

കടലിലേക്ക് എറിഞ്ഞ ഒരു മഴു. പിൻവാങ്ങിയ തിരമാലകൾ. അങ്ങനെ ഉദയം ചെയ്തൊരു മലനാട്! തലമുറകളായി കേരളീയരുടെ ചരിത്രബോധത്തിലേക്ക് കുത്തിവെക്കപ്പെട്ട ഏറ്റവും ജനപ്രിയമായ ഒരു പുരാവൃത്തമാണിത്. പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്ന് വീണ്ടെടുത്തതാണ് മലയാളനാട് എന്ന സങ്കൽപം. എന്നാൽ, ഒരു ജനതയുടെ യഥാർത്ഥ ഭൂതകാലത്തെ പുരാണങ്ങളുടെയും അത്ഭുതകഥകളുടെയും മൂടുപടത്തിനുള്ളിൽ തളച്ചിടാൻ ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് കഴിയുമോ? കേരളത്തിന്റെ ഉത്ഭവവും പരശുരാമൻ എന്ന പുരാണ കഥാപാത്രവും തമ്മിൽ ചരിത്രപരമായി എന്തെങ്കിലും ബന്ധമുണ്ടോ?
പരശുരാമൻ മഴു എറിഞ്ഞ് ഉണ്ടായതണോ കേരളം?
കൊങ്കൺ പ്രദേശത്തെ കേന്ദ്രീകരിച്ചുള്ള മഹാഭാരതത്തിലെ ഒരു പരശുരാമകഥ. അതിനെ കേരളവുമായി ചേർത്തുവെച്ചത് ആരാണ്. ആ വേരുകൾ തപ്പിപ്പോയാൽ അത് എത്തിച്ചേരുക മലയാള ഭാഷയ്ക്ക് ആദ്യത്തെ സമഗ്ര നിഘണ്ടു സമ്മാനിച്ച ജർമൻകാരനായ ഹെർമൻ ഗുണ്ടർട്ടിൽ ആയിരിക്കും. ഹെർമൻ ഗുണ്ടർട്ടിന്റെ മലയാള ഗദ്യത്തിലുള്ള ‘കേരളോൽപത്തി’ എന്ന കൃത്യയിലാണ് ഈ ഐതിഹ്യം എഴുത്തുതാളുകളിൽ ആദ്യമായി എഴുതപ്പെട്ടത്. ശൂന്യതയിൽ നിന്ന് ഒരു കഥ സൃഷ്ടിക്കുക ആയിരുന്നില്ല അദ്ദേഹം. അത് അന്വേഷിച്ച് ചെന്നാൽ അൽപം നൂറ്റാണ്ടുകൾ അൽപം പുറകിലേക്ക് പോകേണ്ടിവരും. സ്കന്ദപുരാണത്തിന്റെ അനുബന്ധ ഭാഗമായ സഹ്യാദ്രിഖണ്ഡത്തിലാണ് പരശുരാമൻ മഴുവെറിഞ്ഞ് കടൽ മാറിയ കഥ വിഷയമാക്കുന്നത്.
പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്ന് വീണ്ടെടുത്ത കരയാണ് കേരളമെന്ന പ്രശസ്തമായ ഐതിഹ്യത്തിന് സംസ്കൃത പുരാണപാരമ്പര്യത്തിൽ ആധികാരികത നൽകുന്നത് ഈ കൃതിയാണ്. എട്ടാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലാണ് ഇതിന്റെ പ്രധാന ഭാഗം രൂപപ്പെട്ടതെങ്കിലും, പിൽക്കാലത്തും പ്രാദേശിക മാറ്റങ്ങൾക്കനുസരിച്ച് ഇതിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. സഹ്യാദ്രിഖണ്ഡം എട്ടാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ രൂപപ്പെടുമ്പോൾ, സപ്തകൊങ്കണങ്ങളിൽ ഒന്നായി മാത്രമാണ് കേരളം പരാമർശിക്കപ്പെടുന്നത്. പതിനാറ് മുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ എഴുതപ്പെട്ട കേരളമാഹാത്മ്യത്തിലേക്ക് എത്തുമ്പോഴാണ് പരശുരാമൻ 64 ഗ്രാമങ്ങൾ സൃഷ്ടിച്ചുവെന്നും അതിൽ 32 എണ്ണം കേരളത്തിലാണെന്നും അത് ബ്രാഹ്മണർക്ക് മാത്രമായി ദാനം ചെയ്തുവെന്നുമുള്ള പുതിയ വിശദാംശങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നത്. അതായത്, കാലം ചെല്ലുന്തോറും ഐതിഹ്യത്തിന് പുതിയ 'ചരിത്രസാധുതകൾ' ചമയ്ക്കപ്പെടുകയായിരുന്നു.
