ഗ്രേറ്റ് നിക്കോബാർ ദ്വീപ് 
IN DEPTH

വീണ്ടും ചർച്ചയായി ഗ്രേറ്റ് നിക്കോബാർ പദ്ധതി; ഇന്ത്യക്കുള്ള നേട്ടങ്ങൾ എന്തെല്ലാം? എതിർപ്പ് എന്തിന്? അറിയേണ്ടതെല്ലാം

പദ്ധതിയെ കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വീണ്ടും വിഷയം ചർച്ചയാകുന്നത്

Author : ന്യൂസ് ഡെസ്ക്

ഒരിടവേളക്ക് ശേഷം ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതി വീണ്ടും ചർച്ചയാവുകയാണ്. പദ്ധതിയെ കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പ്രസിദ്ധീകരിച്ചതും പദ്ധതി ഉണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളടക്കം ഉയർത്തിക്കാട്ടി സോണിയ ഗാന്ധി വിശദമായ ലേഖനം എഴുതിയതും, മുൻ പരിസ്ഥിതി മന്ത്രി ജയറാം രമേശ് വീണ്ടും പദ്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നതും എല്ലാം നിക്കോബാർ പദ്ധതിയെ വാർത്തകളുടെ ശ്രദ്ധാകേന്ദ്രമാക്കുകയാണ്. 81,000 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയെന്താണ്? എന്തൊക്കെയാണ് ഈ പദ്ധതിക്കെതിരായി നിലകൊള്ളുന്നത്?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ പേൾ ഹാർബറും ചൈനയുടെ ഹോങ്കോങ്ങിന്റെയും സമന്വയമാണ് ഇന്ദിര പോയിന്റ്. വ്യാപാരപരമായും പ്രതിരോധപരമായും തന്ത്രപ്രധാനമായ മേഖല. ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയിൽ നിന്ന് ഏകദേശം 210 കിലോമീറ്റർ ദൂരം. മലാക്ക കടലിടുക്കിൽ നിന്ന് വെറും 75 കിലോമീറ്റർ അകലെയുള്ള ദ്വീപ്. അങ്ങനെ തന്ത്രപ്രധാനമായ സ്ഥാനമാണ് ഗ്രേറ്റ് നിക്കോബാറിനുള്ളത്.

ആഴമുള്ള സ്വാഭാവിക തുറമുഖം എന്നതും വലിയ തുറമുഖ പദ്ധതികൾക്ക് ഗ്രേറ്റ് നിക്കോബാറിനെ അനുയോജ്യമാക്കുന്നു. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷനിൽ ചൈനയുടെ അപ്രമാദിത്യത്തിനുള്ള മറുപടി കൂടിയാകും ഗ്രേറ്റ് നിക്കോബാർ പദ്ധതി. ചൈനയുടെ ഊർജ്ജ വിതരണത്തിന്റെ 65% ത്തിലധികവും മലാക്ക കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. 'സ്ട്രിങ് ഓഫ് പേൾസ്' എന്ന പേരിൽ ചൈന വികസിപ്പിച്ച ഈ വ്യാപാര ശൃംഘലയുടെ ഭാഗമായ ശ്രീലങ്കയിലെ തുറമുഖങ്ങളുടെ പ്രാധാന്യം കുറയ്ക്കാൻ ഗ്രേറ്റ് നിക്കോബാർ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. ഗലാത്തിയ ബേയിൽ തുറമുഖം വരുന്നതോടെ 200 മില്യൺ യു എസ് ഡോളർ വരെ ചരക്ക് ഗതാഗതത്തിൽ ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

കിഴക്കൻ തീരം ശക്തിപ്പെടുത്താൻ

ലോകത്തിലെ ഏറ്റവും വലിയ നാവിക ശക്തിയായ ചൈന, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ്ഥിര സാന്നിധ്യമാണ്. ഇതിനെ നേരിടാൻ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ കാർവാറിന് സമാനമായുള്ള ഒരു നാവിക താവളം ഇല്ല. വിശാഖപട്ടണം വലിയ തുറമുഖമാണെങ്കിലും വാണിജ്യ കപ്പലുകളുമായി ഇത് പങ്കിടുന്നതിനാൽ, നാവിക സേന താവളമായി വികസിപ്പിക്കാനാകില്ല. അതിനാൽ ഗലാത്തിയ ബേയിൽ വിഭാവനം ചെയ്ത നാവിക സേന എൻക്ലേവ് ഈ പരിമിതികളെ മറികടക്കാനും കിഴക്കൻ മേഖലയിലെ പ്രതിരോധ ദൗർബല്യങ്ങളെ മറികടക്കാനും സഹായിക്കുന്നു.

ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ ഒംബായ് വെറ്റാർ, ലോംബോക്ക്, സുന്ദ കടലിടുക്ക് എന്നിവിടങ്ങൾ, ഇന്ത്യയുടെ നിരീക്ഷണം എത്താത്ത മേഖലകളാണ്. ഇവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും ആവശ്യമെങ്കിൽ പ്രതിരോധം സൃഷ്ടിക്കാനും വ്യോമ- നാവിക നടപടികൾ വേഗത്തിലാക്കാൻ ഗ്രേറ്റ് നിക്കോബാർ പദ്ധതിയിലൂടെ സാധിക്കും. ഇന്ത്യൻ വൻകരയിൽ നിന്ന് അന്തർവാഹിനികൾക്ക് ഇന്തോനേഷ്യൻ ദ്വീപുകൾക്ക് സമീപം എത്താൻ ഏകദേശം എട്ട് ദിവസം എടുക്കും. എന്നാൽ നിക്കോബാറിലെ ഐഎൻഎസ് ബാസ് വികസിപ്പിക്കുന്നതിലൂടെ, ഈ സമയം അഞ്ച് ദിവസമായി കുറയ്ക്കാനും സാധിക്കും.

സാമ്പത്തിക നേട്ടങ്ങളും അനവധി

ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് 81,000 കോടി രൂപയുടെ ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതി നീതി ആയോഗ് വിഭാവനം ചെയ്തത്. 166 ചതുരശ്ര കിലോമീറ്ററിലധികം സ്ഥലമാണ് പദ്ധതിക്ക് ആവശ്യമായി വരുന്നത്. ഗലാത്തിയ ബേയിൽ നിർമിക്കുന്ന ട്രാൻസ്‌ഷിപ്പ്മെന്റ് തുറമുഖത്തിലൂടെ 1.45 കോടി കണ്ടെയ്നറുകൾ പ്രതിവർഷം കൈകാര്യം ചെയ്യാനാകുമെന്നാണ് ഇന്ത്യ കണക്കുക്കൂട്ടുന്നത്. സിംഗപ്പൂരിന്റെ വ്യാപാര പ്രാധാന്യത്തെ കുറയ്ക്കാനും മലാക്ക കടലിടുക്കിലെ ചൈനീസ് അപ്രമാദിത്യത്തെ ഒതുക്കാനും ഈ തുറമുഖത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ആഗോള വ്യാപാരത്തിന്റെ 25 ശതമാനത്തോളം നടക്കുന്ന മലാക്ക കടലിടുക്കിലെ ചരക്ക് ഗതാഗതത്തിന്റെ 20 മുതൽ 30 ശതമാനം വരെ പിടിച്ചെടുക്കാൻ ഗലാത്തിയ ബേയ്ക്ക് സാധിക്കും എന്നാണ് ഇന്ത്യ കണക്കുക്കൂട്ടുന്നത്. വലിയ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള, 3,300 മീറ്റർ റൺവേയുള്ള ഒരു ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളവും പദ്ധതിയുടെ ഭാഗമാണ്.

65,000 പേർക്ക് വരെ താമസിക്കാവുന്ന 16,569 ഹെക്ടർ ടൗൺഷിപ്പും, ഇതിനെല്ലാം ആവശ്യമായ ഊർജം ഉത്പാദിപ്പിക്കാനായി 450 മെഗാവാട്ട് വാതകാധിഷ്ഠിത, സൗരോർജ നിലയവും ഗ്രേറ്റ് നിക്കോബാർ പദ്ധതിയിലുണ്ട്. 30 വർഷം കൊണ്ട് ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. തുറമുഖത്തിലൂടെ പ്രതിവർഷം 30,000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം 50,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും എന്നും കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.

