ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഒരോ കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുട്ടികള്‍ വേണമെന്ന പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ ജനസംഖ്യ, കുടുംബ ഘടന, സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍, ജീവിത നിലവാരം തുടങ്ങിയ മേഖലകളെ നേരിട്ട് സ്പര്‍ശിക്കുന്ന തരത്തിലുള്ളതാണ് കേന്ദ്ര ഭരണകക്ഷിയുടെ രക്ഷാധികാരിയായി അറിയപ്പെടുന്ന സംഘടനയുടെ മേധാവി നടത്തിയ പ്രസ്താവന.
ഒരു രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന കാര്യങ്ങളായ ജനസംഖ്യാ വര്‍ധന, തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംവിധാനം, പരിസ്ഥിതി, സാമൂഹിക സമവാക്യം എന്നിവയെല്ലാം ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ പ്രസ്താവന എന്നും പറയാം. അതിനാല്‍ ഈ പ്രസ്താവനയുടെ സാമൂഹ്യ-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന്, അത് രാജ്യത്തിന് ഗുണകരമാകുമോ എന്ന ചോദ്യം പ്രസക്തമാണ്.
ആര്‍എസ്എസിന്‍റെ ഉദ്ദേശ്യം
ആര്‍എസ്എസിന്‍റെ ദീര്‍ഘകാലമായുള്ള പദ്ധതികള്‍ എല്ലാം തന്നെ ഹിന്ദുത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമാണ്. "ഓരോരുത്തരും മൂന്ന് കുട്ടികള്‍ വേണം" എന്ന ആശയം അവതരിപ്പിക്കുന്നത് തന്നെ ഈ പാശ്ചത്തലത്തില്‍ വേണം പരിശോധിക്കാന്‍.
ഇന്ത്യയില്‍ ഹിന്ദു സമൂഹത്തിന്റെ ജനസംഖ്യ കുറയുന്നുവെന്ന് ആര്‍എസ്എസ് എന്നും ഉയര്‍ത്തുന്ന വാദമാണ്. മുസ്ലിം സമൂഹത്തില്‍ കൂടുതലായ ജനനനിരക്ക് ഉള്ളതായാണ് പലപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത്. ഈ പാശ്ചത്തലത്തില്‍ "ഹിന്ദു കുടുംബങ്ങള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണം" എന്ന സന്ദേശം ആര്‍എസ്എസും സംഘപരിവാരും എപ്പോഴും നല്‍കാറുള്ളതും.
2021 സെന്‍സസ് ഡാറ്റ അനുസരിച്ച് ഹിന്ദുക്കളുടെ ഫെര്‍ട്ടിലിറ്റി റേറ്റ് 2.0 ആയപ്പോള്‍ മുസ്ലിം സമൂഹത്തില്‍ അത് 2.3 ആയിരുന്നു. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ മുസ്ലിം ഫെര്‍ട്ടിലിറ്റി നിരക്കും വേഗത്തില്‍ താഴെയെത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ ജനസംഖ്യ രാജ്യത്തിന്‍റെ സാമ്പത്തിക-രാഷ്ട്രീയ ശക്തിക്ക് സഹായകരമാണെന്ന് അവകാശപ്പെടാനുള്ള ശ്രമവും ഈ പ്രസ്താവനയിലൂടെ ആർഎസ്എസ് നടത്തുന്നുണ്ട്. കൂടുതല്‍ തൊഴിലാളികള്‍, സൈനികര്‍, ഉപഭോക്താക്കള്‍ — എല്ലാം കൂടി രാജ്യത്തെ "വലിയ ശക്തി" ആക്കുമെന്ന പൊതു ധാരണയാണ് ഇതിന് പിന്നില്‍.
കുടുംബങ്ങളിലെ തലമുറ തുടര്‍ച്ചയും, 'പാരമ്പര്യ മൂല്യങ്ങള്‍' സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യവും പ്രസ്താവനയ്ക്ക് പിന്നിലെ കാരണമാണ്. ഇത് സാമൂഹിക നിയന്ത്രണവും, പരമ്പരാഗത കുടുംബഘടനയും ശക്തിപ്പെടുത്തുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്ന ആര്‍എസ്എസിന്‍റെ സൈദ്ധാന്തിക അടിത്തറയില്‍ നിന്നുകൊണ്ട് കൂടിയുള്ള പ്രസ്താവനയാണെന്ന് കാണാം.
