ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുലിനാകുമോ?
കനൽ വഴികൾ ഉരുക്കിയെടുത്ത പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ വഴികളെക്കുറിച്ച്
അധികാരത്തിന്റെ ധാർഷ്ട്യത്തിനു മുന്നിൽ മുട്ടുകുത്താതെ, ജാതിമത ഭേദമന്യേ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനായി ഡൽഹി രാംലീല മൈതാനിയിൽ അലയടിച്ച മഹാസാഗരത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയ നേതാവിന് മുമ്പിൽ വെല്ലുവിളികൾ ഏറെയാണ്. ഇന്ത്യ സഖ്യത്തിലെ ഭിന്നസ്വരങ്ങളുള്ള കക്ഷികളെ ഒരു കുടക്കീഴിൽ ഒന്നിപ്പിച്ചെടുക്കുകയെന്ന ഭാരിച്ച രാഷ്ട്രീയ ചുമതലയാണ് അദ്ദേഹത്തിനുള്ളത്…അംഗബലത്തിന്റെ ധാർഷ്ട്യത്തിൽ ജനാധിപത്യത്തെ വിസ്മരിക്കുന്ന ഒരു ഭരണകൂടത്തിന് മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കാനും, തെരുവിൽ നിന്നുകൊണ്ട് പ്രതിപക്ഷത്തിരുന്ന് പോരാട്ടം നയിക്കാനും പ്രാപ്തനാക്കിയത്, അദ്ദേഹം പിന്നിട്ട പരാജയങ്ങളും അവഹേളനങ്ങളും നിറഞ്ഞ കനൽവഴികളായിരുന്നു.
തിരിച്ചടികളുടെ തുടക്കം
"രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് മുന്നിൽ കോൺഗ്രസ് നീട്ടിയത് പരവതാനി വിരിച്ച വഴികളായിരുന്നു; നെഹ്റു കുടുംബത്തിന്റെ പാരമ്പര്യത്തിന്റെ തണൽപറ്റി, സ്വയം വഴി വെട്ടാതെ തന്നെ മുന്നേറാനുള്ള വലിയൊരു പ്രിവലേജ്...എന്നാൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രയാണം ഒട്ടും ലളിതമായിരുന്നില്ല. 2004-ൽ അമേഠിയിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ കരിയർ തുടക്കം മുതൽ വലിയ രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് മുന്നിൽ കോൺഗ്രസ് എന്ന യുപിഎയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി വിരിച്ചിട്ട അധികാരം പരന്ന് കിടപ്പുണ്ടായിരുന്നു.യൂത്ത് കോൺഗ്രസിന്റെ ചുമതലയും ഭട്ടാ പർസൗളിലെ കർഷക സമരവും വഴി താഴെത്തട്ടിൽ സാന്നിധ്യമറിയിച്ചെങ്കിലും, ദേശീയതലത്തിൽ പാർട്ടിയെ നിരന്തര പരാജയങ്ങളിൽ നിന്ന് കരകയറ്റുക അത്ര എളുപ്പമായിരുന്നില്ല.2014-ൽ നരേന്ദ്ര മോദി എന്ന ബി.ജെ.പിയുടെ കരുത്തുറ്റ ബിംബം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായപ്പോൾ, ഏറ്റവും വലിയ ആഘാതമേറ്റത് കോൺഗ്രസിനാണ്. ചരിത്രത്തിലെ ഏറ്റവും ദയനീയമായ 44 സീറ്റുകളിലേക്ക് കോൺഗ്രസ് ചുരുങ്ങി. മുതിന്ന നേതാക്കളായ ചിദംബരവും കപിൽ സിബലും അഹമ്മദ് പട്ടേലും എ.കെ. ആന്റണിയും അടങ്ങുന്ന കോൺഗ്രസിലെ വൻനിര ശക്തമായ പ്രതിപക്ഷം പോലുമാകാനാകാതെ അന്തിച്ചുനിന്നു.
