നമ്മള്‍ ഈ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കാണോ? പതിറ്റാണ്ടുകളായി മനുഷ്യന്‍ സ്വയം ചോദിക്കുന്ന ഈ ചോദ്യത്തിന് ഒടുവില്‍ ലോകശക്തിയായ അമേരിക്കയുടെ പക്കല്‍ ഉത്തരമുണ്ടാകുമോ? 2026 ഫെബ്രുവരി 19-ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്യഗ്രഹജീവികളെയും, അജ്ഞാത ആകാശ വസ്തുക്കളെയും സംബന്ധിച്ച എല്ലാ രഹസ്യ സര്‍ക്കാര്‍ ഫയലുകളും പുറത്തുവിടും എന്ന് പ്രഖ്യാപിച്ചത് മുതല്‍ ലോകം ഈ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം കണ്ടെത്താന്‍ കഴിയുമോ ആകാംഷയിലായിരുന്നു. ഒടുവില്‍ കഴിഞ്ഞ മെയ് 8 ന് Presidential Unsealing and Reporting System for UAP Encounter അഥവാ 'PURSUE' എന്ന് പേരിട്ടിരിക്കുന്ന ഔദ്യോഗിക സംവിധാനത്തിലൂടെ അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആ ഫയലുകള്‍ പരസ്യപ്പെടുത്താന്‍ തുടങ്ങി. മെയ് 22 ന് രണ്ടാം ഘട്ട ഡീക്ലാസ്സിഫൈഡ് ഫയലുകളുമെത്തി. 1940-കള്‍ മുതല്‍ സൈനിക പൈലറ്റുമാരും യുദ്ധക്കപ്പലുകളും നിരീക്ഷിച്ച എണ്‍പതോളം വര്‍ഷത്തെ വിവരങ്ങള്‍ അടങ്ങിയ ഇരുനൂറിലധികം ഫയലുകള്‍, ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍, ചിത്രങ്ങള്‍ എന്നിവ ഇതിലുണ്ട്. 1960-കളിലെ ജെമിനി, അപ്പോളോ ചാന്ദ്ര ദൗത്യങ്ങളില്‍ പങ്കെടുത്ത നാസ പൈലറ്റുമാരും അസ്‌ട്രോനോട്ടുകളും തങ്ങളുടെ പേടകങ്ങള്‍ക്ക് ചുറ്റും അസാധാരണമായ പ്രകാശകണങ്ങളും വസ്തുക്കളും കണ്ടതായി റിപ്പോര്‍ട്ട് ചെയ്ത നിര്‍ണ്ണായക ഓഡിയോ സംഭാഷണങ്ങളും ഇതിലൂടെ പുറത്തുവന്നു. പെന്റഗണിന്റെ ഔദ്യോഗിക വിശദീകരണമനുസരിച്ച് ഇവയെല്ലാം നിലവില്‍ ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയാത്ത 'അണ്‍റിസോള്‍വ്ഡ്' കേസുകളാണ്.
'പര്‍സ്യൂ'വില്‍ പുറത്തുവന്നത് അന്യഗ്രഹ ജീവികളോ?
