സത്യം പറയട്ടെ News Malayalam 24X7
IN DEPTH

ചരിത്രം കുഴിച്ച് പിന്നോട്ടു പോകേണ്ടെന്ന് ആര്‍ക്കിയോളിജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; എന്താണ് ആര്യ - ദ്രാവിഡ ഖനനത്തിന്റെ വസ്തുത?

ആര്യരേക്കാള്‍ മുന്‍പോ ഒപ്പമോ ദ്രാവിഡരുടെ സംസ്‌കാരം രൂപപ്പെട്ടു എന്നു തെളിഞ്ഞാല്‍ നഷ്ടമാകുന്നത് ആരുടെ മേല്‍ക്കോയ്മയാണ്?

Author : ന്യൂസ് ഡെസ്ക്

കുഴിച്ചതു മതി, ചരിത്രത്തില്‍ ഇനി കൂടുതല്‍ പിന്നോട്ടു പോകരുത്. രാജ്യത്തെ ഒരു ഖനനം സമ്പൂര്‍ണമായി തടഞ്ഞിരിക്കുകയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഖനനം നടത്തുകയും പഴക്കം കണ്ടെത്തുകയും ചെയ്യുന്ന പ്രസ്ഥാനം തന്നെ ഇങ്ങനെ നിര്‍ദേശം നല്‍കിയത് തമിഴ്‌നാട് സര്‍ക്കാരിനും ഗവേഷകര്‍ക്കുമാണ്. തമിഴ്‌നാട്ടിലെ കീഴാടിയില്‍ നടന്ന ഖനനത്തില്‍ കണ്ടെത്തിയത് ക്രിസ്തുവിനും എഴുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ലിഖിതമാണെന്നാണ് കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ തെളിഞ്ഞത്. എന്നാല്‍ അതിന്റെ കാലം ക്രിസ്തുവിനും 300 വര്‍ഷം മുന്‍പു മാത്രമാണ് എന്നു രേഖപ്പെടുത്തണം എന്നാണ് കേന്ദ്രനിര്‍ദേശം. ആര്യരേക്കാള്‍ മുന്‍പോ ഒപ്പമോ ദ്രാവിഡരുടെ സംസ്‌കാരം രൂപപ്പെട്ടു എന്നു തെളിഞ്ഞാല്‍ നഷ്ടമാകുന്നത് ആരുടെ മേല്‍ക്കോയ്മയാണ്?

എന്താണ് ആര്യ-ദ്രാവിഡ ഖനനത്തിന്റെ വസ്തുത?

കെ.അമര്‍നാഥ രാമകൃഷ്ണയുടെ നേതൃത്വത്തിലാണ് കീഴാടിയില്‍ ഖനനം നടത്തിയത്. 2023 ജനുവരിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ടിലാണ് കീഴാടിയില്‍ നിന്നു കണ്ടെടുത്തത് ക്രിസ്തുവിനും അറുനൂറു മുതല്‍ എണ്ണൂറുവരെ വര്‍ഷം വരെ പഴക്കമുള്ള വസ്തുക്കളാണെന്നു പറയുന്നത്. ഇപ്പോഴത്തെ കണക്കു വച്ചു നോക്കിയാല്‍ 2800 വര്‍ഷം പിന്നിലുള്ള ചരിത്രമാണ് കുഴിച്ചെടുത്തത്. അതു പക്ഷേ 2300വര്‍ഷത്തെ പഴക്കം മാത്രമേയുള്ളുവെന്ന് തിരുത്തണമെന്നാണ് കേന്ദ്രആവശ്യം.