പിന്നില്‍ രാഷ്ട്രീയ നിര്‍വചനങ്ങള്‍
ഇന്ത്യയില്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് നേരിട്ട് രാഷ്ട്രീയ ഫലത്തെ ബാധിക്കും. കൂടുതല്‍ ഹിന്ദു ജനസംഖ്യ ഉണ്ടാവുമ്പോള്‍ ഭാവിയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് ആനുകൂല്യം ലഭിക്കും എന്നതാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ആര്‍എസ്എസ് മാത്രമല്ല സ്വന്തം സമുദായത്തിന്‍റെ മാത്രം ജനസംഖ്യ വര്‍ദ്ധിക്കണം എന്ന് പറയുന്ന ഏതൊരു മത സമുദായിക നേതാക്കളും ഇത് തന്നെയാണ് ആഗ്രഹിക്കുന്നത് എന്നാണ് സത്യം.
മുസ്ലിം ജനസംഖ്യ വേഗത്തില്‍ വര്‍ധിക്കുന്നു, ഹിന്ദുക്കള്‍ കുറയുന്നു എന്ന വാദം ഉയര്‍ത്തി ഭൂരിപക്ഷത്തില്‍ ഭീതിയും അതിലൂടെ രാഷ്ട്രീയ ഐക്യവും സൃഷ്ടിക്കുന്നതാണ് ലക്ഷ്യം. എന്നാല്‍ ഡാറ്റ വ്യക്തമാക്കുന്നത് എല്ലാ മതങ്ങളിലും ജനനനിരക്ക് ക്രമേണ താഴെയെത്തിക്കൊണ്ടിരിക്കുകയാണെന്നതാണ്. മൂന്ന് കുട്ടികള്‍ വേണമെന്ന ആശയം സ്ത്രീകളുടെ ശരീരത്തെ രാഷ്ട്രീയ ചര്‍ച്ചയുടെ ഭാഗമാക്കുകയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴില്‍, സ്വാതന്ത്ര്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് ഇതെന്ന് കാലം തന്നെ തെളിയിച്ചതാണ്.
കണക്കുകള്‍ യോജിക്കുന്നില്ല
2023ലെ കണക്ക് പ്രകാരം ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. ഏകദേശം 1.43 ബില്യണ്‍ ആണ് നമ്മുടെ രാജ്യത്തെ ജനസംഖ്യ.
ജനന നിരക്ക് 1992-ല്‍ 3.4 ആയിരുന്നത് ഇപ്പോള്‍ 2.0 ആയി കുറഞ്ഞു. ജനസംഖ്യ നിയന്ത്രിതമായി സ്ഥിരതയിലേക്ക് നീങ്ങുന്നുവെന്നതാണ് ഇതിലെ യാഥാര്‍ത്ഥ്യം.
നഗരപ്രദേശങ്ങളില്‍ ഫെര്‍ട്ടിലിറ്റി നിരക്ക് ഗ്രാമങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
ഇന്ത്യയിലെ തൊഴില്‍രഹിതരുടെ നിരക്ക് 2022-ല്‍ 7.5% ആയിരുന്നു. യുവജനങ്ങളില്‍ (15-24 വയസ്സ്) തൊഴില്‍രഹിതത്വം 20% മുകളിലാണ്. മൂന്ന് കുട്ടികളെ വളര്‍ത്തേണ്ട കുടുംബങ്ങള്‍ക്ക് സ്ഥിരമായ തൊഴില്‍ ഇല്ലാത്ത അവസ്ഥയില്‍ സാമ്പത്തിക ഭാരം വര്‍ധിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളിലെ 40% പേര്‍ക്കും അടിസ്ഥാന പഠനക്ഷമത ഇല്ലെന്നാണ് എഎസ്ഇആര്‍ റിപ്പോര്‍ 2022 പറയുന്നത്. കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ കുടുംബങ്ങള്‍ക്ക് സ്വകാര്യ വിദ്യാഭ്യാസം നല്‍കുന്നത് അസാധ്യമായി മാറും എന്നതും യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയിലെ ആരോഗ്യ ചെലവ് ജിഡിപിയുടെ 2.1% മാത്രമാണെന്നാണ് 2011 ലെ സെന്‍സെസ് പറയുന്നത്. വികസിത രാജ്യങ്ങളില്‍ അത് 7–10% വരെ പോകുന്നു എന്നതും ഇത്തരം പ്രസ്താവനകളോട് കൂട്ടിവായിക്കണം.