2004ല്‍ നടന്ന 'ടിക് ടാക് യുഎപി' സംഭവം യുഎഫ്ഒ ചരിത്രത്തിലെ ഏറ്റവും വിശ്വസനീയവും ശാസ്ത്രജ്ഞരെപ്പോലും ആശയക്കുഴപ്പത്തിലാക്കിയതുമായ ഒന്നാണ്. അത്യാധുനിക സൈനിക റഡാറുകളും അനുഭവസമ്പന്നരായ പൈലറ്റുമാരുമാണ് ഈ സംഭവത്തിന്റെ ദൃക്സാക്ഷികള്‍ എന്നതാണ് ഇതിന്റെ വിശ്വാസ്യതയ്ക്കും പ്രചാരത്തിനും കാരണം. 2004 നവംബറില്‍ കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ തീരത്ത് യുഎസ് നാവികസേനയുടെ യുഎസ്എസ് പ്രിന്‍സ്റ്റണ്‍' എന്ന അത്യാധുനിക യുദ്ധക്കപ്പലിലെ റഡാറുകളില്‍ രണ്ടാഴ്ചയോളം വിചിത്രമായ വസ്തുക്കള്‍ ദൃശ്യമായിരുന്നു. ഈ വസ്തുക്കള്‍ പെട്ടെന്ന് 80,000 അടി ഉയരത്തില്‍ പ്രത്യക്ഷപ്പെടുകയും, നിമിഷങ്ങള്‍ക്കകം കടലിന് മുകളില്‍ വെറും 50 അടി ഉയരത്തിലേക്ക് കുതിച്ചു താഴുകയും പിന്നീട് അവിടെത്തന്നെ നിശ്ചലമായി നില്‍ക്കുകയും ചെയ്തു. റഡാറില്‍ പ്രത്യക്ഷപ്പെട്ട ഈ വിചിത്ര വസ്തുക്കള്‍ എന്താണെന്ന് നേരിട്ട് പരിശോധിക്കാന്‍ കമാന്‍ഡര്‍ ഡേവിഡ് ഫ്രേവര്‍, ലെഫ്റ്റനന്റ് കമാന്‍ഡര്‍ അലക്സിയ ഡിട്രീച്ച് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് എഫ്എ-18 സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനങ്ങള്‍ പുറപ്പെട്ടു.
കടല്‍ ശാന്തമായിരുന്നിട്ടും ഒരു പ്രത്യേക ഭാഗത്ത് മാത്രം വെള്ളം തിളച്ചു മറിയുന്നത് പൈലറ്റുമാര്‍ ശ്രദ്ധിച്ചു. അതിന് തൊട്ടുമുകളിലായി 40 അടി നീളമുള്ള, വെളുത്ത നിറത്തിലുള്ള, കാണാന്‍ 'ടിക് ടാക്' മിഠായിയുടെ ആകൃതിയുള്ള ഒരു വസ്തു വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. കമാന്‍ഡര്‍ ഫ്രേവര്‍ തന്റെ വിമാനം ഈ വസ്തുവിന് അടുത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍, അത് പെട്ടെന്ന് വിമാനത്തിന്റെ ചലനങ്ങളോട് പ്രതികരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വിമാനത്തിന് കൈവരിക്കാന്‍ കഴിയാത്ത വേഗതയില്‍ ടിക് ടാക് വസ്തു അപ്രത്യക്ഷമായി. സെക്കന്‍ഡുകള്‍ക്കകം 60 മൈല്‍ അകലെയുള്ള കാപ് പോയിന്റ് എന്ന് വിളിക്കുന്ന പൈലറ്റുമാരുടെ രഹസ്യ ലക്ഷ്യസ്ഥാനത്ത് ഈ വസ്തു എത്തിയതായി കപ്പലിലെ റഡാറുകള്‍ കണ്ടെത്തി. പൈലറ്റുമാരുടെ യാത്രാപഥം മുന്‍കൂട്ടി മനസ്സിലാക്കിയത് പോലെയായിരുന്നു അത്. വര്‍ഷങ്ങളോളം രഹസ്യമായിരുന്ന ഈ വീഡിയോ 2017-ലാണ് ആദ്യമായി പുറത്തുവന്നത്. പിന്നീട് 2020-ല്‍ പെന്റഗണ്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അന്യഗ്രഹ ജീവികളുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ തെളിവുകളില്ലെങ്കിലും, ഇത് എന്താണെന്ന് കൃത്യമായി വിശദീകരിക്കാന്‍ ഇന്നും ശാസ്ത്ര സാങ്കേതികവിദ്യക്കായിട്ടില്ല. ഇപ്പോഴും ഈ സംഭവത്തെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നുവെന്നാണ് പെന്റഗണ്‍ പറയുന്നത്.