വേദങ്ങള്‍ കേന്ദ്രീകരിച്ചു പറഞ്ഞിരുന്ന പൗരാണികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വേദബന്ധിതമായ കഥകളാണ് അപ്രസക്തമാകുന്നത്

സ്ട്രാറ്റിഗ്രഫി, ആക്‌സിലറേറ്റര്‍ മാസ്സ് സ്‌പെക്ടോമെട്രി എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ചായിരുന്നു ഗവേഷണം. കാലപ്പഴക്കം കണ്ടെത്താനുള്ള റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്ങിലെ ലോകമെങ്ങും അംഗീകരിച്ച മാര്‍ഗമാണിത്. ഇതനുസരിച്ചാണ് 2600 മുതല്‍ 2800 വര്‍ഷം വരെ പഴക്കുള്ള സംസ്‌കാരമാണെന്ന് കണ്ടെത്തിയത്. കീഴാടിയില്‍ നിന്ന് ഖനനത്തിലൂടെ കണ്ടെത്തിയത് തമിഴ് നാഗരികതയുടെ തെളിവുകളാണ്. വൈഗൈ നദീതീരത്ത് പടര്‍ന്നു പന്തലിച്ച ഒരു സംസ്‌കാരമാണ് വെളിപ്പെട്ടു വന്നത്.

ഈ കണ്ടുപിടിത്തം പ്രശ്‌നമുണ്ടാക്കുന്നത് ഇതുവരെയുള്ള ധാരണകള്‍ക്കാണ്. വേദങ്ങള്‍ കേന്ദ്രീകരിച്ചു പറഞ്ഞിരുന്ന പൗരാണികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വേദബന്ധിതമായ കഥകളാണ് അപ്രസക്തമാകുന്നത്. ഇത്തരം ഗവേഷണങ്ങളെ എഎസ്‌ഐ തള്ളുന്നത് ആദ്യമല്ല. മുന്‍പും സമാനമായ കണ്ടുപിടിത്തങ്ങള്‍ ഉണ്ടായപ്പോള്‍ അതെല്ലാം തിരുത്താന്‍ നിര്‍ദേശിച്ച ചരിത്രമുണ്ട്.

ഈ ഖനനം വ്യക്തമാക്കുന്നത് വേദ കാലത്തിനൊപ്പമോ അതിലേറെയോ പഴക്കമുള്ള സംസ്‌കാരം തമിഴ്‌നാട്ടില്‍ രൂപപ്പെട്ടിരുന്നു എന്നാണ്. സ്വന്തമായ ഭാഷയും സ്വന്തമായ സംസ്‌കാരവും സ്വന്തമായ ജീവിത രീതികളും ഉണ്ടായിരുന്ന സംസ്‌കാരമായിരുന്നു അത്. കീഴാടിയിലെ ഖനനം ചരിത്രപരമായ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ തുടങ്ങിയതോടെ നേരത്തെ രാമകൃഷ്ണയെ സ്ഥലം മാറ്റിയിരുന്നു. അതോടെ ഗവേഷണവേഗം കുറഞ്ഞു.

കീഴാടിയിലെ ഖനനം ചരിത്രപരമായ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ തുടങ്ങിയതോടെ നേരത്തെ രാമകൃഷ്ണയെ സ്ഥലം മാറ്റിയിരുന്നു. അതോടെ ഗവേഷണവേഗം കുറഞ്ഞു

ഒരു കാലത്തും ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഖനനങ്ങളുടെ വസ്തുത ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നില്ല. അതിനു കാരണമുണ്ടായിരുന്നു. ഇപ്പോഴത്തെ കണ്ടുപിടിത്തങ്ങള്‍ അംഗീകരിച്ചാല്‍ രാജ്യത്തിന്റെ ചരിത്രം തന്നെ മാറിമറിയും. ആര്യമേല്‍ക്കോയ്മാ സിദ്ധാന്തം തന്നെ ഇല്ലാതാകും. ദ്രാവിഡരുടെ പാരമ്പര്യവും മഹത്വവും അംഗീകരിക്കേണ്ടിയും വരും.

മധുര, ശിവഗംഗ ജില്ലകളുടെ അതിര്‍ത്തിയിലാണ് കീഴാടി. തേനി മുതല്‍ രാമനാഥപുരം വരെ വൈഗ നദി ഒഴുകുന്ന വഴിയിലാണ് ഈ സംസ്‌കാരം കണ്ടെടുത്തത്. ഇവിടെ ഗവേഷണം ആരംഭിച്ച ശേഷം വളരെ ദുരൂഹമായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പിന്മാറിയത്. ഇതേ തുടര്‍ന്ന് നല്‍കിയ ഒരു പൊതുതാല്‍പര്യ ഹര്‍ജിയാണ് തമിഴ്‌നാട് ആര്‍ക്കിയോളജിക്കല്‍വകുപ്പിന് പഠനം നടത്താന്‍ അനുമതി നല്‍കിയത്. പുരാതനമായ ഭരണികളും പാത്രങ്ങളുമാണ് കീഴാടി ഖനനത്തില്‍ കണ്ടെടുത്തത്. ഇവ ക്രിസ്തുവിനും എട്ടു നൂറ്റാണ്ടുവരെ മുന്‍പുള്ളതാണെന്ന പ്രഖ്യാപനം വന്നപ്പോള്‍ തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു.

