

ന്യൂയോർക്ക്: ന്യൂ ജേഴ്സ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഐ ഗ്രൂപ്പിലെ ആദ്യ ലോകകപ്പ് പോരാട്ടത്തിൽ ആഫ്രിക്കൻ ശക്തികളായ സെനഗലിനെ 3-1ന് തകർത്ത് കിലിയൻ എംബാപ്പെയുടെ ഫ്രഞ്ച് സൈന്യം ടൂർണമെൻ്റിൽ ജൈത്രയാത്ര തുടങ്ങി. വിരസമായ ആദ്യ പകുതിയിൽ ഫ്രാൻസ് മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ സെനഗൽ ഡിഫൻഡർമാർക്ക് സാധിച്ചിരുന്നു. രണ്ട് ഗോളുകളുമായി കിലിയൻ എംബാപ്പെ തിളങ്ങിയ മത്സരത്തിൽ മൈക്കൽ ഒലിസെയാണ് മാൻ ഓഫ് ദി മാച്ചായത്.
എന്നാൽ രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെ ആക്രമിച്ച് കളിച്ച നീലപ്പടയ്ക്കായി ആദ്യം വലകുലുക്കിയത് നായകൻ കിലിയൻ എംബാപ്പെ തന്നെയായിരുന്നു. മിഡ് ഫീൽഡിൽ നിന്നും മൈക്കൽ ഒലിസെ നൽകിയ അതിമനോഹരമായൊരു ത്രൂ പാസ് എംബാപ്പെയ്ക്ക് ലഭിക്കുന്നു. ബോക്സിൻ്റെ വലത് മൂലയിലേക്ക് ഓടിക്കയറാൻ ശ്രമിക്കവെ സെനഗൽ ഗോളി മെൻഡി അത് തടയാൻ ശ്രമിക്കുന്നു. പന്തിനെ അനായാസം ഗോളിക്ക് മുകളിലൂടെ ചിപ്പ് ചെയ്തിട്ട് 66ാം മിനിറ്റിൽ എംബാപ്പെ ഫ്രാൻസിന് നിർണായക ലീഡ് സമ്മാനിച്ചു.
പിന്നാലെ 69ാം മിനിറ്റിൽ സെനഗൽ സ്ട്രൈക്കർ ജാക്സൺ അതിവേഗ ഓട്ടത്തിലൂടെ ലഭിച്ച പന്ത് ഫ്രാൻസിൻ്റെ വലയിൽ എത്തിച്ചെങ്കിലും സൈഡ് റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ പകരക്കാരനായി എത്തിയ ബാർക്കോളയിലൂടെ ഫ്രാൻസ് 81ാം മിനിറ്റിൽ ലീഡ് വീണ്ടും ഉയർത്തി. റാബിയോട്ട് നൽകിയ പാസ് മെൻഡിയുടെ തലയ്ക്ക് മുകളിലൂടെ താരം പോസ്റ്റിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.
മത്സരം നിശ്ചിത സമയവും അവസാനിച്ച് ഇഞ്ച്വറി ടൈമിലേക്ക് നീണ്ടതോടെ പൊടുന്നനെ സെനഗലിൻ്റെ ഭാഗത്ത് നിന്ന് മികച്ചൊരു മുന്നേറ്റമുണ്ടായി. വലത് വിങ്ങിലൂടെ ഇബ്രാഹിം എംബായെ നടത്തിയ നീക്കത്തിനൊടുവിൽ ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മൈഗ്നനെ സ്തബ്ധനാക്കി താരം ഫ്രഞ്ച് ഗോൾവല കുലുക്കി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മത്സരം 2-1 എന്ന നിലയിലേക്ക് മാറിയതോടെ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ് വെള്ളക്കുപ്പി നിലത്തെറിഞ്ഞ് താരങ്ങളോട് പരസ്യമായി നിരാശ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ തൊട്ടുപിന്നാലെ ലെസ് ബ്ലൂസ് നായകൻ തൻ്റെ രണ്ടാമത്തെ ഗോൾ കൂടി നേടി മത്സരം വരുതിയിൽ തന്നെ നിർത്തി. ബോക്സിന് കുറച്ച് ദൂരെ മാറി ലഭിച്ച പന്ത് സെനഗൽ ഗോളി മെൻഡിയേയും കീഴടക്കി ടോപ് കോർണറിൽ വന്ന് പതിച്ചു. സെനഗലിനെതിരായ മാച്ചിൽ 66, 90+6 മിനിറ്റുകളിൽ ഗോൾ നേടിയതിന് പിന്നാലെ ഫ്രാൻസിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന ഒലിവർ ജിറൗദിൻ്റെ (57) റെക്കോർഡ് കിലിയൻ എംബാപ്പെ (58) മറികടന്നു.
കൂടാതെ സ്വന്തം പേരിൽ ആകെ 14 ലോകകപ്പ് ഗോളുകളുമായി, ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിൻ്റെ എക്കാലത്തേയും ഉയർന്ന ഗോൾ വേട്ടക്കാരനായും എംബാപ്പെ മാറി. 1958 ലോകകപ്പിൽ ഒരു സീസണിൽ 13 ഗോളുകൾ അടിച്ചുകൂട്ടിയ ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്നിൻ്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. തിയറി ഹെൻറി (6), മിഷേൽ പ്ലാറ്റിനി (5), ഒലിവർ ജിറൗദ് (5), സിനദിൻ സിദാൻ (5) എന്നിവരാണ് ഫ്രാൻസിനായി ലോകകപ്പിൽ ഗോളടിച്ച് കൂട്ടിയ പ്രമുഖർ.