പരശുരാമ ഐതിഹ്യ നിർമ്മിതിയുടെ ഏറ്റവും നിർണ്ണായകമായ ഏടാണ് ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ഇടപെടൽ. 1843-ലും തുടർന്ന് 1868-ലും ഗുണ്ടർട്ട് വ്യത്യസ്ത താളിയോല പ്രതികൾ ശേഖരിച്ച് പുസ്തകരൂപത്തിൽ സമാഹരിച്ച് അതിന് ആധികാരിക സ്വഭാവം നൽകിയത്. ഗുണ്ടർട്ട് ചെയ്തത് ഈ സമാഹാരത്തിലൂടെ ചരിത്രരചന നടത്തുകയല്ലായിരുന്നു; മറിച്ച് നാട്ടിൽ വാമൊഴിയായും താളിയോലകളായും പ്രചരിച്ചിരുന്ന കഥകളെ അതേപടി രേഖപ്പെടുത്തുകയായിരുന്നു. ഗുണ്ടർട്ടിന്റെ ഈ സമാഹരണം പുറത്തുവന്നതോടെയാണ്, ആ ഗ്രന്ഥത്തിനുള്ളിലെ പരസ്പരവിരുദ്ധമായ വാദങ്ങൾ ചരിത്രകാരന്മാരുടെ മുന്നിൽ അനാവരണം ചെയ്യപ്പെട്ടത്. കേരളോൽപത്തി ഒരൊറ്റ ഏകരൂപമായ ആധികാരിക ചരിത്രഗ്രന്ഥമല്ല; അത് പല കാലഘട്ടങ്ങളിൽ പലരാൽ മാറ്റിയെഴുതപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്ത ഒരു സമാഹാരമാണ്. ഹെർമൻ ഗുണ്ടർട്ടിന്റെ 1843-ലും 1868-ലും പ്രസിദ്ധീകരിച്ച പതിപ്പുകൾ പരിശോധിച്ചാൽ തന്നെ വ്യത്യസ്ത പാഠഭേദങ്ങളും പൊരുത്തക്കേടുകളും വ്യക്തമാകും.ആദ്യം വന്ന ബ്രാഹ്മണർ സർപ്പഭയം കാരണം നാടുവിട്ടു, പിന്നീട് വന്നവരുടെ മുടിമുറിക്കൽ രീതി മാറ്റി അവരെ ഇവിടെ പിടിച്ചുനിർത്തി, ഒടുവിൽ ഭരണത്തിനായി പെരുമാക്കന്മാരെ കൊണ്ടുവന്നു എന്നിങ്ങനെയുള്ള കഥകൾ പരസ്പരം യുക്തിപരമായി ബന്ധപ്പെട്ട ഒരു ഏകീകൃത ആഖ്യാനമല്ല; അവ വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് വന്ന, വ്യത്യസ്ത ഉദ്ദേശ്യങ്ങളോടെ ചേർക്കപ്പെട്ട വൈരുദ്ധ്യങ്ങളുടെ ശേഖരമാണ്. ചരിത്രകാരന്മാർ ഇതിനെ പല അടരുകളുള്ള ഗ്രന്ഥമായും “ചരിത്രബോധത്തിന്റെ ആവിഷ്കാരം” ആയും കാണുന്നു; വില്യം ലോഗനും മറ്റും ഇതിനെ ഐതിഹാസിക അസംബന്ധങ്ങളുടെ മിശ്രിതമായി വിശേഷിപ്പിച്ചു. അതുകൊണ്ട് ഈ കഥകളെ നേരിട്ട് ചരിത്രമായി സ്വീകരിക്കാൻ കഴിയില്ല.