ഉപരിതലത്തില്‍ നിന്നും 353 സെന്റീമീറ്റര്‍ താഴെ നിന്നു ലഭിച്ച ആറ് വസ്തുക്കളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവയുടെ കാലനിര്‍ണയം നടത്തിയത് അമേരിക്കയിലാണ്. ആ ആറു വസ്തുക്കളും ബിസി 580ല്‍ നിന്നുള്ളതാണ് എന്നായിരുന്നു പരിശോധനാ ഫലം.

ഇവിടെ ഗവേഷണം ആരംഭിച്ച ശേഷം വളരെ ദുരൂഹമായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പിന്മാറിയത്

തമിഴ് ബ്രാഹ്‌മി എഴുത്തിന്റെ കാലഗണനയും ഇതോടെ തിരുത്തപ്പെട്ടു. ക്രിസ്തുവിനും 300 വര്‍ഷം മുന്‍പ് എന്നത് ഇതോടെ 600 വര്‍ഷം മുന്‍പ് എന്നായി. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളുടെ പിറവിയിലേക്കും വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തല്‍. കീഴടിയില്‍ നിന്ന് 2018 ല്‍ ശേഖരിച്ച സാമ്പിളുകള്‍ അമേരിക്കയിലെ മിയാമി ബീറ്റ അനലറ്റിക്കല്‍ ലാബിലാണ് പരിശോധിച്ചത്. ഇതുമാത്രമല്ല എല്ലുകളുടേയും മറ്റും ഭാഗങ്ങളും ഇതേ കാലഗണനയുള്ളവയാണെന്ന് കണ്ടെത്തിയിരുന്നു. കാള, എരുമ, ആട്, മയില്‍ തുടങ്ങിയവയുടെ എല്ലുകളാണെന്ന് പുനെയിലെ ഡെക്കാന്‍ കോളജ് പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിശോധനയിലും വ്യക്തമായി. അക്കാലത്തു തന്നെ മൃഗങ്ങളെ കാര്‍ഷികവൃത്തിക്ക് ഉപയോഗിച്ചിരുന്നുവെന്നായിരുന്നു ഇതിന്റെ അര്‍ത്ഥം.

ഇറ്റലിയിലെ പിസ സര്‍വകലാശാലയുടെ എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നടന്ന പരിശോധനയില്‍ മറ്റൊരു കാര്യം കൂടി വ്യക്തമായി. വെള്ളം സംഭരിക്കാനും പാചകം ചെയ്യാനുമൊക്കെ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍ അതതു പ്രദേശത്തെ മണ്ണും മറ്റും ഉപയോഗിച്ച് നിര്‍മിച്ചതാണ്. ഒന്നും പുറമെനിന്നു വന്നതല്ല എന്നു സാരം. ഒരു മഹത്തായ ദ്രാവിഡ സംസ്‌കാരം ഇവിടെ ഉണ്ടായിരുന്നുവെന്നതിന് ഇതിനപ്പുറം ഒരു തെളിവ് ആവശ്യമില്ല. വിദേശത്തെ നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ശരിവച്ച ചരിത്രം റദ്ദാക്കണമെന്നാണ് ഇപ്പോള്‍ എഎസ്‌ഐ ആവശ്യപ്പെടുന്നത്. ഈ ഗവേഷണം സ്ഥിരീകരിച്ചാല്‍ ഇന്ത്യയുടെ തനതായ മറ്റൊരു മഹാ സംസ്‌കാരം തന്നെയാണ് വെളിച്ചത്തുവരിക.

SCROLL FOR NEXT