എതിർപ്പ് എന്തിന്?

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ആവാസവ്യവസ്ഥകളിലൊന്നാണ് ഗലാത്തിയ നാഷണൽ പാർക്ക് അടങ്ങുന്ന, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ. നിക്കോബാർ മെഗാപോഡ് ഉൾപ്പെടെ 200 വർഗങ്ങളിലുള്ള പക്ഷികളും മേഖലയുടെ 85 ശതമാനവും വ്യാപിച്ച് കിടക്കുന്ന വനവും കണ്ടൽക്കാടുകളുള്ള റാംസർ തണ്ണീർത്തടവും ലോകത്തിലെ ഏറ്റവും വലിയ കടലാമയായ ഭീമൻ ലെതർബാക്കിന്റെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രജനന കേന്ദ്രവും കൂടിയാണ് ഇവിടം.

വിവിധ മത്സ്യങ്ങളുടെ ആവാസകേന്ദ്രമായി പവിഴപ്പുറ്റുകളുടെ വലിയൊരു നിരയും നിക്കോബാർ തീരങ്ങളിലുണ്ട്. ദുർബല ഗോത്ര വിഭാഗമായ ഷോംപെന്നുകളിലെ നാനൂറോളം ആളുകൾ ഈ ദ്വീപിലാണ് വസിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാത്ത ഷോംപെന്നുകളെ പുനരധിവസിപ്പിക്കുമ്പോൾ, ഇവർക്ക് പകർച്ചവ്യാധികളടക്കം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധ ശേഷി കുറവായതിനാൽ മരണം വരെ സംഭവിക്കാൻ സാധ്യതയേറെയാണ്. ഇത് ഷോംപെന്നുകളുടെ ജനസംഖ്യ കുറയാൻ ഇടയാക്കുമെന്ന ആശങ്ക നരവംശശാസ്ത്രജ്ഞരും പങ്കുവയ്ക്കുന്നുണ്ട്. തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനം ഉൾപ്പടെയും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഭൂകമ്പ സാധ്യത മേഖലയാണ് ഗ്രേറ്റ് നിക്കോബാർ. ഭൂമിക്കടിയിൽ ചലിക്കുന്ന പാളിക്ക് മുകളിലായാണ് പ്രദേശം സ്ഥിതി ചെയ്യുന്നതാണ് ഇതിന് കാരണം. ഗ്രേറ്റ് നിക്കോബാറിന് 80 കിലോമീറ്റർ അകലെയായാണ് 2004ലെ കൂറ്റൻ സുനാമിക്ക് ഇടയായ ഭൂകമ്പം ഉണ്ടായത്. മാത്രമല്ല ഇന്ത്യയിലെയും, മ്യാൻമർ മുതൽ സുമാത്ര വരെയുള്ള മേഖലയിലെ ഏക സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ഗ്രേറ്റ് നിക്കോബാറിൽ നിന്ന് കേവലം 250 കിലോമീറ്റർ അകലെ മാത്രമാണ്.

2004ലെ സുനാമിയിൽ ഇന്ദിര പോയിന്റിന്റെ നല്ലൊരു ഭാഗവും സമുദ്രത്തിലാഴ്ന്നു പോയി. നിക്കോബാർ തീരത്തിന്റെ 15 മീറ്റർ വരെ കടലെടുത്തു എന്നാണ് കണക്ക്. ഇത്തരത്തിലൊരു മേഖലയിൽ വലിയ നിർമാണ പ്രവർത്തനങ്ങൾ നടന്നാൽ, അത് എത്രത്തോളം പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കും എന്നതാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

പ്രതിപക്ഷം ഉയർത്തിക്കാട്ടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ശരിയാണെങ്കിലും പദ്ധതിയിലൂടെ ലഭിക്കുന്ന നേട്ടവും മുൻതൂക്കവും വളരെ വലുതാണ്. പ്രതിരോധപരമായി ഇന്ത്യക്ക് പസഫിക് മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഒപ്പം വ്യാപാര പരമായും വലിയ നേട്ടമാണ് ഈ പദ്ധതിയിലൂടെ ഇന്ത്യക്ക് ലഭിക്കുന്നത്.

SCROLL FOR NEXT