2015 ജനുവരി 21 ന് ഉണ്ടായ രണ്ട് സംഭവങ്ങളാണ് അടുത്തത്, ഫ്‌ലോറിഡ തീരത്തുനിന്നും അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്ന യുഎസ് നാവികസേനയുടെ FA-18F സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനങ്ങളാണ് ഈ രണ്ട് ദൃശ്യങ്ങളും പകര്‍ത്തിയത്. ഇതില്‍ ആദ്യത്തേത് 'ജിംബല്‍' വീഡിയോ എന്നറിയപ്പെടുന്നു. സൂപ്പര്‍ ഹോര്‍നെറ്റ് വിമാനത്തിന്റെ അടിയില്‍ ഘടിപ്പിച്ചിരിക്കുന്ന അത്യാധുനിക ഇന്‍ഫ്രാറെഡ് ക്യാമറ സിസ്റ്റം ഒരു ജിംബല്‍ ട്രാക്കിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. വിമാനം ഏത് ദിശയില്‍ തിരിഞ്ഞാലും ഈ ക്യാമറ ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി ലോക്ക് ചെയ്തു നില്‍ക്കും എന്നതാണിതിന്റെ പ്രത്യേകത. ഈ വീഡിയോയില്‍ വട്ടത്തില്‍ പറക്കുംതളികയുടെ ആകൃതിയുള്ള ഒരു വസ്തു ശക്തമായ കാറ്റിന്റെ ദിശയ്ക്ക് വിപരീതമായി അതിവേഗത്തില്‍ സഞ്ചരിക്കുന്നത് കാണാം. പെട്ടെന്ന് അത് ആകാശത്തുവെച്ച് സ്വന്തം അച്ചുതണ്ടില്‍ കറങ്ങുകയും ചെയ്യുനുണ്ട്.
യുഎസ് നാവികസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായ ഈ സംഭവത്തിനെപറ്റിയുള്ള പെന്റഗണിന്റെ ഔദ്യോഗിക അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ യഥാര്‍ത്ഥത്തില്‍ ഈ വസ്തു കറങ്ങിയിട്ടില്ല എന്നായിരുന്നു. FA-18 യുദ്ധവിമാനത്തിലെ ഇന്‍ഫ്രാറെഡ് ക്യാമറ ട്രാക്കിങ് സിസ്റ്റം അതിന്റെ കറക്കത്തിന്റെ പരിധിയില്‍ എത്തിയപ്പോള്‍ ക്യാമറയുടെ ലെന്‍സ് മാട്രിക്‌സ് സ്വയം തിരിയുകയും അപ്പോള്‍ സ്‌ക്രീനിലുണ്ടായിരുന്ന വസ്തു കറങ്ങുന്നതായി തോന്നിച്ചതുമാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. എതിര്‍ ദിശയിലെക്കുള്ള ശക്തമായ കാറ്റും, അകലെയുള്ള മറ്റൊരു വിമാനത്തിന്റെ ജെറ്റ് എഞ്ചിനില്‍ നിന്നുള്ള ശക്തമായ താപ വികിരണവും ഒപ്പം ഫൈറ്റര്‍ ജെറ്റിലെ ക്യാമറയുടെയും റഡാറിന്റെയും സാങ്കേതികമായ പ്രത്യേകതകളും ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായ ഒരു 'പെര്‍ഫെക്റ്റ് സെന്‍സര്‍ മിറേജ്' മാത്രമായിരുന്നു 'ജിംബല്‍ സംഭവം' എന്ന നിഗമനത്തിലാണ് ഒടുവില്‍ പെന്റഗണ്‍ എത്തിയത്.
അതേദിവസം തന്നെ പകര്‍ത്തപ്പെട്ട മറ്റൊരു ദൃശ്യമാണ് 'ഗോ ഫാസ്റ്റ്'. കടല്‍ത്തീരത്തിന് തൊട്ടുമുകളിലൂടെ അതീവ വേഗതയില്‍ ഒരു ചെറിയ വെളുത്ത വസ്തു പറന്നുപോകുന്നതാണ് ഇതിലുള്ളത്. ക്യാമറയിലെ സെന്‍സറുകള്‍ ഈ വസ്തുവിനെ ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടലിന് തൊട്ട് മുകളില്‍ക്കൂടി അസാധാരണമാം വിധം വേഗത്തില്‍ സഞ്ചരിച്ച ഈ വസ്തുവിലേക്ക് ക്യാമറ ഏതാണ്ട് 22 സെക്കന്‍ഡുകള്‍ ലോക്ക് ആവുകയും ചെയ്തിട്ടുണ്ട്. അന്യഗ്രഹജീവി സിദ്ധാന്തങ്ങളില്‍ വളരെ പ്രചാരം നേടിയ ഈ വീഡിയോ പക്ഷെ പില്‍ക്കാലത്ത് പെന്റഗണിന്റെ ഔദ്യോഗിക അന്വേഷണ വിഭാഗമായ All-domain Anomaly Reoslution Office Hcp Optical Illusion ആണെന്ന് കണ്ടെത്തിയിരുന്നു. ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സും ട്രിഗണോമെട്രിക് വിശകലനങ്ങളും ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഈ വസ്തു കടലിന് തൊട്ടുമുകളിലൂടെയല്ല, മറിച്ച് ഏകദേശം 13,000 അടി ഉയരത്തിലാണ് പറന്നിരുന്നതെന്നും കണ്ടെത്തി.
