IN DEPTH

വന്ദേമാതരം - ചരിത്രത്തെ തലതിരിച്ചിടുന്ന വ്യാഖ്യാനം

എന്താണ് വന്ദേമാതരം പാടുന്നതിലെ ശരിയില്ലായ്മ? എന്താണ് വന്ദേമാതരത്തിന്‍മേലുള്ള തര്‍ക്കം? ആ തര്‍ക്കത്തില്‍ ആര്‍ക്കെന്ത് ഗുണം?

Author : സുജിത് ചന്ദ്രൻ

'വന്ദേ മാതരം' ആലപിക്കുന്നതില്‍ എന്താണ് തെറ്റ്? അത് നമ്മുടെ രാജ്യത്തിന്റെ ദേശീയ ഗീതമല്ലേ? അത് ദേശാഭിമാന പ്രചോദിതമായി എഴുതപ്പെട്ടതല്ലേ? ഓരോ ഇന്ത്യാക്കാരനും ജനിച്ച കാലം മുതല്‍ കേട്ട് കാതില്‍ പതിഞ്ഞ ഈണവും വരികളുമല്ലേ? നമ്മുടെ ദേശരാഷ്ട്രത്തിന്റെ അഭിമാനമല്ലേ? ഈ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന ചോദ്യങ്ങളില്‍ ചിലതാണിത്.

തമിഴ്‌നാട്ടില്‍ ജോസഫ് വിജയ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങും കേരളത്തില്‍ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങും വന്ദേമാതരം ആലപിച്ചുകൊണ്ടാണ് തുടങ്ങിയത്. കേരളത്തില്‍ ദേശീയഗാനത്തിന് മുന്നേയും തമിഴ്‌നാട്ടില്‍ ദേശീയഗാനത്തിനും തമിഴ് തായ്വാഴ്ത്തിനും മുന്നേയും വന്ദേമാതരം പാടി. കഴിഞ്ഞ പത്താം തീയതി നടന്ന വിജയ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയായതിനൊപ്പം വിവാദവും പൊട്ടിപ്പുറപ്പെട്ടു. ചടങ്ങില്‍ വന്ദേമാതരം ആലപിച്ച രീതിക്കെതിരെ സിപിഐ, സിപിഐഎം, വിസികെ, ഡിഎംഡികെ അടക്കം കക്ഷികള്‍ വിമര്‍ശനവുമായി എത്തി. കോണ്‍ഗ്രസിനുള്ളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നു. തമിഴ്‌നാടിന്റെ സംസ്ഥാന ഗാനവും തമിഴ് സ്വാഭിമാനബോധത്തിന്റെ പ്രഖ്യാപനവമായ തമിഴ് തായ്വാഴ്ത്തിനും മുമ്പേ വന്ദേമാതരം പാടി എന്നായിരുന്നു ഒരു വിമര്‍ശനം. ഇതേവരെ രാജ്യത്ത് പിന്തുടര്‍ന്ന പതിവ് വിട്ട്, വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിച്ചതിലും എതിര്‍സ്വരം ഉയര്‍ന്നു.

വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ സമാന വിമര്‍ശനം കേരളത്തിലും ഉയര്‍ന്നിരിക്കുന്നു. കേരളത്തിന് ഒരു സംസ്ഥാന ഗാനം ഇല്ലാത്തതുകൊണ്ട് മുന്‍ഗണനാക്രമത്തെ ചൊല്ലിയല്ല മുഖ്യവിമര്‍ശനം. എന്നാല്‍ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിന് എതിരെ സിപിഐഎമ്മും സിപിഐയും പ്രതികരണങ്ങളുമായി എത്തി. സംസ്ഥാന സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പരിപാടിയും ക്രമവും തീരുമാനിക്കുന്നത് അതാതിടങ്ങളിലെ ലോക്ഭവനാണ്. കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് തന്നെയാണ് ഇപ്പോള്‍ തമിഴ്‌നാടിന്റേയും ചുമതല എന്നതുകൊണ്ട് വന്ദേമാതരം ഇരു ചടങ്ങിലും നിര്‍ബന്ധമാക്കിയത് അദ്ദേഹത്തിന്റെ കൂടി താത്പര്യപ്രകാരമാണ്. കേന്ദ്രം ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുന്ന സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത് കേന്ദ്രസര്‍ക്കാരിന്റേയും താത്പര്യമാണ്. എന്നാല്‍ എന്തിനാണ് ഒരു ദേശഭക്തിഗാനത്തെ തമിഴ്‌നാട്ടില്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഒരുമിച്ചും, കേരളത്തില്‍ ഇടത് പാര്‍ട്ടികള്‍ തനിച്ചും എതിര്‍ക്കുന്നത്? ശരിക്കും എന്താണ് വന്ദേമാതരം പാടുന്നതിലെ ശരിയില്ലായ്മ? എന്താണ് വന്ദേമാതരത്തിന്‍മേലുള്ള തര്‍ക്കം? ആ തര്‍ക്കത്തില്‍ ആര്‍ക്കെന്ത് ഗുണം?

ഒരു പ്രതിഷേധത്തിന്റെ കാവ്യാത്മക ഉപലബ്ധി

വൈദേശിക പരമാധികാരത്തിന് മുന്നില്‍ കീഴടങ്ങാത്ത ഇന്ത്യന്‍ സ്വാതന്ത്ര്യവാഞ്ഛയുടെ പ്രതീകമായി, ദേശാഭിമാനത്തിന്റെ രൂപകമായി മാറിയ ദേശീയ ഗീതമാണ് വന്ദേമാതരം. 'ത്യാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ട ഗാനം' എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച ഗാനം. 'ഭാരതത്തിന്റെ പുനര്‍ജന്മത്തിന്റെ മന്ത്രം' എന്ന് അരബിന്ദ ഘോഷ് വാഴ്ത്തിയ ഗീതകം. അത് ദേശീയ ഗീതമായതിന് സവിശേഷമായൊരു ചരിത്ര പശ്ചാത്തലമുണ്ട്. 1870കളോടെ, ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ രാജകീയ ഉപചാരങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. 'ബ്രിട്ടീഷ് മഹാറാണി നീണാള്‍ വാഴട്ടെ...', 'ദൈവത്തിന്റെ കൃപാ കടാക്ഷം ബ്രിട്ടീഷ് സിംഹാസനത്തിന്‍മേല്‍ ചൊരിയട്ടെ...' എന്നുതുടങ്ങിയ ഉപചാരവാക്യങ്ങള്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കണം എന്നവര്‍ നിര്‍ബന്ധമാക്കി. പൊതുയോഗങ്ങള്‍ തുടങ്ങും മുമ്പ്, വിദ്യാലയങ്ങളില്‍, ഔദ്യോഗിക ഒത്തുകൂടലുകളില്‍ - ഒക്കെ ബ്രിട്ടീഷ് രാജവാഴ്ചയെ സ്തുതിക്കണം എന്ന് നിര്‍ബന്ധമാക്കി. നിയമപരവുമായ ഒരു നിര്‍ബന്ധം എന്നതിനപ്പുറം ഇന്ത്യാക്കാരന്റെ ആത്മാഭിമാനം നശിപ്പിക്കാന്‍ വേണ്ടിയുള്ള ബ്രിട്ടീഷ് ഉപായമായാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി ഇതിനെ കണ്ടത്. ആ പ്രതിഷേധത്തിന്റെ ധ്യാനഗംഭീരമായ ഉപലബ്ധിയായിരുന്നു വന്ദേമാതരം. 150 കൊല്ലം മുമ്പ് കൊല്‍ക്കത്ത നഗരത്തിന് അടുത്തുള്ള സ്വന്തം വീട്ടില്‍ വച്ച്, ഒരു അക്ഷയ നവമി ദിനത്തിലാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി വന്ദേമാതരം രചിച്ചത്, 1875 നവംബര്‍ 7ന്.