മൂന്ന് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്തിന്‍റെ സംവിധാനങ്ങള്‍ പോരാ എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നീതി ആയോഗിന്‍റെ മള്‍ട്ടി ഡയമന്‍ഷ്യല്‍ പൂവേര്‍ട്ടി ഇന്‍ഡക്സ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 14.9% (2023) പേര്‍ ഇന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. അവര്‍ക്കു മൂന്ന് കുട്ടികളെ വളര്‍ത്താനുള്ള ശേഷി ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ജനസംഖ്യ വര്‍ദ്ധനവിലെ അന്താരാഷ്ട്ര അനുഭവങ്ങള്‍
ജനസംഖ്യ നിയന്ത്രിക്കാന്‍ "ഒന്ന് കുട്ടി നയം" സ്വീകരിച്ച ചൈന പിന്നീട് ജനസംഖ്യാ കുറവ് അനുഭവിച്ചപ്പോള്‍ "മൂന്ന് കുട്ടി" നയം അനുവദിച്ചു. പക്ഷേ ജനങ്ങള്‍ അതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. സ്വാഭാവികമായി 1 അല്ലെങ്കില്‍ 2 കുട്ടികളില്‍ ഒതുങ്ങുകയാണ് ഇപ്പോള്‍ ചൈനയിലെ ജനനനിരക്ക്. പ്രധാന കാരണമായി ചൈനീസ് ജനതയ്ക്ക് ഇടയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് കുട്ടികളെ പരിപാലിക്കാനുള്ള ധനത്തിന്‍റെ സമയത്തിന്‍റെയും കുറവാണ്.
പല യൂറോപ്യന്‍ രാജ്യങ്ങളിലും ജനസംഖ്യാ കുറവ് തടയാന്‍ സര്‍ക്കാരുകള്‍ മാതൃ അവധി, കുട്ടികള്‍ക്ക് ധനസഹായം, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അവിടെയും എന്നാല്‍ കാര്യമായ ജനസംഖ്യ പുരോഗതി കാണാനില്ലെന്നതാണ് സത്യം. ജപ്പാനില്‍ ജനസംഖ്യ കുറയുന്നത് തടയാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്കിടയിലും കുട്ടികളെ വളര്‍ത്താനുള്ള ചെലവ് കാരണം ജനങ്ങള്‍ രണ്ട് കുട്ടികളില്‍ ഒതുങ്ങുന്നു എന്നതാണ് മാധ്യമങ്ങളില്‍ അടക്കം വന്ന വാര്‍ത്ത. ഇതിലൂടെ തന്നെ ജനസംഖ്യ വര്‍ദ്ധനവ് എന്നത് സര്‍ക്കാര്‍ പദ്ധതിയായി പ്രഖ്യാപിച്ചിട്ട് പോലും ഇപ്പോഴത്തെ തലമുറയില്‍ അത് കാര്യമായ അനക്കം ഉണ്ടാക്കുന്നില്ല എന്നതാണ്.
എണ്ണമല്ല ലക്ഷ്യം, ഗുണനിലവാരം
ആര്‍എസ്എസ് മേധാവിയുടെ "ഓരോരുത്തരും മൂന്ന് കുട്ടികള്‍ വേണം" എന്ന പ്രസ്താവനയുടെ സാമൂഹ്യ-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വ്യക്തമാണെങ്കിലും മറ്റൊരു രീതിയില്‍ അത് പരിശോധിച്ചാലും അത് രാജ്യത്തിന് ഗുണകരമാകുമെന്നതിന് തെളിവുകളില്ല. മറിച്ച്, നിലവിലെ ജനസംഖ്യാ സമ്മര്‍ദ്ദവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കണക്കിലെടുത്താല്‍ അത് രാജ്യത്തിന് ഭാരം തന്നെയായിരിക്കും. കുടുംബങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ വരുന്നത് അവരുടെ സാമ്പത്തിക ശേഷിയും ജീവിത നിലവാരവും പരിഗണിച്ചായിരിക്കണം. രാഷ്ട്രീയ മത നേതൃത്വത്തിന്‍റെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചുള്ള പ്രസ്താവനകളെ ആശ്രയിച്ചായിരിക്കരുത്.
രാജ്യത്തിന്‍റെ യഥാര്‍ത്ഥ ആവശ്യകത "കുട്ടികളുടെ എണ്ണം" കൂട്ടുന്നതല്ല, "കുട്ടികളുടെ ഗുണനിലവാരം" മെച്ചപ്പെടുത്തുക തന്നെയാണ് . അതായത്, ഓരോ കുട്ടിക്കും നല്ല വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സുരക്ഷിത ഭാവി എന്നിവ നല്‍കുക. അതിനാല്‍ തന്നെ ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന ഒരു രാഷ്ട്രീയ സന്ദേശമായി മാത്രമേ കാണാനാകൂ, വികസന ലക്ഷ്യം എന്ന നിലയ്ക്ക് അതിന് നിലനില്‍പ്പില്ലെന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം.