട്ടത്തിൽ രാജാവിന് ഉചിതമായൊരു യാത്രയയപ്പ് നൽകാൻ അർജൻ്റൈൻ സഹതാരങ്ങൾ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. മെസ്സിയിലേക്കുള്ള ബോൾ സപ്ലൈ വെട്ടിച്ചുരുക്കാൻ സ്പാനിഷ് മിഡ് ഫീൽഡർമാരും ഡിഫൻഡർമാരും വിജയിച്ചിടത്താണ് അർജൻ്റീന മത്സരം കൈവിട്ടത്. ഈജിപ്തും സ്വിറ്റ്‌സർലൻഡും ഇംഗ്ലണ്ടുമെല്ലാം പരാജയപ്പെട്ടിടത്ത് സ്പെയിൻ തലയുയർത്തി നിന്നു.
എന്നാൽ മുൻ ജേതാക്കളെന്ന നിലയിൽ സ്കലോണിയുടെ ഈ നീലപ്പടയ്ക്കായി കയ്യടിക്കാതിരിക്കാൻ ആർക്കും സാധിക്കില്ല. സ്കലോണിയുടെ വരവോടെ അവർ തീർത്തും അജയ്യരായി മാറി. അവരെ വീഴ്ത്താൻ ആർക്കും കഴിയില്ലെന്ന സ്ഥിതിവന്നു. എന്നാൽ സ്കലോണിയെന്ന ശിഷ്യൻ്റെ കുതന്ത്രങ്ങളെ മറികടന്ന് ശരിക്കും ഒരു ഗുരുവിൻ്റെ യഥാർഥ മഹത്വം എന്തെന്ന് ലൂയിസ് ഡി ലാ ഫ്യുയൻ്റെ ലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്തു. 65കാരനായ ഈ കോച്ചിന് കീഴിൽ കഴിഞ്ഞ 38 മത്സരങ്ങളിലും സ്പാനിഷ് ടീം തോൽവിയറിഞ്ഞിട്ടില്ല. 2024 യൂറോ കപ്പും, 2026 ലോകകപ്പും സ്പെയിനിന് നേടിക്കൊടുത്താണ് ഫ്യുയൻ്റെ തൻ്റെ പ്രയാണം തുടരുന്നത്.
ആർക്കും വെല്ലുവിളിക്കാൻ കഴിയാത്ത തരത്തിലുള്ള അർജൻ്റീനയുടെ പ്രകടനമികവും, വശ്യമായ ലാറ്റിനമേരിക്കൻ ഫുട്ബോൾ ശൈലിയുമാണ് അവർക്ക് സ്വാഭാവികമായും ഹേറ്റേഴ്സിനെ സമ്മാനിക്കുന്നത്. എന്നാൽ അർജൻ്റീനയെ കണ്ണുംപൂട്ടി വിമർശിക്കുന്നവർ ശരിക്കും ഫുട്ബോൾ ആരാധകരേയല്ല. ഒരു ഫാൻ ഫൈറ്റിനപ്പുറം കഴമ്പില്ലാത്ത കാര്യമാണത്. അത്രയും ആധികാരികമായിട്ടായിരുന്നു അവരുടെ ഫൈനലിലേക്കുള്ള പ്രയാണം.