ആ തകർച്ചയുടെ എല്ലാ കുറ്റവും വൈസ്പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധിലേക്ക് തിരിച്ചുവിടപ്പെട്ടു . കോൺഗ്രസ് വെറും ന്യൂനപക്ഷ പ്രീണനക്കാരായി മുദ്രകുത്തിയും രാഹുൽ ഗാന്ധിയെ 'പപ്പു' എന്ന് ആക്ഷേപിച്ചും ബിജെപിയുടെ ഐടി സെൽ തങ്ങളുെടെ ദൗത്യം നന്നായി കൈകാര്യം ചെയ്തു. നോട്ടുനിരോധനം ജനവിരുദ്ധമെന്ന പ്രതിഷേധം, കോർപറേറ്റ് ദല്ലാളന്മാരായ ബിജെപി ഭരണകൂടത്തിനെതിരായുള്ള കാമ്പയിൻ, റഫാൽ അഴിമതി എന്നീ രാഹുലിന്റെ പോരാട്ടങ്ങൾ ചർച്ച ചെയ്യപ്പെട്ടെങ്കിലും രാഷ്ട്രീയമായി കാര്യമായി ഗുണം ചെയ്തില്ല. പലപ്പോഴും സ്വന്തം പാർട്ടി പോലും കാഴ്ചക്കാരായി മാറി നിന്നു. 2019-ൽ സ്വന്തം തട്ടകമായ അമേഠിയിൽ പോലും തോൽവി നേരിട്ടതോടെ, ആ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റ് രാഹുൽ പാർട്ടി അധ്യക്ഷ പദവി രാജിവെച്ചു.ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പദവിക്ക് ആവശ്യമായ 10 ശതമാനം സീറ്റ് പോലും കിട്ടിയില്ല. ; പക്ഷേ വയനാട് മാത്രം അദ്ദേഹത്തെ കൈവിട്ടില്ല... സ്വന്തം പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും രാഷ്ട്രീയ എതിരാളികളുടെ നിരന്തരമായ പരിഹാസങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്കു മേൽ വലിയ ചോദ്യചിഹ്നമായി ഉയർന്നുനിന്നു.
ഭയത്തിൻ്റെ വിപണിയിൽ സ്നേഹത്തിൻ്റെ കട
2022 സെപ്റ്റംബർ ഏഴിനായിരുന്നു ആ മാറ്റത്തിന്റെ തുടക്കം.രാഷ്ട്രീയ നിരീക്ഷകരുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് രാഹുൽ ഗാന്ധി ഭയത്തിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കാനുള്ള ഭാരത് ജോഡോ യാത്രക്കായി ബൂട്ടുകെട്ടിയിറങ്ങി. കന്യാകുമാരി മുതൽ കശ്മീർ വരെ 4000-ത്തിലധികം കിലോമീറ്ററുകൾ! വെളുത്ത ടീഷർട്ടും നീട്ടിയ താടിയുമായി ഒരു ജനതയുടെ സങ്കടങ്ങളിലേക്ക് നടന്നു കയറിയ രാഹുൽ. ' നഫ്രത് കേ ബസാർ മേം, മൊഹബത്ത് കി ദുകാൻ' എന്ന മുദ്രാവാക്യം തെരുവുകളിൽ മുഴങ്ങി..രാജ്യത്ത് വിഭജന രാഷ്ട്രീയം ശക്തമായ ഒരു ഘട്ടത്തിൽ ജനങ്ങൾക്കുള്ള ബദൽ വാഗ്ദാനമായിരുന്നു ആ വാക്കുകൾ.കശ്മീരിലെ മഞ്ഞുപെയ്യുന്ന താഴ്വരകൾ താണ്ടി ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞു.. ജനങ്ങളുടെ വിയർപ്പിന്റെ ഗന്ധത്തിൽ നിന്നാണ് രാഷ്ട്രീയം പഠിക്കേണ്ടതെന്ന തിരിച്ചറിവ് തെളിഞ്ഞുവന്ന യാത്ര.രാഹുലിന് ലഭിച്ച രാഷ്ട്രീയ പുനർജന്മമായിരുന്നു അത്.2024-ൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം പിറന്നപ്പോൾ, പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഔദ്യോഗിക പ്രതിപക്ഷ നേതാവിനെ രാഹുൽ ഗാന്ധിയിലുടെ രാജ്യം കണ്ടു. ഇനിയും പ്രതിപക്ഷത്തെ അവഗണിക്കാനാവില്ലെന്നും പ്രതിരോധിക്കണമെന്നുള്ള ബിജെപിയുടെ തിരിച്ചറിവ് തുടങ്ങിയത് അന്ന് മുതലാണ്.
