IN DEPTH

ആര്‍എസ്എസ് ഓഡിറ്റിങ്ങിന് വിധേയമാകേണ്ടേ?

കോടതി കയറുന്ന ഈ വിവാദം വരുംനാളുകളില്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായി തുടരും

Author : പി.പി. പ്രശാന്ത്

കര്‍ണാടകയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ അസാധാരണമായൊരു സംവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും ആര്‍എസ്എസും തമ്മിലുള്ള ഏറ്റുമുട്ടല്‍. രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സംഘടനയ്ക്കും ബാധകമായ രജിസ്‌ട്രേഷന്‍, സാമ്പത്തിക സുതാര്യത, കണക്ക് കാണിക്കാനുള്ള ബാധ്യത എന്നീ മൗലികമായ ചോദ്യങ്ങളാണ് പ്രിയങ്ക് ഖാര്‍ഗെ ഉയര്‍ത്തിയത്. എന്നാല്‍, ഇത്തരം നിയമപരമായ ചട്ടക്കൂടുകള്‍ക്ക് തങ്ങള്‍ ബാധകമല്ലെന്നും തങ്ങളുടെ പ്രവര്‍ത്തനം പൊതുമണ്ഡലത്തില്‍ സുതാര്യമാണെന്നുമുള്ള ആര്‍എസ്എസ് നേതൃത്വത്തിന്റെ നിലപാട്, ജനാധിപത്യ ഇന്ത്യയില്‍ ഒരു സംഘടനയ്ക്ക് ലഭിക്കാവുന്ന അധികാരത്തെയും അതിന്റെ പരിധികളെയും കുറിച്ച് വലിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നുണ്ട്.

പ്രിയങ്ക് ഖാര്‍ഗെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?

പ്രമുഖ കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക് ഖാര്‍ഗെ കര്‍ണാടക സര്‍ക്കാരിലെ നിലവിലെ ആഭ്യന്തര മന്ത്രിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായ അദ്ദേഹം, കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമാണ്. ആര്‍എസ്എസിന്റെ നിയമപരമായ പദവി, സംഘടനയുടെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍, ഫണ്ടിങ് സ്രോതസ്സുകള്‍, കണക്കുകള്‍ എന്നിവ സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി ആര്‍.എസ്.എസിന് കത്തയച്ചിരുന്നു. ഇത്രയും വലിയൊരു സംഘടന ഏത് നിയമപരമായ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ നിയമപരമായ അടിത്തറ വിശദീകരിക്കാന്‍ അധികാരപ്പെട്ട ഭാരവാഹികളെ നിയോഗിക്കണമെന്നാണ് ആവശ്യം. രാജ്യത്തുടനീളം 60,000 ശാഖകളുള്ള, വിപുലമായ ശൃംഖലയുള്ള സംഘടന എന്ന നിലയില്‍ ആര്‍.എസ്.എസ് ഉയര്‍ന്ന സുതാര്യതയും ഭരണഘടനാപരമായ ഉത്തരവാദിത്തവും പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യ രാജ്യത്ത് എത്ര വലിയ സംഘടനയായാലും ഭരണഘടനക്ക് അതീതമല്ല. ശുചീകരണ തൊഴിലാളികള്‍ക്ക് പോലും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമുള്ള നാട്ടില്‍ എല്ലാ മതസ്ഥാപനങ്ങളും ട്രസ്റ്റുകളും ഓഡിറ്റിങ്ങിന് വിധേയമാകുമ്പോള്‍ ആര്‍എസ്എസിന് അത് എങ്ങനെ ബാധകമാകാതിരിക്കും എന്ന് അദ്ദേഹം ചോദിക്കുന്നു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് ഭരണഘടനാപരമായ ആത്മപരിശോധന നടത്തണം. സംഘടന രജിസ്റ്റര്‍ ചെയ്യുകയും സാമ്പത്തികവിവരങ്ങള്‍ വെളിപ്പെടുത്തുകയും നികുതി അടക്കുകയും ചെയ്യുന്ന സുതാര്യമായ ഒരു സംവിധാനമായി മാറണമെന്നും ഖാര്‍ഗെ അഭ്യര്‍ഥിച്ചു. ഇതിനെതിരെ രംഗത്തെത്തിയ ബിജെപി, ആര്‍എസ്എസ് പതിറ്റാണ്ടുകളായി നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇപ്പോള്‍ എന്തിനാണ് പുതിയ രജിസ്‌ട്രേഷന്‍ ആവശ്യപ്പെടുന്നതെന്നും ചോദിച്ചിരുന്നു. ബി.ജെ.പി നേതൃത്വം ഈ നീക്കങ്ങളെ വളരെ രൂക്ഷമായാണ് പ്രതിരോധിക്കുന്നത്. വികസന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഖാര്‍ഗെ ഇത്തരം വിവാദങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതെന്നും, ആര്‍എസ്എസ് രാജ്യത്തിന്റെ സേവനത്തിനായാണ് നിലകൊള്ളുന്നതെന്നും അവര്‍ വാദിക്കുന്നു. ഖാര്‍ഗെയുടെ ഈ നീക്കങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പരാജയമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും, അദ്ദേഹം ഈ വിഷയത്തില്‍ ഒട്ടും പിന്നോട്ട് പോകാന്‍ തയ്യാറായിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോടതികളില്‍ നിയമനടപടികള്‍ നടക്കുന്നുണ്ട്. ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലാത്തതിനാല്‍ അതിലെ അംഗങ്ങള്‍ക്ക് പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരെ അപകീര്‍ത്തിക്കേസ് നല്‍കാന്‍ കഴിയില്ലെന്ന അദ്ദേഹത്തിന്റെ വാദം നേരത്തെ കോടതി തള്ളിയിരുന്നു.