17 ഓ 18 നൂറ്റാണ്ടുകളിൽ രചിച്ചുവെന്ന് കരുതുന്ന വടക്കൻ കേരളത്തിലെ ഒരു അജ്ഞാതനായ നമ്പൂതിരി ബ്രാഹ്മണനാൽ രചിക്കപ്പെട്ടതായി കരുതപ്പെടുന്ന 'കേരളമാഹാത്മ്യം’ എന്ന കൃതിയിലാണ് പരശുരാമൻ മഴുവെറിഞ്ഞ് കേരളം വീണ്ടെടുത്തു എന്ന ഐതിഹ്യം വീണ്ടും പ്രതിപാദിക്കുന്നത്. പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്ന് വീണ്ടെടുത്ത നാട് ബ്രാഹ്മണർക്ക് ദാനമായി നൽകിയ ഭൂമിയാണെന്ന് സമർത്ഥിക്കുന്നതിലൂടെ, നാട്ടിലെ സമ്പത്തിന്റെയും മണ്ണിന്റെയും പരമാധികാരം ബ്രാഹ്മണർക്കാണെന്ന വാദത്തിന് മതപരവും ദൈവികവുമായ സാധുത ചമയ്ക്കലായിരുന്നു ഈ സംസ്കൃത രചനയുടെ പ്രകടമായ ലക്ഷ്യം.
ഈ ഐതിഹ്യത്തിന്റെ അടിവേരറുത്ത ഏറ്റവും വലിയ ചരിത്രപരമായ ഇടപെടൽ നടത്തിയത് 1913-ൽ ചട്ടമ്പി സ്വാമികളാണ്. തന്റെ പ്രാചീന മലയാളം എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം പുരാണ ഗ്രന്ഥങ്ങളിലെ അന്തർവിരോധങ്ങളെ യുക്തി കൊണ്ട് കീറിമുറിച്ചു. സ്വാമികൾ ചോദിച്ച ലളിതമായ ചോദ്യങ്ങൾക്ക് മുന്നിൽ ഈ മിത്തുകൾ തകർന്നു വീണു. സഹ്യാദ്രിഖണ്ഡത്തിലും കേരളമാഹാത്മ്യത്തിലും കേരളോൽപത്തിയിലും ഭൂമിയുടെ അളവ് എന്തുകൊണ്ട് പരസ്പരം പൊരുത്തപ്പെടുന്നില്ല? ഒരിടത്ത് നൂറ് യോജന നീളവും മൂന്ന് യോജന വീതിയുമെങ്കിൽ, മറ്റൊരിടത്ത് അത് അഞ്ചും പത്തും യോജനകളായി മാറുന്നത് എങ്ങനെ?
ഒരിടത്ത് പരശുരാമൻ എറിഞ്ഞത് മഴുവെങ്കിൽ മറ്റൊരിടത്ത് അത് അമ്പാകുന്നത് എന്തുകൊണ്ട്?
ഏറ്റവും പ്രധാനം, ക്ഷത്രിയ നിഗ്രഹം നടത്തിയതിന്റെ പാപപരിഹാരത്തിനായാണ് പരശുരാമൻ ഭൂമി ദാനം ചെയ്തതെന്നാണ് ഐതിഹ്യം. എന്നാൽ പരശുരാമൻ വിഷ്ണുവിന്റെ അവതാരമാണെങ്കിൽ അദ്ദേഹത്തിന് എങ്ങനെ പാപം ഉണ്ടാകും? ചട്ടമ്പി സ്വാമികൾ‘ പ്രാചീന മലയാളം ’ എന്ന തന്റെ ഗ്രന്ഥത്തിൽ അസന്ദിഗ്ദ്ധമായി ഖണ്ഡിച്ചത് ഇങ്ങനെയായിരുന്നു. ഈ ഭൂമി പരശുരാമൻ ഉണ്ടാക്കി ആർക്കും പതിച്ചു നൽകിയതല്ല. അത് ഇവിടുത്തെ ആദിമ ജനതയുടെ, അധ്വാനിക്കുന്ന മനുഷ്യരുടെ നാടാണ്. ഭൂമിയുടെ ജന്മാവകാശം കൈക്കലാക്കാൻ വേണ്ടി പിൽക്കാലത്ത് കുടിയേറിയവർ നിർമ്മിച്ചെടുത്ത കള്ളക്കഥ മാത്രമാണ് പരശുരാമന്റെ മഴുവെറിയൽ!
