ലോകകപ്പിലെ ചിലരുടെ അരങ്ങേറ്റം ചരിത്രപുസ്തകത്തില്‍ മാത്രമായി ഒതുങ്ങിപ്പോകും. ചിലത് തലമുറകളിലേക്കു പകരപ്പെടുന്ന വാമൊഴികളാകും. ഇന്നലെ ഫ്രാന്‍സിനെതിരെ സെനഗലിനായി കളത്തിലിറങ്ങിയ പതിനെട്ടുകാരന്റെ കഥ ഒരുപക്ഷേ, രണ്ടാമത് പറഞ്ഞ കൂട്ടത്തിലാകും എണ്ണപ്പെടുക. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ. അതും താൻ ജനിച്ചും വളർന്നും, ഫുട്ബോൾ പഠിച്ചും, ജേഴ്സിയണിഞ്ഞ് ആദ്യം കളിച്ചതുമായ രാജ്യത്തിനെതിരെ. ഒപ്പം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആഫ്രിക്കൻ ഗോൾ സ്കോറർ എന്ന അപൂർവ നേട്ടവും. ലോക ഫുട്ബോളില്‍ വരവ് അറിയിക്കുകയാണ് ഇബ്രാഹിം എംബയെ.
ന്യൂയോര്‍ക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ കളി തുടങ്ങിവെച്ചത് സെനഗല്‍ ആയിരുന്നു. മികച്ച മുന്നേറ്റങ്ങളുമായി ആഫ്രിക്കന്‍ പോരാളികള്‍ തുടക്കത്തിലേ കളംനിറഞ്ഞു. ഫ്രഞ്ച് പ്രതിരോധത്തെ അവര്‍ പലകുറി പരീക്ഷിച്ചു. സാദിയോ മാനെയുടെ വേഗക്കുതിപ്പിനൊപ്പം നിക്കോളാസ് ജാക്സനും, ഇസ്മായില സാറും ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തി. ഏഴാം മിനുറ്റ് മുതല്‍ സാറും ജാക്സനും മാനെയും തങ്ങളുടെ ഗെയിംപ്ലാന്‍ വ്യക്തമാക്കി. പലകുറി അവര്‍ ലക്ഷ്യത്തിലേക്ക് പന്ത് പായിച്ചു. ജാക്‌സന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍, സാര്‍ ലഭിച്ച മികച്ച അവസരം പാഴാക്കി. വലയില്‍ പതിച്ചതൊന്ന് ഓഫ് സൈഡിലും പെട്ടു. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുമ്പോള്‍, പോരാട്ട മികവില്‍ ആഫ്രിക്കന്‍ സംഘം തന്നെയായിരുന്നു മുന്നില്‍.
രണ്ടാം പകുതിയില്‍ കളം അടക്കിവാഴുന്ന പതിവ് ഫ്രാന്‍സ് തെറ്റിച്ചില്ല. കായികമായി സെനഗല്‍ ക്ഷീണിച്ചു തുടങ്ങിയ സമയം, ഫ്രഞ്ച് നിര വേഗക്കുതിപ്പിന് തുടക്കമിട്ടു. 66-ാം മിനുറ്റില്‍ മൈക്കൽ ഒലിസെയുടെ അത്യുഗ്രന്‍ പാസിൽ നിന്ന് കിലിയൻ എംബപ്പെ ആദ്യ ഗോൾ നേടിയതോടെ കളി ഫ്രാന്‍സിന്റെ വരുതിയിലായി. സെനഗല്‍ പതുക്കെ സമ്മര്‍ദത്തിലേക്ക് വഴുതിവീഴുന്ന സമയം. 82-ാം മിനുറ്റില്‍ ബ്രാഡ്‍ലി ബര്‍കോല മനോഹരമായ ചിപ്പ് ഗോളിലൂടെ ലീഡ് ഉയര്‍ത്തി. മത്സരം അധികസമയത്തേക്ക് കടന്നപ്പോഴാണ് സെനഗലിന്റെ കൗമാരതാരം ഇബ്രാഹിം എംബയെ ഞെട്ടിച്ചത്. 95ാം മിനുറ്റില്‍ പിഎസ്‍ജിയുടെ യുവ തുര്‍ക്കി ഫ്രഞ്ച് ഗോള്‍വല കുലുക്കി. ഇടതുവിങ്ങിലൂടെ അതിവേഗം മുന്നേറിയ യുവതാരം, പ്രതിരോധത്തിൽ തിയോ ഹെർണാണ്ടസിനെ മറികടന്ന് ഗോൾകീപ്പർ മൈക്ക് മെയ്‌ഗനെയും കീഴടക്കി പന്ത് വലയിലെത്തിച്ചു. മത്സരം ആവേശകരമായ അന്ത്യത്തിലേക്കെന്ന് തോന്നിച്ചെങ്കിലും, തൊട്ടടുത്ത നിമിഷം എംബപ്പെ വീണ്ടും വലകുലുക്കി. പെനാൽറ്റി ബോക്സിന് പുറത്തു നിന്ന് ഏകദേശം 30 വാര അകലത്തിൽ നിന്നുള്ള തകർപ്പൻ ഷോട്ട് ടോപ് കോർണറിലേക്ക് പാഞ്ഞപ്പോൾ ഫ്രാൻസ് ജയം ഉറപ്പിച്ചു.
