IN DEPTH

കേരളം ആരോഗ്യ അടിയന്തരാവസ്ഥയുടെ പിടിയിലോ?

കേരളത്തില്‍ ഭര്‍തൃപീഡനവും ഗാര്‍ഹിക പീഡനവും ഇരട്ടിയായി വര്‍ധിച്ചതായി ദേശീയ കുടുംബാരോഗ്യ സര്‍വേ

Author : പി.പി. പ്രശാന്ത്

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം കേരളത്തില്‍ ഭര്‍തൃ പീഡനവും ഗാര്‍ഹിക പീഡനവും നേരിടുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ തോത് കുറയുമ്പോള്‍ കേരളത്തില്‍ അത് ഉയരുന്നു എന്നത് ആശങ്കാജനകമാണ്. കൂടാതെ പൊണ്ണത്തടിയും പോഷകാഹാരക്കുറവും ഒരുപോലെയാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ മൂന്നില്‍ ഒരു സ്ത്രീയും നാലില്‍ ഒരു പുരുഷനും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്. മുതിര്‍ന്ന പുരുഷന്മാരില്‍ അഞ്ചില്‍ ഒരാള്‍ വീതം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തോടും പ്രമേഹത്തോടും പോരാടുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ മേല്‍നോട്ടത്തില്‍ മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചാണ് 2023-24 കാലയളവില്‍ ഈ സര്‍വേ നടത്തിയത്. രാജ്യത്തെ 715 ജില്ലകളിലെ 6.79 ലക്ഷം വീടുകളില്‍ നിന്ന് ഇതിനായി വിവരങ്ങള്‍ ശേഖരിച്ചു.

ഭര്‍തൃ പീഡനം നേരിടുന്ന സ്ത്രീകളുടെ എണ്ണം മുന്‍ സര്‍വേയെ അപേക്ഷിച്ച് കേരളത്തില്‍ ഇരട്ടിയായെന്ന കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് കേരള സമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണ്. കേരളത്തിലെ 18നും 49നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകളിലെയും ഗര്‍ഭിണികളിലെയും പീഡന നിരക്കുകള്‍ വര്‍ധിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഗാര്‍ഹികപീഡനം നേരിടുന്നവരുടെ അനുപാതം 9.8 % ല്‍ നിന്ന് 17.7 % ആയി വര്‍ധിച്ചു. കേരളത്തില്‍ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് പീഡന നിരക്ക് കൂടുതല്‍. നഗരങ്ങളില്‍ ഇത് 15.6%വും ഗ്രാമങ്ങളില്‍ 19.7%വുമാണ്. ലൈംഗിക പീഡനമേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 0.3 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ഗര്‍ഭാവസ്ഥയില്‍ മര്‍ദ്ദനമേറ്റ സ്ത്രീകളുടെ എണ്ണം 0.5 ല്‍ നിന്ന് 1.7 ശതമാനമായി ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും ഗൗരവകരമായി ചര്‍ച്ചചെയ്യപ്പെടേണ്ടതുമാണ്. ഇന്ത്യയിലാകെ പീഡനത്തിന്റെ ദേശീയ ശരാശരി 29.2 ശതമാനത്തില്‍ നിന്ന് 22.3 ശതമാനമായി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭര്‍തൃ പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തെലങ്കാനയിലാണ് 30.8%. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അവിടെയും നിരക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടില്‍ 28.5 ശതമാനവും ആന്ധ്രാപ്രദേശില്‍ 22.7 ശതമാനവുമാണ് ഭര്‍തൃ പീഡന നിരക്ക്. ഇരു സംസ്ഥാനങ്ങളിലും മുന്‍ സര്‍വേയെ അപേക്ഷിച്ച് പീഡന നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ സൂചകങ്ങള്‍ മെച്ചപ്പെടുമ്പോഴും പകരാത്ത രോഗങ്ങളും പൊണ്ണത്തടിയും രാജ്യത്ത് വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. ദേശീയ തലത്തില്‍ 15 നും 49 നുമിടയിലുള്ള പുരുഷന്മാരിലെ പൊണ്ണത്തടി 22.9 ശതമാനത്തില്‍ നിന്ന് 27.3 ശതമാനമായും സ്ത്രീകളില്‍ 24 ശതമാനത്തില്‍ നിന്ന് 30.7 ശതമാനമായും ഉയര്‍ന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ 25.5% സ്ത്രീകള്‍ ഇപ്പോള്‍ അമിതവണ്ണമുള്ളവരാണ്. കേരളത്തിന്റെ കണക്കെടുത്താല്‍ സ്ഥിതി ഇതിലും ഭീതിജനകമാണ്. സംസ്ഥാനത്തെ സ്ത്രീകളില്‍ അമിതവണ്ണം 38.2 ശതമാനത്തില്‍ നിന്ന് 46.7 ശതമാനമായും പുരുഷന്മാരില്‍ 36.4 ശതമാനത്തില്‍ നിന്ന് 37 ശതമാനമായും വര്‍ധിച്ചു. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ മാത്രം സ്ത്രീകളിലെ അമിതവണ്ണ നിരക്ക് 42.8 ശതമാനമാണ്. അതായത് 15 നും 49 നുമിടയിലുള്ള പ്രായത്തിലുള്ള കേരളത്തിലെ സ്ത്രീകളില്‍ പകുതിയോളം പേരും അമിതഭാരമുള്ളവരാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്.

ജീവിത ശൈലിയിലും ഭക്ഷണ രീതിയിലും വന്ന മാറ്റങ്ങള്‍ മലയാളിയുടെ ശാരീരികാരോഗ്യത്തില്‍ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം ഈ കണക്കുകളില്‍ നിന്ന് മനസിലാക്കാന്‍. ശരീര ഭാരം വേണ്ട അളവിലും കുറഞ്ഞ സ്ത്രീകളുടെ തോത് നഗരമേഖലകളില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍ സര്‍വേയില്‍ ഇത് 19.7 ശതമാനമായിരുന്നത് പുതിയ സര്‍വേയില്‍ 13.2 ശതമാനമായി താഴേക്ക് വന്നു. കുട്ടികളിലെ പോഷകാഹാരക്കുറവ് രാജ്യത്ത് ഗണ്യമായി കുറയ്ക്കാനായെങ്കിലും, മുതിര്‍ന്നവരിലെ പോഷകാഹാരക്കുറവും ഭക്ഷണ അസമത്വവും ഗ്രാമീണ മേഖലകളില്‍ ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു. പ്രമേഹവും അത് നിയന്ത്രിക്കാന്‍ മരുന്ന് കഴിക്കുന്നതുമായ സ്ത്രീകളുടെ അനുപാതം 13.5 ശതമാനത്തില്‍ നിന്ന് 17.8 ശതമാനമായി ഉയര്‍ന്നതായി സര്‍വേ വ്യക്തമാക്കുന്നു. പുരുഷന്മാര്‍ക്കിടയില്‍ ഇത് 15.6 ശതമാനത്തില്‍ നിന്ന് 20.9 ശതമാനമായി വര്‍ധിച്ചു. അതായത് ഇന്ത്യയിലെ അഞ്ചില്‍ ഒരു മുതിര്‍ന്ന പുരുഷന് ഇപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദമോ പ്രമേഹമോ ഉണ്ട്. സംസ്ഥാനത്ത് സ്ത്രീകളില്‍ പ്രമേഹം 24.8 ശതമാനത്തില്‍ നിന്ന് 28.9 ശതമാനമായും പുരുഷന്‍മാരില്‍ 27 ശതമാനത്തില്‍ നിന്ന് 31.9 ശതമാനമായുമാണ് വര്‍ധിച്ചത്. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, ശാരീരിക അധ്വാനമില്ലാത്ത ജീവിതശൈലി, ദീര്‍ഘനേരത്തെ സ്‌ക്രീന്‍ സമയം, ഉറക്കമില്ലായ്മ, വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.