ഇനി ശാസ്ത്രീയവും ഭൂമിശാസ്ത്രപരവുമായ വശങ്ങളിലേക്ക് വരാം. കടലിൽ ഒരു ആയുധമെറിഞ്ഞാൽ ഭൂമി പൊങ്ങി വരുമെന്നത് ഏതെങ്കിലും പ്രകൃതിനിയമത്തിന് നിരക്കുന്നതാണോ?.തീർച്ചയായും അല്ല. ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് കടൽ പിൻവാങ്ങുകയും പശ്ചിമഘട്ടത്തിൽ നിന്നുള്ള നദികൾ എക്കൽ മണ്ണടിച്ച് തീരപ്രദേശം രൂപപ്പെടുകയും ചെയ്ത ഒരു ഭൗമശാസ്ത്ര പ്രക്രിയ കേരളത്തിനുണ്ട്.. പ്രകൃതിയുടെ സ്വാഭാവികമായ ആ മാറ്റത്തെ, ഒരു പുരാണ കഥാപാത്രത്തിന്റെ അത്ഭുതപ്രവൃത്തിയാക്കി മാറ്റി ജനങ്ങളെ വിശ്വസിപ്പിക്കുകയായിരുന്നു.
യഥാർത്ഥ ചരിത്രരേഖകൾ എന്താണ് പറയുന്നത്?. അശോകന്റെ ബി.സി മൂന്നാം നൂറ്റാണ്ടിലെ ശിലാലിഖിതങ്ങളിൽ 'കേരളപുത്ര'ന്മാരെക്കുറിച്ച് പരാമർശമുണ്ട്. സംഘകാല സാഹിത്യത്തിലും റോമൻ യാത്രാവിവരണങ്ങളിലും ചേരസാമ്രാജ്യത്തെയും ഇവിടുത്തെ സമ്പന്നമായ തുറമുഖങ്ങളെയും കുറിച്ച് കൃത്യമായി പറയുന്നുണ്ട്. അന്നൊന്നും ഒരിടത്തും ഈ പരശുരാമ സങ്കൽപം കാണാനില്ല!...എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ നടന്ന ബ്രാഹ്മണ കുടിയേറ്റങ്ങൾക്കും ബ്രഹ്മദേയ ഗ്രാമങ്ങളുടെ വ്യാപനത്തിനും ശേഷമാണ്, തങ്ങളുടെ ഭൂമി അധികാരത്തിന് ദൈവീക പരിവേഷം നൽകാൻ ഈ ഐതിഹ്യം വ്യവസ്ഥാപിതമായി പ്രചരിപ്പിക്കപ്പെട്ടത്. പ്രശസ്ത നിരൂപകൻ കുറ്റിപ്പുഴ കൃഷ്ണപിള്ള നിരീക്ഷിച്ചതുപോലെ, പരശുരാമന്റെ പ്രതിമയെന്നത് യഥാർത്ഥത്തിൽ സവർണ്ണ മേധാവിത്വത്തിന്റെ അടിമത്ത പതാകയായിരുന്നു. ചരിത്രകാരന്മാരായ കേശവൻ വെളുത്താട്ടും എം.ജി.എസ്. നാരായണനും ചൂണ്ടിക്കാണിക്കുന്നത് , പരശുരാമ മിത്ത് എന്നത് യഥാർത്ഥ ചരിത്രമല്ല; മറിച്ച് ഒരുകാലത്തെ അധികാര രാഷ്ട്രീയത്തിന്റെ ആവിഷ്കാരം മാത്രമാണ് എന്നാണ്.
മണ്ണിൽ വിയർപ്പൊഴുക്കിയ ജനതയുടെ അധ്വാനവും, കടൽ താണ്ടിയെത്തിയ സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളും, സംഘകാലം തൊട്ടുള്ള സങ്കീർണ്ണമായ സാമൂഹിക പരിണാമങ്ങളുമാണ് കേരളത്തെ സൃഷ്ടിച്ചത്. മിത്തുകളുടെ മൂടൽമഞ്ഞിൽ നിന്ന് പുറത്തുവന്ന്, ലിഖിതങ്ങളുടെയും പുരാവസ്തു തെളിവുകളുടെയും അടിസ്ഥാനത്തിൽ ചരിത്രത്തെ പുനർവായിക്കുമ്പോൾ മാത്രമാണ് ഈ നാടിന്റെ യഥാർത്ഥ സ്വത്വം നമുക്ക് മുന്നിൽ തെളിയുന്നത്. അതാണ് നമ്മുടെ മലയാള നാട്.