ഫ്രാന്‍സിനോടു തോറ്റെങ്കിലും, എംബയെ അരങ്ങേറ്റം അവിസ്മരണീയമാക്കി. സെനഗലിനായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിനൊപ്പം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആഫ്രിക്കൻ ഗോൾ സ്കോറര്‍ എന്ന റെക്കോഡും എംബയെ സ്വന്തമാക്കി. 18 വയസും 143 ദിവസവുമായിരുന്നു എംബയെയുടെ പ്രായം. 75-ാം മിനുറ്റിലായിരുന്നു എംബയെ പകരക്കാരനായി കളത്തിലിറങ്ങിയത്. അവസാന മിനുറ്റുകളില്‍ ഫ്രഞ്ച് പ്രതിരോധത്തെ അലട്ടിയതും ഈ കൗമാരതാരം തന്നെയായിരുന്നു. എംബപ്പെയുടെ രണ്ടാം ഗോളിനുശേഷം, എംബയെ നടത്തിയൊരു നീക്കം ഫ്രാന്‍സിന്റെ സെല്‍ഫ് ഗോളില്‍ കലാശിക്കേണ്ടതായിരുന്നു. ഓറേലിയൻ തൗമേനിയുടെ പാളിയ ഡിഫെന്‍സില്‍, ഗോള്‍കീപ്പര്‍ മെയ്‌ഗന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്.
സെനഗലിനായി പന്തു തട്ടുന്നവരില്‍ ഏറെയും ഫ്രാന്‍സില്‍ ജനിച്ചവരാണ്. പലരും ഫ്രഞ്ച് യൂത്ത് ക്ലബ്ബുകളില്‍ കളി പഠിച്ചവരുമാണ്. എംബയെയും അങ്ങനെതന്നെ. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എംബയെയുടെ ഫുട്ബോള്‍ കരിയര്‍. 2008 ജനുവരി 24ന് ഫ്രാന്‍സിലായിരുന്നു എംബയെയുടെ ജനനം. പിതാവ് അബ്ദുല്ല സെനഗൽ വംശജനാണ്. മാതാവ് യാസ്മിൻ മോറോക്കൻ വംശജയും. അഞ്ചാം വയസില്‍ ഫുട്ബോളുമായുള്ള ബന്ധം ആരംഭിച്ചു. 2013ൽ ഇഎസ് ഗിയാൻകൂറിനൊപ്പം തുടക്കം. രണ്ടു വർഷത്തിനു ശേഷം വെഴ്‌സായ് അക്കാദമിയിലേക്ക്. 2018ൽ, വെറും പത്താം വയസിൽ, പിഎസ്‌ജി അക്കാദമിയിൽ ചേർന്നതോടെയാണ് ഇബ്രാഹിം എംബയെയെന്ന പ്രതിഭയുടെ യഥാർഥ വളർച്ച ആരംഭിച്ചത്. 2023-24 സീസണിൽ, 16-ാം വയസിൽ, പിഎസ്‌ജിയുടെ അണ്ടർ-19 ടീമിലെ പ്രധാന താരമായി എംബയെ മാറി. അണ്ടർ-19 ദേശീയ ചാമ്പ്യന്‍ഷിപ്പ് കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. സെമിഫൈനലിൽ മാർസെയ്‌ക്കെതിരായ 2-0 വിജയത്തിൽ ഗോൾ നേടി. ഫൈനലിൽ ഓക്സെറിനെതിരായ 3-1 വിജയത്തിൽ നിർണായക അസിസ്റ്റും നൽകി.