ഇന്ത്യന്‍ ദേശീയതയുടെ ചാലകമായ ഗീതകം

രാജ്യത്തിന്റെ വയലേലകളെ, നദികളെ, സസ്യശബളിമയെ, ഇളം കാറ്റിനെ ഒക്കെ അഭിസംബോധന ചെയ്യുന്ന ഒരാത്മീയ ദേശീയ ഗീതകമാണ് വന്ദേമാതരം. ഏറെ താമസമില്ലാതെ വന്ദേമാതരം ഇന്ത്യന്‍ ദേശീയ വികാരത്തിന്റെ ഭാഗമായി. 1896ല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്ത ദേശീയ സമ്മേളനത്തില്‍ രവീന്ദ്രനാഥ് ടാഗോര്‍ ആദ്യമായി വന്ദേമാതരം ആലപിച്ചു. ബംഗാളിലെ തെരുവോരങ്ങളില്‍ നിന്ന് രാജ്യം മുഴുവന്‍ അത് പ്രതിധ്വനിച്ചു. വന്ദേമാതരം ദേശീയ പ്രസ്ഥാനത്തിന്റെ പടപ്പാട്ടായി. ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്‌ദേവും ജയിലറയ്ക്കുള്ളില്‍ ആ വരികള്‍ എഴുതിവച്ചു. 1905ല്‍ ബംഗാള്‍ വിഭജന നീക്കമുണ്ടായപ്പോള്‍ ടാഗോള്‍ വന്ദേമാതരം ചൊല്ലി തെരുവിലിറങ്ങി. നേതാജി ഐഎന്‍എയുടെ മാര്‍ച്ചിംഗ് സോംഗായി വന്ദേമാതരത്തെ തെരഞ്ഞെടുത്തു. 1937ലെ കോണ്‍ഗ്രസ് സമ്മേളനം വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ചു. ഒടുവില്‍ സ്വാതന്ത്ര്യശേഷം ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ജനഗണമനയെ ദേശീയ ഗാനമായും വന്ദേമാതരത്തെ ദേശീയ ഗീതമായും ഔദ്യോഗികമായി അംഗീകരിച്ചു.

വന്ദേമാതരത്തില്‍ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമെന്ത്?

1896ല്‍ കൊല്‍ക്കത്തയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ രവീന്ദ്രനാഥ് ടാഗോര്‍ വന്ദേമാതരം ആലപിക്കുമ്പോള്‍ അതിന്റെ ആദ്യ രണ്ട് ശ്ലോകങ്ങള്‍ മാത്രമായിരുന്നു രചിക്കപ്പെട്ടത്. ശേഷം ഭാഗങ്ങള്‍ 1882ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം നോവലിലൂടെയാണ് പുറത്തുവന്നത്. 1937ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, സര്‍ദാര്‍ പട്ടേല്‍, നേതാജി എന്നിവരെല്ലാം അടങ്ങിയ നേതൃത്വം വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങളെ മാത്രമാണ് ദേശീയഗീതമായി അംഗീകരിച്ചത്. അതിന് ഒരു കാരണമുണ്ട്. വന്ദേമാതരത്തിലെ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട വര്‍ണനയില്‍ ഇന്ത്യ ഭൂമിശാസ്ത്രപരമായ അസ്തിത്വം മാത്രമല്ല, അമ്മ ദൈവം എന്ന നിലയില്‍ കൂടിയാണ്. ആത്മീയവും ദൈവികവുമായ ഒരു മാതൃഭൂ സങ്കല്‍പം. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവി സങ്കല്‍പങ്ങളെ നാടിന്റെ കാവലാളുകളായി സങ്കല്‍പിച്ചുള്ള സ്തുതികള്‍ പുതിയതായി ചേര്‍ത്ത ഭാഗത്തില്‍ ഉണ്ട്.