വിമാനത്തിലെ ക്യാമറ സമുദ്രത്തെ പശ്ചാത്തലമാക്കി ഈ വസ്തുവിനെ ട്രാക്ക് ചെയ്യാന്‍ അതിവേഗം പാന്‍ ചെയ്തപ്പോള്‍ ഉണ്ടായ 'പാരലാക്‌സ് ഇഫക്ട്' എന്ന Optical Illusion കാരണമാണ് വിമാനത്തില്‍ നിന്നുള്ള കാഴ്ചയില്‍ ഇതിന് അതിവേഗതയുള്ളതായി തോന്നിയതെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ദൃശ്യങ്ങളിലെ അവ്യക്തത കാരണം ആ വസ്തു കൃത്യമായി ഏതാണെന്ന് നൂറു ശതമാനം ഉറപ്പിച്ചു പറയാന്‍ കഴിയില്ലെങ്കിലും, സാധാരണ സര്‍വീസ് നടത്തുന്ന ഒരു പാസഞ്ചര്‍ വിമാനമോ അല്ലെങ്കില്‍ സമാനമായ മറ്റേതെങ്കിലും സാധാരണ വസ്തുവോ ആകാനാണ് സാധ്യത എന്നാണ് പെന്റഗണിന്റെ ഔദ്യോഗിക പഠന റിപ്പോര്‍ട്ട് പറയുന്നത്.
യുഎസ് പെന്റഗണ്‍ പുറത്തുവിട്ട ഫയലുകളില്‍ ഏറ്റവും ഒടുവിലായി ചര്‍ച്ചയായത് 2023 ഫെബ്രുവരി 11 ന് 'ലേക്ക് ഹുറോണ്‍' തടാകത്തിന് മുകളില്‍ നടന്നതാണ്. അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയിലുള്ള ഈ തടാകത്തിന് മുകളില്‍, ഏകദേശം 20,000 അടി ഉയരത്തിലാണ് എട്ട് വശങ്ങളുള്ള, താഴേക്ക് ചരടുകള്‍ തൂങ്ങിക്കിടക്കുന്ന വിചിത്രമായൊരു വസ്തു പ്രത്യക്ഷപ്പെട്ടത്. വ്യോമഗതാഗതത്തിന് ഭീഷണിയായ ഈ വസ്തുവിനെ ഉടന്‍ വെടിവെച്ചിടാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. തുടര്‍ന്ന് മിനസോട്ട എയര്‍ നാഷണല്‍ ഗാര്‍ഡിന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റുകള്‍ ആകാശത്തുവെച്ച് ആ അജ്ഞാത വസ്തുവിനെ മിസൈല്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു.