അക്കാദമിയിലെ മിന്നുന്ന പ്രകടനങ്ങൾ പിഎസ്‌ജി സീനിയർ ടീം പരിശീലകൻ ലൂയിസ് എൻറിക്കെയുടെ ശ്രദ്ധ പിടിച്ചുപറ്റി. 2024 ജൂലൈയിൽ പ്രീ-സീസൺ ക്യാമ്പിലേക്ക് വിളിയെത്തി. ഓഗസ്റ്റിൽ നടന്ന സൗഹൃദ മത്സരത്തിൽ ആദ്യമായി സീനിയർ ടീമിനായി കളത്തിലിറങ്ങിയ എംബയെ, ഒമ്പതാം മിനിറ്റിൽ മാർക്കോ അസെൻസിയോയുടെ പാസിൽ ഗോൾ നേടി എൻറിക്കെയുടെ പ്രതീക്ഷ കാത്തു. ആർബി ലെയ്‌പ്സിഗിനെതിരായ മത്സരത്തിലെ പ്രകടനം അദ്ദേഹത്തെ എൻറിക്കെയുടെ പ്രിയപ്പെട്ടവനുമാക്കി. പിന്നാലെ, 2024 ഓഗസ്റ്റ് 16ന് ലെ ഹാവ്റെയ്‌ക്കെതിരായ ലീഗ് 1 മത്സരത്തില്‍ പിഎസ്‌ജിക്കായി ഔദ്യോഗിക അരങ്ങേറ്റം. പ്രായം 16 വയസും ആറുമാസവും 23 ദിവസവും. പിഎസ്‌ജിയുടെ ആദ്യ ഇലവനിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും അതോടെ സ്വന്തം. 2024ല്‍ യുവേഫ സൂപ്പർ കപ്പിൽ ടോട്ടനം ഹോട്സ്പറിനെതിരെ കളിച്ച എംബയെ സൂപ്പർ കപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 17 വയസ്സും 6 മാസവും 19 ദിവസവുമായിരുന്നു അപ്പോള്‍ പ്രായം. അതേവര്‍ഷം സെപ്റ്റംബറില്‍ അറ്റലാന്റക്കെതിരായ മത്സരത്തിലൂടെ യുവേഫ ചാമ്പ്യൻസ് ലീഗിലും അരങ്ങേറ്റം കുറിച്ചു. പിഎസ്‌ജിയിലെ വണ്ടര്‍ കിഡ് ആയി മാറിയ എംബയെ 2025 ഫെബ്രുവരിയിൽ ക്ലബ്ബുമായി ആദ്യ പ്രൊഫഷണൽ കരാറിലും ഒപ്പിട്ടു. 2027 വരെയാണ് കരാര്‍.
2023-24ല്‍ ഫ്രാന്‍സിന്റെ അണ്ടര്‍ 16 അംഗമായിരുന്നു എംബയെ. 16 മത്സരങ്ങളില്‍നിന്ന് ആറ് ഗോളുകള്‍ അടിച്ചുകൂട്ടി. തൊട്ടടുത്ത സീസണില്‍ അണ്ടര്‍ 17നായി കളിച്ചു. പിന്നാലെ അണ്ടര്‍ 19, അണ്ടര്‍ 20 ടീമുകളിലും ഫ്രഞ്ച് ജേഴ്സിയണിഞ്ഞു. 2025ല്‍ ഫിഫ ക്ലബ് വേൾഡ് കപ്പിൽ അറ്റ്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയ എംബയെ, ക്ലബ് ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. എന്നാല്‍, കുടുംബവേരുകളെ ആദരിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ സെനഗലിനെ പ്രതിനിധീകരിക്കാൻ എംബയെ തീരുമാനമെടുക്കുകയായിരുന്നു. ഫിഫയും അത് ശരിവച്ചു. 2025 നവംബറിൽ ബ്രസീലിനെതിരായ മത്സരത്തിലൂടെ സെനഗൽ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു. മൂന്നു ദിവസങ്ങൾക്കിപ്പുറം കെനിയക്കെതിരായ സൗഹൃദ മത്സരത്തിൽ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി. അതോടെ സെനഗലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്കോററായും മാറി. 2025 ആഫ്രിക്കൻ നേഷൻസ് കപ്പിൽ രാജ്യത്തിനുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. സുഡാനെതിരായ പ്രീക്വാർട്ടറിൽ ഗോൾ നേടി ടൂർണമെന്റിൽ ഗോൾ നേടുന്ന സെനഗലിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി.
പിഎസ്‌ജിക്കായും സെനഗലിനായും നടത്തിയ പ്രകടനങ്ങളാണ് എംബെയ്ക്ക് ലോകകപ്പ് ടീമിലേക്ക് വഴിയൊരുക്കിയത്. 2026 ജൂൺ 16ന് ഫ്രാൻസിനെതിരായ മത്സരത്തിൽ 75-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ എംബയെ, 20 മിനിറ്റുകൊണ്ടാണ് ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധാകേന്ദ്രമായത്. ഇത് എംബയെയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നേക്കാം. നോര്‍വേയ്ക്കെതിരായ സെനഗലിന്റെ നിര്‍ണായക പോരാട്ടത്തില്‍ ആദ്യ ഇലവനില്‍ എംബയെയെ ഉണ്ടാകുമോ? സീനിയർ തലത്തിൽ ഇതുവരെ ഒരു മത്സരത്തിലും ആദ്യ ഇലവനിൽ ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, അവസരം നല്‍കി പരീക്ഷിക്കാവുന്നൊരു പ്രതിഭയാണ് എംബയെയെന്ന് ഫ്രാന്‍സിനെതിരായ പ്രകടനം വ്യക്തമാക്കുന്നുണ്ട്.