ദേശീയതലത്തില്‍ മദ്യപിക്കുന്നവരുടെയും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെയും ആകെ എണ്ണത്തില്‍ മുന്‍ സര്‍വേയെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ ഗ്രാമീണ മേഖലകളിലെ സ്ത്രീകള്‍ക്കിടയില്‍ പുകയില ഉപയോഗം ഉയര്‍ന്നു വരുന്നത് ആശങ്കാജനകമാണ്. ഇന്ത്യയില്‍ 15 വയസ്സോ അതിനുമുകളിലോ പ്രായമുള്ള സ്ത്രീകളിലെ പുകയില ഉപയോഗം ഗ്രാമങ്ങളില്‍ 10 ശതമാനവും നഗരങ്ങളില്‍ 4.6 ശതമാനവുമാണ്. ദേശീയതലത്തില്‍ പുരുഷന്മാരുടെ പുകയില ഉപയോഗം നഗരങ്ങളില്‍ 26.2 ശതമാനവും ഗ്രാമങ്ങളില്‍ 41.1 ശതമാനവുമാണ്. എന്നാല്‍ പുകയില ഉപയോഗത്തിന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ വളരെ പിന്നിലാണ് എന്നത് ആശ്വാസകരമാണ്. കേരളത്തില്‍ സ്ത്രീകളിലെ പുകയില ഉപയോഗം 2.2 ശതമാനമായി തുടരുമ്പോള്‍, പുരുഷന്മാരുടേത് മുന്‍പത്തെ 16.9 ശതമാനത്തില്‍ നിന്ന് 15.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പക്ഷെ, മദ്യപാന ശീലത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് മദ്യപിക്കുന്ന പുരുഷന്മാരുടെ നിരക്ക് 19.9 ശതമാനത്തില്‍ നിന്ന് 22.7 ശതമാനമായി ഉയര്‍ന്നു. സ്ത്രീകളില്‍ ഇത് 0.2 ശതമാനത്തില്‍ നിന്ന് 0.3 ശതമാനമായും നേരിയ തോതില്‍ വര്‍ധിച്ചു. ദേശീയതലത്തില്‍ പുരുഷന്മാരിലെ ആകെ മദ്യപാന ശീലം 18.7 ശതമാനത്തില്‍ നിന്ന് 18.9 ശതമാനമായി മാറിയിട്ടുണ്ട്.

സാമൂഹികമായും സാംസ്‌കാരികമായും മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും, വിവാഹിതരായ സ്ത്രീകളില്‍ ഭര്‍തൃപീഡനം ഇരട്ടിയായി വര്‍ധിച്ചുവെന്ന കണക്ക് കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ദേശീയതലത്തില്‍ ഇത്തരം അതിക്രമങ്ങള്‍ കുറയുമ്പോള്‍ കേരളത്തില്‍ ഇത് വര്‍ധിക്കുന്നത് ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കേണ്ടതുണ്ട്. മാത്രമല്ല, പകര്‍ച്ചവ്യാധികളെയും പട്ടിണിയെയും ഒരു പരിധി വരെ തോല്‍പ്പിച്ച ഇന്ത്യയും കേരളവും, ഇപ്പോള്‍ ചെന്നെത്തി നില്‍ക്കുന്നത് അതിലും സങ്കീര്‍ണ്ണമായ ഒരു 'ജീവിതശൈലി-സാമൂഹിക അടിയന്തരാവസ്ഥ'യിലാണെന്ന വെളിപ്പെടുത്തലും ഈ സര്‍വേ നല്‍കുന്നുണ്ട്. നാളത്തെ തലമുറയുടെ അതിജീവനം മെച്ചപ്പെടുത്താനുള്ള ഒരു ജാഗ്രതാ നിര്‍ദേശമായി വേണം നാമീ സര്‍വേ റിപ്പോര്‍ട്ടിനെ കാണാന്‍.

SCROLL FOR NEXT