ലോകഫുട്ബോളിലെ മാന്ത്രികൻ നെയ്മറും ബ്രസീലും ഇത്തവണ ലോകകപ്പിനോട് വിടപറഞ്ഞത് കണ്ണീരോടെയായിരുന്നു. നോർവെയ്ക്കെതിരായ തോൽവിക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് നെയ്മർ പ്രഖ്യാപിച്ചു. നാല് ലോകകപ്പുകളിൽ ബ്രസീലിന്റെ ജേഴ്സിയണിഞ്ഞെങ്കിലും, ഒരിക്കൽപ്പോലും ലോകകപ്പ് കിരീടം ഉയർത്താനാകാതെയാണ് താരത്തിന്റെ മടക്കം.
പരിക്കുകൾ മൂലം മൂന്ന് വർഷത്തോളം ദേശീയ ടീമിന് പുറത്തായിരുന്ന നെയ്മർ അവസാന നിമിഷത്തിലാണ് ലോകകപ്പ് ടീമിൽ ഇടംപിടിച്ചത്. സ്കോട്ലൻഡിനും നോർവെയ്ക്കുമെതിരായ മത്സരങ്ങളിൽ പകരക്കാരനായിറങ്ങിയ താരം ഒരു ഗോൾ നേടി. വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും നെയ്മാർ ഒരിക്കൽക്കൂടി ബ്രസീൽ ജേഴ്സിയണിയുമെന്ന പ്രതീക്ഷയാണ് ആരാധകർ പങ്കുവയ്ക്കുന്നത്.
ആരാധകരുടെ പ്രതീക്ഷയ്ക്ക് കൂടുതൽ കരുത്ത് പകരുന്നത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന ഒരു എഐ വീഡിയോയാണ്. കുട്ടിക്കാലം മുതൽ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ നാല് നെയ്മാർമാർ ഒരുമിക്കുന്നതാണ് വീഡിയോയുടെ പ്രമേയം. കുട്ടി നെയ്മാറിനോട് സംസാരിക്കുന്ന താരം, "എല്ലാം നേടി... പക്ഷേ ലോകകപ്പ് മാത്രം നേടാനായില്ല" എന്ന് പറയുന്ന രംഗം ആരാധകരുടെ ഹൃദയം തൊട്ടു. വൺ ലാസ്റ്റ് ഡാൻസ് എന്ന് നെയ്മാർ പറയുമ്പോൾ, കുട്ടി നെയ്മാർ അത് ഏറ്റുപറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വീഡിയോ ലക്ഷക്കണക്കിന് ആരാധകർ ഏറ്റെടുത്തതിന് പിന്നാലെ, നെയ്മർ തന്നെയും അത് ലൈക്ക് ചെയ്യുകയും കരയുന്ന ഇമോജിയോടെ പ്രതികരിക്കുകയും ചെയ്തു. അതോടെയാണ് ഇത് ഒരു സാധാരണ പ്രതികരണമല്ലെന്നും തിരിച്ചുവരവിന്റെ സൂചനയാകാമെന്ന ചർച്ചകൾ ശക്തമായത്. 2030 ലോകകപ്പ് നടക്കുമ്പോൾ നെയ്മറിന് 38 വയസാകും. എന്നാൽ ഫിറ്റ്നസ് നിലനിർത്താൻ കഴിഞ്ഞാൽ ഒരിക്കൽക്കൂടി ബ്രസീൽ ടീമിലേക്ക് മടങ്ങിയെത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് ആരാധകർ വിശ്വസിക്കുന്നു. കോൺഫെഡറേഷൻസ് കപ്പും ഒളിമ്പിക്‌സ് സ്വർണവും ബ്രസീലിന് സമ്മാനിച്ച നെയ്മറിന്, ലോകകപ്പ് എന്ന സ്വപ്നം പൂർത്തിയാക്കാൻ ഒരു അവസരം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.