നിർഭയം തുറന്നുകാട്ടി ‘വോട്ടുചോരി’
അവിടെനിന്ന് തുടങ്ങിയത് നരേന്ദ്ര മോദിയെന്ന ഭരണാധികാരിക്കെതിരെയുള്ള സന്ധിയില്ലാത്ത, മുഖാമുഖമുള്ള പോരാട്ടമായിരുന്നു.തുടക്കത്തിൽ ഭരണകൂടവും മാധ്യമങ്ങളും നിസ്സാരവൽക്കരിച്ച് തള്ളിയ 'വോട്ട് ചോരി' എന്ന ജനാധിപത്യക്കൊള്ളയുടെ ഭീകരതയെ രാഹുൽ തുറന്നുകാട്ടി. വോട്ടർ പട്ടികയിലെ വ്യാപകമായ വെട്ടിമാറ്റലുകൾക്കെതിരെയും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെയും 'ഭരണഘടനയും വോട്ടവകാശവും വിൽക്കാനുള്ളതല്ല' എന്ന് പ്രഖ്യാപിച്ച് രാഹുലും ഇന്ത്യ സഖ്യവും തെരുവിലിറങ്ങി.വഴിതടയാൻ നിരത്തിയ ബാരിക്കേഡുകൾക്കു മുകളിലേക്ക് ത്രിവർണ പതാകയുമായി ഒരു തീപ്പൊരിപോലെ പടർന്നു,56 കാരനായ രാഹുൽ ഗാന്ധി.
‘വോട്ടവകാശത്തെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ ജീവന്മരണ പോരാട്ടത്തെ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും തടഞ്ഞുനിർത്താനാവില്ല!’’-അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ഗതി മാറ്റിയെഴുതിയ ആ വോട്ട്ചോരി സമരത്തിന്റെ മുൻനിര പോരാളിയായി, പതറാതെ ഇന്നും മുൻനിരയിലുണ്ട് രാഹുൽ..ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ റാലിയായി നവംബർ ഒന്നിന് രാംലീല മൈതാനി ജനസാഗരമാപ്പോൾ അതിന്റെ അമരക്കാരനായി രാഹുലന്റെ ശബ്ദം മുഴങ്ങിക്കേട്ടു.ജനാധിപത്യത്തിനെതിരെ അധികാരത്തിന്റെ മേധാശക്തി ഉറഞ്ഞാടുമ്പോൾ രാജ്യത്തെ ഒന്നിപ്പിച്ചുനിറുത്തിയ ചെറുത്തുനിൽപ്."ആ ചെറുത്തുനിൽപ് ഭരണകൂടം ഭയക്കുന്നുണ്ട്.. അവരുടെ എതിർപ്പുകൾ തന്നെയാണ് ഒരു പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ ഏറ്റവും വലിയ അംഗീകാരവും ഇന്ധനവും!
പോരാളിയിലേക്കുമുള്ള രൂപാന്തരണം
പരിഹാസങ്ങളിൽ നിന്ന് പ്രതിരോധത്തിലേക്കും, പ്രതിരോധത്തിൽ നിന്ന് ഭരണകൂടത്തെ മുൾമുനയിൽ നിർത്തുന്ന പോരാളിയിലേക്കുമുള്ള ഒരു നേതാവിന്റെ രൂപാന്തരണം. ഓരോ കനൽവഴികളും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ മാറ്റിമറിച്ചു. ഒടുവിൽ ഇടവേളകളിലെ വിദേശ യാത്രയും ചോദ്യം ചെയ്യപ്പെട്ടു.കോൺഗ്രസ് പാർട്ടിയുടെ ചിട്ടവട്ടങ്ങളിൽ നിന്ന് പൊട്ടിത്തെറിച്ച് പായുന്ന സമരവഴികളിലാണ് ഇന്ന് രാഹുൽ. പാർട്ടിക്കാർക്ക് പോലും പ്രവചിക്കാനാകാത്ത പോരാട്ടം. കൂടെ സഹോദരി പ്രിയങ്കയുമുണ്ട്. പക്ഷേ, ചരിത്രം നിരന്തരം ഓർമ്മിപ്പിക്കുന്ന ഒന്നുണ്ട്: ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിപക്ഷ പോരാട്ടം ഒരിക്കലും ഒരൊറ്റ മനുഷ്യന്റെ വ്യക്തിഗത വീര്യത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല; അങ്ങനെ ആവുകയും അരുത്. തെരുവിൽ ആളിക്കത്തുന്ന പ്രതിഷേധങ്ങൾക്കപ്പുറം, സ്വന്തം പാർട്ടിയുടെ സംഘടനാ അടിത്തറയെ വേരുകളിൽ നിന്ന് പുനരുജ്ജീവിപ്പിക്കാനും, ഭിന്നസ്വരങ്ങളുള്ള പ്രതിപക്ഷ കക്ഷികളെ ഒരൊറ്റ ചരടിൽ കോർത്ത് വിശ്വസനീയമായ ഒരു ദേശീയ ബദലായി ഉയർത്താനും സാധിക്കുമോ എന്നതിലാണ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും യഥാർത്ഥ പരീക്ഷണം.ആ വെല്ലുവിളികൾക്ക് അദ്ദേഹം നൽകുന്ന ഉത്തരത്തിലായിരിക്കും, ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനം എവിടെയെന്ന് കാലം അടയാളപ്പെടുത്തുക!"