ഇത്തവണ പെന്റഗണ്‍ പുറത്തുവിട്ട 'പര്‍സ്യൂ' ഫയലുകളില്‍ ഈ സംഭവത്തിന്റെ വീഡിയോയും ഉള്‍പ്പെട്ടിട്ടുണ്ട്. എഫ്-16 വിമാനത്തിന്റെ ഇന്‍ഫ്രാറെഡ് ക്യാമറ സെന്‍സറുകള്‍ ആ വസ്തുവിനെ ലോക്ക് ചെയ്യുന്നതും, മിസൈല്‍ പതിക്കുന്ന നിമിഷം ഒരു ബലൂണ്‍ പൊട്ടുന്നതുപോലെ അത് ചിതറിത്തെറിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ഈ ദൃശ്യത്തിന്റെ നിഗൂഢത കൂട്ടിക്കൊണ്ട്, മിസൈല്‍ പതിക്കുന്നതിന് തൊട്ടുമുമ്പ് ക്യാമറയുടെ ഒരു വശത്തായി അതിവേഗം ചലിക്കുന്ന ഒരു തിളങ്ങുന്ന പ്രകാശഗോളം പ്രത്യക്ഷപ്പെടുകയും തൊട്ടടുത്ത നിമിഷം അത് അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ട്. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തകര്‍ന്നു വീണ വസ്തു കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്ന ഒരു സ്വകാര്യ കമ്പനിയുടെ അത്യാധുനിക 'വെതര്‍ മോണിറ്ററിങ് ബലൂണ്‍' ആയിരുന്നെന്ന് വ്യക്തമായെങ്കിലും ഇന്‍ഫ്രാറെഡ് വീഡിയോയില്‍ പതിഞ്ഞ പ്രകാശഗോളം എന്തായിരുന്നു എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
റഡാറുകളും ബഹിരാകാശ ടെലസ്‌കോപ്പുകളും വഴി സദാ സമയവും പ്രപഞ്ചത്തിന്റെ കണ്ണെത്താവുന്ന ദൂരങ്ങളിലേക്കെല്ലാം കണ്ണും നട്ട് നോക്കിയിരുന്നിട്ടും കൃത്യമായ ഒരു അന്യഗ്രഹ സന്ദേശമോ അന്യഗ്രഹ ജീവികളുള്ളതിന്റെ തെളിവോ നമുക്ക് ലഭിച്ചിട്ടില്ല. പ്രകാശത്തിന്റെ വേഗതയില്‍ സഞ്ചരിച്ചാല്‍ പോലും ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്ര സമൂഹത്തിലേക്കെത്താന്‍ വര്‍ഷങ്ങള്‍ എടുക്കും. നമ്മുടെ സാങ്കേതിക വിദ്യയുടെ പരിമിതിയില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ ഇത്രയും വലിയ ദൂരം താണ്ടി അന്യഗ്രഹ ജീവികള്‍ക്ക് ഭൂമിയില്‍ എത്തുക എന്നത് അങ്ങേയറ്റം പ്രയാസകരമാണ്. പക്ഷെ പ്രപഞ്ചത്തിന്റെ വ്യാപ്തി മനസിലാക്കുമ്പോള്‍ നമ്മളെക്കാളും വളരെ വികാസം പ്രാപിച്ച ഒരു നാഗരികത എവിടെയെങ്കിലും ഉണ്ടാവാനുള്ള സാധ്യതയെ ശാസ്ത്രം പൂര്‍ണ്ണമായും തള്ളിക്കളയുന്നുമില്ല. എങ്കിലും പറക്കും തളികകള്‍ വഴി അവര്‍ ഭൂമി സന്ദര്‍ശിക്കുന്നു എന്നതിന് ഇന്നും ശാസ്ത്രം അംഗീകരിച്ച യാതൊരുവിധ തെളിവും നമ്മുടെ പക്കലില്ല. ആകാശത്ത് കാണുന്ന ചില അജ്ഞാത പ്രതിഭാസങ്ങള്‍ അല്ലാതെ, അതില്‍ ഭൂരിഭാഗവും കാലാവസ്ഥാ ബലൂണുകളോ, വാണിജ്യ ഡ്രോണുകളോ, പക്ഷികളോ ആയി തള്ളിക്കളയാന്‍ പെന്റഗണിന് സാധിക്കാറുണ്ട്. എന്നാല്‍, യുഎസ് പ്രതിരോധ വകുപ്പിന്റെ UAP വിഭാഗം തലവന്‍മാര്‍ യുഎസ് സെനറ്റിന് മുന്‍പില്‍ ഔദ്യോഗികമായി ഒരു കാര്യം സമ്മതിച്ചിട്ടുണ്ട്. അവര്‍ അന്വേഷിച്ച കേസുകളില്‍ വളരെ ചെറിയൊരു ശതമാനം സംഭവങ്ങള്‍ ഇപ്പോഴും 'ട്രൂലി അനോമലസ്' അഥവാ ശാസ്ത്രത്തിന് ഇന്നും ഒട്ടും പിടികിട്ടാത്ത അതീവ നിഗൂഢ പ്രതിഭാസങ്ങളായി തുടരുന്നു എന്നതാണത്..!