

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ സിപിഐഎം നേതൃത്വത്തില്‍ ഭിന്നത മറനീക്കി പുറത്തുവരികയാണ്. വിമതരെ ക്ഷണിച്ചതില്‍ പാര്‍ട്ടിയിലെ വിരുദ്ധാഭിപ്രായങ്ങള്‍ വിവാദമായതിനു പിന്നാലെ, വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിലും ഭിന്നസ്വരം വെളിപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ഓഹരിക്കൈമാറ്റത്തില്‍ ദുരൂഹത ആരോപിക്കുമ്പോള്‍, 'വിവാദം അനാവശ്യമാണ്' എന്നാണു കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ വാദം. വിഴിഞ്ഞം തുറമുഖ എംഡിയെ നീക്കിയതില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് അദാനി -സര്‍ക്കാര്‍ ഡീല്‍ ആരോപിക്കുമ്പോള്‍, കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ അതിനെ തള്ളി. കണ്ണൂരില്‍ നിന്നുള്ള നേതാക്കളാണു പരസ്പരം തള്ളിപ്പറയുന്നതെന്നത് ശ്രദ്ധേയം. പിണറായിക്കും ഗോവിന്ദനുമെതിരെ ചേരി രൂപപ്പെടുന്നുവെന്ന സംശയവും ഉയരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഈ പശ്ചാത്തലത്തിന്റെ അനുരണനങ്ങള്‍ പ്രകടമായേക്കുമെന്ന വിലയിരുത്തലുമുണ്ട്.
സിപിഐഎമ്മില്‍ പുതുചേരിയോ?
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, സിപിഐഎം സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ ആഭ്യന്തര അസ്വസ്ഥതകള്‍ പുകയുകയാണ്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പ്രഖ്യാപിച്ച തെറ്റ് തിരുത്തല്‍ നടപടികള്‍ കടലാസിലൊതുങ്ങിയതോടെ, മുതിര്‍ന്ന നേതാക്കളായ പിണറായി വിജയന്‍, എം.വി. ഗോവിന്ദന്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ സജീവമായിട്ടുണ്ട്. പരമ്പരാഗത സംഘടനാ അച്ചടക്കത്തിന്റെ അതിര്‍വരമ്പുകള്‍ പോലും ലംഘിച്ചുകൊണ്ട്, പരോക്ഷമായ ചോദ്യം ചെയ്യലുകളായാണ് ഈ വിയോജിപ്പുകള്‍ പുറത്തുവരുന്നത്.
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചതിലുള്ള അതൃപ്തിയും വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളിലെ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളുമെല്ലാം വിരല്‍ ചൂണ്ടുന്നത് സംസ്ഥാന നേതൃത്വത്തിന് നേരെയാണ്.
തെരഞ്ഞെടുപ്പു തോല്‍വിയുടെ കാരണങ്ങളെ കുറിച്ചു താഴെത്തട്ടിലുയര്‍ന്ന വികാരം സംസ്ഥാന നേതൃത്വം വേണ്ടത്ര ഉള്‍ക്കൊണ്ടില്ലെന്നും തിരുത്തലുകളുണ്ടായില്ലെന്നുമുള്ള വിലയിരുത്തലുണ്ട്. പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റും അവലോകന റിപ്പോര്‍ട്ടും തുറന്നു സമ്മതിക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദികളെയോ കുറ്റക്കാരെയോ വ്യക്തമാക്കാത്ത തരത്തിലുള്ള പൊതുവിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അതിനാല്‍ തന്നെ ആരാണ് യഥാര്‍ത്ഥത്തില്‍ തിരുത്തേണ്ടത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം വ്യക്തികളില്‍ മാത്രം പരിമിതപ്പെടുത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ്, പിണറായി വിജയനും എം.വി. ഗോവിന്ദനും കവചമൊരുക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നേതൃത്വത്തെ സംരക്ഷിക്കുന്ന ഈ മൃദുസമീപനമാണ് താഴെത്തട്ടിലുള്ള ജില്ലാ കമ്മിറ്റികളിലടക്കം കടുത്ത അതൃപ്തിക്ക് കാരണമായത്.
പരസ്യ ചര്‍ച്ച വിലക്കി സിപിഐഎം
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അവലോകനം ചെയ്തുകൊണ്ടുള്ള സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ നിഗമനങ്ങളുടെ ചുവടുപിടിച്ച് പ്രധാനപ്പെട്ട നേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിവാദമായിരുന്നു. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ വിമര്‍ശനത്തെ പിണറായി വിജയനും എം.വി. ഗോവിന്ദനും ആദ്യം തള്ളിപ്പറഞ്ഞു. പാര്‍ട്ടി വിമതരായി മത്സരിച്ച് ജയിച്ച ടി.കെ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും തെറ്റു തിരുത്തിയാല്‍ തിരിച്ചുവരാമെന്ന് പറഞ്ഞ എം.വി ജയരാജന് ഒടുവില്‍ അത് പിന്‍വലിക്കേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്ക് പാര്‍ട്ടി കണ്ടെത്തിയ കാരണങ്ങളെക്കുറിച്ചുള്ള പരസ്യചര്‍ച്ച സിപിഐഎം വിലക്കിയിട്ടുമുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അങ്ങനെ തന്നെ തുടര്‍ന്നാല്‍ മതിയെന്നും അതിന്റെ പേരില്‍ വാദപ്രതിവാദങ്ങള്‍ വേണ്ടെന്നുമാണ് സെക്രട്ടേറിയറ്റ് തീരുമാനം.
