IN DEPTH

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇനി എന്ത് ചെയ്യും?

ഇത്രയും നീചമായ കാര്യങ്ങള്‍ ചെയ്ത ഒരാളില്‍ നിന്ന് ധാര്‍മികത പ്രതീക്ഷിക്കാമോ?

Author : നസീബ ജബീൻ

പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചു കയറിയത്. കന്നിയങ്കതത്തില്‍ 18,840 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസിന്റെ യുവ നേതാവ് കേരള നിയമസഭയിലേക്ക് എത്തിയത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിന് 53,080 വോട്ടുകളാണ് ലഭിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 38.06 ശതമാനം വോട്ടുകളാണ് ഷാഫിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരന് 49,155 (35.34%) വോട്ടുകളാണ് ആകെ ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാര്‍ഥി അഡ്വ. സി.പി. പ്രമോദിന് 35,622 (25.64%) വോട്ടുകളാണ് ലഭിച്ചത്.

ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി വന്ന്, കുറഞ്ഞ കാലത്തിനുള്ളില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറി രാഹുല്‍ മാങ്കൂട്ടത്തില്‍. ജനകീയ സമരങ്ങളില്‍ കോണ്‍ഗ്രസിന്റെ മുഖം. ശക്തനായ യുവനേതാവ്, മുതിര്‍ന്ന നേതാക്കള്‍ക്കും പ്രിയങ്കരന്‍. ഭാവിയിലെ മന്ത്രിയും മുഖ്യമന്ത്രിയും എന്നുവരെ ആരാധകരുടെ വിശേഷണം.

അങ്ങനെ പ്രശസ്തിയുടേയും പദവികളുടേയും കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ വീഴ്ച്ച. അതിന് ആഘാതം കൂടും.

പാര്‍ട്ടിയില്‍ രാഹുലിന്റെ വളര്‍ച്ച:

2006: കെ.എസ്.യു അംഗം

2007: യൂത്ത് കോണ്‍ഗ്രസ്, പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്

2007: കെ.എസ്.യു അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്

2011: കെ.എസ്.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

2016: എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി

2020: കെ.എസ്.യ, സംസ്ഥാന ജനറല്‍ സെക്രട്ടറി

2020: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

2020: കെ.പി.സി.സി അംഗം

2023-2025: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

2024: പാലക്കാട് നിയമസഭാംഗം

2025: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു, കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

ഷാഫിയും രാഹുലും

വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള ബന്ധം കേരളത്തിന് ആകെ അറിയാവുന്നതാണ്. പുതിയ സ്ഥാനങ്ങള്‍ നേടി മുന്നോട്ടു പോകുമ്പോഴെല്ലാം അവിടെയെല്ലാം പകരക്കാരനായി ഷാഫി പറഞ്ഞത് ഒരേയൊരു പേര് മാത്രം, രാഹുല്‍ മാങ്കൂട്ടത്തില്‍. അങ്ങനെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി, പാലക്കാട് എംഎല്‍എ ആയി... അങ്ങനെ പലതുമായി.

ഇരുവരും തമ്മിലുള്ള ബന്ധം മാസങ്ങള്‍ക്ക് മുമ്പ് വരെ കോണ്‍ഗ്രസിന്റെ ബലവും ആത്മവിശ്വാസവുമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ സമവാക്യങ്ങള്‍ മാറി മറിഞ്ഞു. ഉറ്റ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഷാഫി ദിവസങ്ങള്‍ നീണ്ട മൗനം പാലിച്ചു. ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നപ്പോള്‍ വിമര്‍ശനം സിപിഐഎമ്മിനും മാധമ്യങ്ങള്‍ക്കും. അപ്പോഴും തോഴനെ കൈവിട്ടില്ല, നിയമപരമായ പരാതിയോ എഫ്ഐആറോ ഇല്ലാതെ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴിഞ്ഞുവെന്ന് ന്യായീകരണം. ഷാഫിയുടെ ന്യായീകരണം വരുന്ന അതേ സമയത്ത് തന്നെയാണ് എംഎല്‍എ സ്ഥാനം ഒഴിയുന്നത് ആലോചനയില്‍ പോലുമില്ലെന്ന രാഹുലിന്റെ പ്രതികരണവും വരുന്നത്. എന്തൊരു മനപ്പൊരുത്തം.

ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ പദവിയിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി വടകരയില്‍ നിന്ന് പാര്‍ലമെന്റിലേക്കു ജയിച്ചപ്പോള്‍ പാലക്കാട് സീറ്റിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ രണ്ടു നിയമനങ്ങളും നിര്‍ദേശിച്ചത് വി.ഡി സതീശനും.