ആര്‍എസ്എസ് അത്യന്തം നിഗൂഢമായ പ്രവര്‍ത്തനസ്വഭാവം സൂക്ഷിക്കുന്ന സംഘടനയാണെന്ന അദ്ദേഹത്തിന്റെ ആരോപണം എളുപ്പം തള്ളിക്കളയാനാകില്ല. 1925ല്‍ പിറവിയെടുത്തതു മുതല്‍ 'വ്യക്തികളുടെ കൂട്ടായ്മ' എന്ന പേരില്‍ രാജ്യത്തുടനീളം പരസ്യമായും അദൃശ്യമായും പ്രവര്‍ത്തിക്കുകയാണ് ആര്‍എസ്എസ് ഗാന്ധിഹത്യക്ക് പിന്നാലെ തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയത് സ്വന്തമായി സംഘടനാ ഭരണഘടനയുണ്ടാക്കുമെന്ന ഉറപ്പുകൂടി ഉള്‍പ്പെടുത്തിയാണ്. എന്നാല്‍ അത്തരമൊരു ഭരണഘടനയുണ്ടായിട്ടും അത് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്നോളം അവര്‍ തയാറായിട്ടില്ല. ആര്‍എസ്എസിന് കീഴിലുള്ള ഒരു ഏജന്‍സിയാണ് വിദ്യാഭാരതി. രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഗ്രൂപ്പുകളില്‍ ഒന്നാണിത്. ഇവരുടെ പൂര്‍ണ നിയന്ത്രണം നാഗ്പൂരിനാണ്. എന്നാല്‍, കണക്കുകളിലോ രേഖകളിലോ എന്തിന് പ്രസംഗങ്ങളില്‍പോലും ആര്‍എസ്എസ് ബന്ധം കടന്നുവരില്ല. സമാനമായി ദീന്‍ ദയാല്‍ ശോധ് സംസ്ഥാന്‍, ഭാരത് വികാസ് പരിഷത്ത്, സേവാ ഭാരതി, രാഷ്ട്രീയ സേവികാ സമിതി, വനവാസി കല്യാണ്‍ ആശ്രം, രാഷ്ട്ര സേവാ സമിതി, ദുര്‍ഗാ വാഹിനി, ഭാരതീയ ഗോ രക്ഷാ ദള്‍, ഹിന്ദു ജാഗരണ്‍ വേദികെ, ധര്‍മ് ജാഗരണ്‍ സമിതി, രാഷ്ട്രീയ സിഖ് സംഘത്, മുസ്ലിം രാഷ്ട്രീയ മഞ്ച്, ഹിന്ദു രാഷ്ട്രസേന, ഹിന്ദു ഐക്യ വേദി, ഹിന്ദു മുന്നണി, ഹിന്ദു മിലിട്ടറി എജുക്കേഷന്‍ സൊസൈറ്റി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ദളങ്ങളിലാണ് ആര്‍.എസ്.എസിന്റെ വേരാഴ്ന്നുനില്‍ക്കുന്നത്. ഈ സംഘടനകളെല്ലാം പലവിധത്തിലായി നാഗ്പൂരുമായി നിരന്തരം ബന്ധപ്പെടുന്നവയുമാണ്. എന്നാല്‍, ഒരു രേഖയിലും ഇവയുമായി ആര്‍.എസ്.എസിന് ബന്ധമുണ്ടെന്ന് തെളിയിക്കാനാകില്ല.

സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് കൈപ്പറ്റാത്തതുകൊണ്ട് രജിസ്‌ട്രേഷന്‍ ആവശ്യമില്ല' എന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വാദം നിയമപരമായി നിലനില്‍ക്കുന്നതല്ല. ഗ്രാന്റ് വാങ്ങുന്നില്ല എന്നത് രജിസ്‌ട്രേഷനില്‍ നിന്നുള്ള ഒഴിവല്ല; മറിച്ച്, രാജ്യത്ത് ഗ്രാന്റ് വാങ്ങാതെ തന്നെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സംഘടനകളുണ്ട്.. കൂടാതെ, ഗ്രാന്റ് വാങ്ങാത്ത ഒരു സംഘടനയെന്ന അവകാശവാദം നിലനില്‍ക്കുമ്പോഴും, ആര്‍.എസ്.എസ് അനുബന്ധ സംഘടനകളുടെ പേരിലും മറ്റും പൊതുജനങ്ങളില്‍ നിന്ന് വന്‍തോതില്‍ സംഭാവനകള്‍ സ്വീകരിക്കുന്നുണ്ടെന്നതാണ് വാസ്തവം.. ഏതൊരു സ്രോതസ്സില്‍ നിന്നുള്ള സംഭാവനയായാലും നിയമപരമായ അക്കൗണ്ടബിലിറ്റിക്ക് അത് വിധേയമാണ്. നിലവിലെ നിയമപ്രകാരം, നികുതി വിധേയമോ അല്ലാത്തതോ ആയ എല്ലാവിധ സംഭാവനകളും ജി.എസ്.ടി നിയമങ്ങള്‍ക്കും ആദായനികുതി ചട്ടങ്ങള്‍ക്കും അനുസൃതമായി കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്.

ഇവിടെയാണ് പ്രിയങ്ക് ഖാര്‍ഗെ ഉയര്‍ത്തുന്ന നിയമപരമായ ചോദ്യം പ്രസക്തമാകുന്നത്: രാജ്യത്തെ ഓരോ പൗരനും ഓരോ സംഘടനയ്ക്കും ബാധകമായ നിയമം എന്തുകൊണ്ട് ആര്‍.എസ്.എസിന് മാത്രം ബാധകമാകുന്നില്ല? 'സര്‍ക്കാരിന്റെ ഒരു ചില്ലിക്കാശുപോലും വാങ്ങുന്നില്ല' എന്ന് മോഹന്‍ ഭാഗവത് ആവര്‍ത്തിക്കുമ്പോഴും, അദ്ദേഹത്തിനും ദത്താത്രേയ ഹൊസബളെ പോലുള്ള നേതൃനിരയ്ക്കും നല്‍കുന്ന ഉന്നതതല സുരക്ഷയ്ക്കായി ചെലവാക്കുന്നത് ഇന്നാട്ടിലെ കോടിക്കണക്കിന് നികുതിദായകരുടെ അധ്വാനഫലമാണെന്നാണ് ഉയരുന്ന ആക്ഷേപം.

ആര്‍.എസ്.എസിന്റെ 2025-26 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകള്‍ ഉദ്ധരിച്ചാണ് പ്രിയങ്ക് ഖര്‍ഗെ ചോദ്യങ്ങള്‍ ഉന്നയിച്ചത്. കര്‍ണാടകയില്‍ 4,127 ദൈനംദിന ശാഖകളും 1,389 പ്രതിവാര ശാഖകളും 60 പ്രതിമാസ മണ്ഡലികളും 2,194 സമാജോത്സവങ്ങളും സംഘം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതോടൊപ്പം ഒരു വര്‍ഷക്കാലത്തിനിടെ 562 റൂട്ട് മാര്‍ച്ചുകളും നടത്തി. ഇത്രയേറെ വിപുലമായ ക്രമീകരണങ്ങളും പങ്കാളിത്തവുമുള്ള സംഘടനയ്ക്ക് ഒരു കടലാസില്‍പോലും ആധാരമില്ലെന്ന് വരുന്നതിനെയാണ് പ്രിയങ്ക് ഖര്‍ഗെ ചോദ്യം ചെയ്തത്. കര്‍ണാടകയില്‍ 20 ലക്ഷത്തോളം പേര്‍ ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുക്കുന്നതായാണ് അവര്‍തന്നെ അവകാശപ്പെടുന്നത്. മാത്രവുമല്ല, ഇത്രയും വലിയ ആള്‍ക്കൂട്ടം ഒത്തുചേരുമ്പോഴുണ്ടാകുന്നതും അതിന്റെ തുടര്‍ചലനങ്ങളില്‍ സംഭവിക്കുന്നതുമായ ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട ആര് സമാധാനം പറയുമെന്നാണ് പ്രിയങ്ക് ഖര്‍ഗെ ചോദിക്കുന്നത്.