ഒടുവില്‍ വിഴിഞ്ഞം വിവാദവും
സിപിഐഎമ്മില്‍ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ പുറത്തുവന്നത്. എംഎസ്‌സി അദാനി ഓഹരിക്കൈമാറ്റത്തിലൂടെ തുറമുഖത്ത് കുത്തകവല്‍ക്കരണമുണ്ടാകുമെന്നും സംസ്ഥാന താല്‍പര്യം ബലികഴിക്കപ്പെടുന്നുവെന്നുമുള്ള സംശയമാണ് പിണറായി ഉയര്‍ത്തിയത്. ഓഹരിക്കൈമാറ്റം മുന്‍സര്‍ക്കാരിന്റെ നേട്ടമാണെന്ന ദേശാഭിമാനി വാര്‍ത്തക്ക് എതിരായിരുന്നു നിലപാടെന്നത് വിവാദമാകുകയും വാര്‍ത്തയെ പിന്നീട് പാര്‍ട്ടി തള്ളിപ്പറയുകയും ചെയ്തു. എം.വി.ഗോവിന്ദനും തോമസ് ഐസക്കും കെ.എന്‍.ബാലഗോപാലുമെല്ലാം പിണറായി വിജയന്റെ ഓഹരിക്കൈമാറ്റ വിമര്‍ശനം ഏറ്റുപിടിച്ചു. ഇതിനിടയിലാണ് ദിവ്യ എസ്.അയ്യരെ നീക്കിയത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ആക്രമിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് രംഗത്തെത്തിയത്. രാഗേഷിനെ സംരക്ഷിച്ചാണു പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചതെങ്കിലും, സര്‍ക്കാരിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥയുടെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം പാര്‍ട്ടി പരസ്യമായി ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പല നേതാക്കള്‍ക്കുമുണ്ടായി. പിന്നാലെയാണ് വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തിന് ഗുണകരമല്ലെന്നും കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കാന്‍ സാധിക്കില്ലെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ പ്രസ്താവനയെത്തുന്നത്. വിഷയത്തില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് തുറമുഖ പദ്ധതിയുടെ പുരോഗതിയെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നാലെ ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമാണെന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജയും പി.കെ.ശ്രീമതിയും പ്രതികരിച്ചു. അതേസമയം, ഇ.പി.ജയരാജന്‍ നടത്തിയ പരസ്യപ്രതികരണത്തിലുള്ള അതൃപ്തിയും ചില നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. വിഴിഞ്ഞം ഓഹരി വില്‍പ്പന വലിയ കൊള്ളയാണെന്ന് ആരെയും പ്രത്യേകിച്ചു ബോധ്യപ്പെടുത്തേണ്ടതില്ലെന്ന സംസ്ഥാന സമിതിയംഗം കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം ഇ.പിയെ ലക്ഷ്യമിട്ടായിരുന്നു.
തൂത്തുക്കുടിയിലെ എംഎസ്‌സി ടെര്‍മിനലിനെതിരെ സിപിഐഎം
വിഴിഞ്ഞം വിവാദം മുറുകുന്നതിനിടെ തൂത്തുക്കുടി തുറമുഖത്തില്‍ എംഎസ്‌സിക്ക് ടെര്‍മിനലുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്ത് ഇന്‍വെസ്റ്റ് ചെയ്യുന്ന കമ്പനിക്ക് 250 കിലോമീറ്റര്‍ പരിധിയിലുള്ള മറ്റൊരു തുറമുഖത്തിലും നിക്ഷേപം നടത്താനാവില്ലെന്ന കരാറിലെ വ്യവസ്ഥ അട്ടിമറിക്കപ്പെട്ടുവെന്ന് അദ്ദേഹം ആരോപിക്കുന്നു. കരാറിലെ 5ാം വകുപ്പിലെ 9ാം ഉപ വകുപ്പിലാണ് 250 കിലോമീറ്റര്‍ ചുറ്റളവിലുള്ള തുറമുഖത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വിഴിഞ്ഞത്ത് പണം നിക്ഷേപിക്കാന്‍ കഴിയില്ലെന്ന് വ്യവസ്ഥയുള്ളത്. വിഴിഞ്ഞത്ത് നിന്ന് 190 കിലോമീറ്റര്‍ ദൂരത്താണ് തൂത്തുക്കുടി തുറമുഖം. ഇക്കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ തയ്യാറാവാതെ പ്രസ്താവനകള്‍ നടത്തി കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളായ ഇ.പി. ജയരാജന്റെ നിലപാടിനെ തള്ളുന്നതാണ് ഈ ലേഖനം എന്നതാണ് ഉയരുന്ന ആരോപണം.
ഉണ്ടാകുമോ അഴിച്ചുപണി
തോല്‍വി പഠിക്കാനും തിരുത്താനും സംസ്ഥാന നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് സിപിഐഎമ്മില്‍ മുഖംനോക്കാതെയുള്ള വിമര്‍ശനങ്ങള്‍ക്കു തുടക്കമായത്. അധികാരം നഷ്ടമായതോടെ ഇനി ആരെയും ഭയക്കേണ്ടെന്നും തുറന്നുപറച്ചിലിനു പറ്റിയ സമയമാണിതെന്നും നേതാക്കളും അണികളും ചിന്തിക്കുന്നതിന്റെ സൂചനയാണ് നിരന്തരം ഉയരുന്ന വിരുദ്ധസ്വരങ്ങള്‍. കാലങ്ങളായി കാത്തുസൂക്ഷിച്ച സംഘടനാ അച്ചടക്കത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്ന ഈ ഭിന്നസ്വരം, സിപിഐഎമ്മില്‍ ശുദ്ധീകരണത്തിനോ അല്ലെങ്കില്‍ നേതൃത്വപരമായ പൊളിച്ചെഴുത്തിനോ കാരണമാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.