വ്യത്യസ്തനായ രാഹുല്‍

ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവല്ല രാഹുല്‍ മാങ്കൂട്ടത്തില്‍. പക്ഷെ, കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും ഇതുപോലെ സീരിയല്‍ കുറ്റവാളി എന്നൊരു വിളിപ്പേര് കിട്ടിയിട്ടില്ല. പുറത്തു വന്ന ചാറ്റുകളും ഓഡിയോകളും വ്യക്തമാക്കുന്നത് അയാള്‍ കേവലമായ മാനസിക വൈകൃതമുള്ള ഒരാള്‍ മാത്രമാണെന്നാണ്. ഒരു രാഷ്ട്രീയ നേതാവാകാന്‍ പോയിട്ട്, സാധാരണ പൊതുപ്രവര്‍ത്തനത്തിനുള്ള യോഗ്യത പോലും ഇത്തരം മാനസിക വൈകൃതമുള്ള ഒരാള്‍ക്ക് ഇല്ല.

രാഹുലിന് എതിരായ പരാതികള്‍

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി എന്നാണ് മാങ്കൂട്ടത്തിലിനെതിരെ ആദ്യം ഉയര്‍ന്നത്. പക്ഷെ, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുടെ ചിത്രങ്ങളും ഒറിജിനലും വരെ പുറത്തുവന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല.

2020 മുതലുള്ള ചാറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. നാലഞ്ചുവര്‍ഷമായിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം ഈ ആരോപണങ്ങളെ കുറിച്ചും പരാതികളെ കുറിച്ചും അറിയാവുന്നതാണ്. അനുഭവിച്ചവര്‍ നേതൃത്വത്തെ അറിയിച്ചതുമാണ്. അതിനു ശേഷമാണ് മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. അതിനു ശേഷമാണ് പാലക്കാട് മല്‍സരിക്കുന്നത്.

ഇനിയെന്ത്?

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്നാല്‍ അതുകൊണ്ട് അയാളുടെ നിയമസഭാംഗത്വം റദ്ദാക്കപ്പെടില്ല. വേണമെങ്കില്‍ സ്വയം രാജിവെച്ച് പുറത്തുപോകാം. ധാര്‍മികതയുടെ പേരില്‍. ഇത്രയും നീചമായ കാര്യങ്ങള്‍ ചെയ്ത ഒരാളില്‍ നിന്ന് ധാര്‍മികത പ്രതീക്ഷിക്കാമോ? എന്നാല്‍, ആരോപണം ഉന്നയിച്ച വ്യക്തിക്കും നിലവിലുള്ള എംഎല്‍എമാര്‍ക്കും നിയമസഭാംഗങ്ങളുടെ സദാചാര വിഷയങ്ങള്‍ പരിശോധിക്കുന്ന എത്തിക്‌സ് കമ്മിറ്റിക്കോ സ്പീക്കര്‍ക്കോ പരാതി നല്‍കാം.

പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരെയും ആരോപണം നേരിടുന്നവരെയും കേട്ട് സമിതിക്ക് ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കാം. കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കി അംഗത്തെ താക്കീതുചെയ്യാനും സെന്‍ഷ്വര്‍ ചെയ്യാനും സസ്‌പെന്‍ഡ് ചെയ്യാനും പറ്റും. സഭാംഗമായി അംഗം തുടരുന്നത് സഭയുടെ അന്തസ്സ് ഹനിക്കുന്നതാണെങ്കില്‍ അംഗത്വത്തില്‍നിന്നു നീക്കംചെയ്യാനും വ്യവസ്ഥയുണ്ട്. അതിനായി എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രമേയമായി സഭാനേതാവായ മുഖ്യമന്ത്രി അവതരിപ്പിക്കണം. സഭയാണ് അംഗത്തെ പുറത്താക്കാന്‍ തീരുമാനിക്കേണ്ടത്. അതുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം. മറ്റൊന്നു കൂടിയുണ്ട്, കേരള നിയമസഭയില്‍നിന്ന് എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഇതുവരേയും ആരേയും പുറത്താക്കിയ ചരിത്രമില്ല.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍ പറഞ്ഞത് വെച്ച് അവസാനിപ്പിക്കാം, എംഎല്‍എയായി തുടരണോ എന്ന് തീരുമാനിക്കേണ്ടത് രാഹുലാണ്. അതൊരു ധാർമിക വിഷയമാണ്, പക്ഷെ, യാതൊരു ധാര്‍മികതയും ഇല്ലാത്ത പ്രവര്‍ത്തിയാണ് അയാള്‍ ചെയ്തത്.

SCROLL FOR NEXT