പ്രിയങ്ക് ഖാര്‍ഗെയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആര്‍.എസ്.എസ് നേതൃത്വം മൗനം പാലിക്കുമ്പോള്‍, ബി.ജെ.പി നേതാക്കള്‍ അധിക്ഷേപങ്ങളുമായി രംഗത്തെത്തുകയായിരുന്നു... 'ആര്‍.എസ്.എസിനെക്കുറിച്ച് ചോദിക്കാന്‍ പ്രിയങ്ക് ഖാര്‍ഗെ ആരാണ്?' എന്ന രീതിയിലുള്ള ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണങ്ങളാണ് ഈ വിഷയത്തില്‍ ബി.ജെ.പി സ്വീകരിച്ചത്. പ്രിയങ്കിന്റെ ചോദ്യങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം, അദ്ദേഹത്തിന്റെ ദലിത് പശ്ചാത്തലത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ജാതീയമായ അധിക്ഷേപങ്ങളാണ് ചില നേതാക്കള്‍ നടത്തിയത്. മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ രമേശ് ജിഗജിനാഗി, 'ഒരു ദലിതന് ആര്‍.എസ്.എസില്‍ എന്ത് കാര്യം?' എന്ന് ചോദിച്ചുകൊണ്ട് ഈ വിഷയത്തെ വംശീയവും ജാതീയവുമായ തലത്തിലേക്ക് തരംതാഴ്ത്തി. ബി.ജെ.പി നേതാവ് സി.ടി. രവിയും സമാനമായ രീതിയില്‍ അധിക്ഷേപങ്ങളുമായി രംഗത്തെത്തി.

തന്റെ ദലിത് പശ്ചാത്തലം എടുത്തുപറഞ്ഞ് ആര്‍.എസ്.എസിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് തന്നെ തടയാന്‍ ശ്രമിക്കുന്ന എം.പിയോട് പ്രിയങ്ക് ഖാര്‍ഗെ തിരിച്ചുചോദിക്കുന്നത് ഇങ്ങ?െനെയാണ്: 'ഒരു ദലിതന് ആര്‍.എസ്.എസിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നാണോ നിങ്ങള്‍ പറയുന്നത്? അതോ,ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ശ്രേണീബദ്ധമായ സാമൂഹിക വ്യവസ്ഥയില്‍ ദലിതര്‍ക്ക് മാന്യമായ സ്ഥാനമില്ലെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുകയാണോ?' പ്രിയങ്ക് ഖാര്‍ഗെ നല്‍കിയ ഈ മറുപടി വലിയൊരു രാഷ്ട്രീയ സന്ദേശം കൂടിയായി മാറുകയാണ്.

പ്രിയങ്ക് ഖാര്‍ഗെ ഉയര്‍ത്തുന്ന ഈ ചോദ്യങ്ങള്‍ കേവലം ഒരു രാഷ്ട്രീയ വാഗ്വാദത്തിനപ്പുറം, ജനാധിപത്യത്തിലെ സുതാര്യതയെക്കുറിച്ചുള്ള സുപ്രധാനമായൊരു ഭരണഘടനാ ചര്‍ച്ചയാണ്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്ക് തങ്ങളുടെ അസ്തിത്വം രേഖകള്‍ സഹിതം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യം ജനാധിപത്യ ഇന്ത്യയില്‍ വലിയൊരു ചോദ്യചിഹ്നമാണ്. വര്‍ഗീയ-വിദ്വേഷ പ്രചാരണങ്ങളിലൂടെ താല്‍ക്കാലിക പ്രതിരോധം തീര്‍ക്കാന്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും സാധിച്ചേക്കാം; എന്നാല്‍, 'എന്തുകൊണ്ട് നിയമവിധേയമായ ഒരു സംഘടനാ ഘടന സ്വീകരിക്കുന്നില്ല' എന്ന അടിസ്ഥാന ചോദ്യത്തില്‍ നിന്ന് അവര്‍ക്ക് അധികകാലം ഒളിച്ചോടാനാവില്ല. കോടതി കയറുന്ന ഈ വിവാദം വരുംനാളുകളില്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായി തുടരും എന്നുറപ്പാണ്.

SCROLL FOR NEXT