ത്വം ഹി ദുര്‍ഗാ ദശപ്രഹരണധാരിണീ

കമലാ കമലദള വിഹാരിണീ

വാണീ വിദ്യാദായിനീ, നമാമി ത്വം

നമാമി കമലാം അമലാം അതുലാം

സുജലാം സുഫലാം മാതരം

(നീയാണ് ദശായുധങ്ങള്‍ ധരിച്ച ദുര്‍ഗ്ഗാദേവി,

താമരപ്പൂവില്‍ വാഴും കമലാദേവി,

വിദ്യ പകരുന്ന വാണീദേവി,

അമ്മേ, നിന്നെ ഞാന്‍ നമസ്‌കരിക്കുന്നു.)

ഹൈന്ദവേതര വിഭാഗങ്ങളുടെ ദൈവസങ്കല്‍പ്പത്തോടും വിശ്വാസത്തോടും വന്ദേമാതരത്തിലെ ആദ്യ രണ്ട് ചരണങ്ങള്‍ക്ക് ശേഷമുള്ള പദ്യങ്ങള്‍ പൊരുത്തപ്പെടുന്നില്ല എന്നൊരു ആശങ്ക ദേശീയപ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് സകല മതസ്ഥര്‍ക്കും മതേതരമായി യോജിക്കാവുന്ന ആദ്യ രണ്ട് പദ്യഭാഗങ്ങള്‍ ദേശീയ ഗീതമായി തെരഞ്ഞെടുക്കാം എന്ന് മഹാകവി രവീന്ദ്ര നാഥ് ടാഗോര്‍ നിര്‍ദേശിച്ചു. മഹാത്മജി, നേതാജി, പണ്ഡിറ്റ് നെഹ്‌റു, ആചാര്യ നരേന്ദ്ര ദേവ്, സര്‍ദാര്‍ പട്ടേല്‍ എന്നിവരെല്ലാം പൂര്‍ണ യോജിപ്പോടെ അത് അംഗീകരിച്ചു. ബി.ആര്‍. അംബേദ്കറും ശ്യാമ പ്രസാദ് മുഖര്‍ജിയും ആ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. ശേഷം, 1948ല്‍ ഇന്ത്യന്‍ ഭരണ ഘടനാ അസംബ്ലി ജനഗണമനയ്ക്ക് ഒപ്പം ബഹുമാനിതമായി കണ്ട് വന്ദേമാതരത്തെ അംഗീകരിച്ചു. ശ്രദ്ധിക്കണം, അന്നത്തെ അംഗീകാരം ആദ്യ രണ്ട് ചരണങ്ങള്‍ക്ക് മാത്രമായിരുന്നു.

ചരിത്രത്തെ തലതിരിച്ചിടുന്ന വ്യാഖ്യാനം

കോണ്‍ഗ്രസ് പാര്‍ട്ടി വന്ദേമാതരത്തിന്റെ പ്രാധാന്യം കുറച്ചുകളഞ്ഞു എന്ന് കേന്ദ്രസര്‍ക്കാരും ബിജെപിയും കുറ്റപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ആദ്യ രണ്ട് ശ്ലോകങ്ങള്‍ മാത്രം എല്ലാ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും പൊതുവായി ആലപിക്കാം എന്ന കോണ്‍ഗ്രസ് നിലപാടിനെയാണ് എട്ട് പതിറ്റാണ്ടിനിപ്പുറം ബിജെപി വിവാദമാക്കിയത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേമാതരത്തിന്റെ അവസാന ശ്ലോകങ്ങള്‍ മുസ്ലിം ലീഗിന്റെ സമ്മര്‍ദപ്രകാരം നെഹ്‌റു നീക്കം ചെയ്തു എന്ന് സ്ഥാപിച്ചെടുക്കാനാണ് ശ്രമിച്ചത്. 'മതവിശ്വാസ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഹമ്മദാലി ജിന്ന വന്ദേമാതരത്തെ എതിര്‍ത്തു, നെഹ്‌റുവും ഇതിനോട് യോജിച്ചു' - ഇതായിരുന്നു മോദിയുടെ വ്യാഖ്യാനം. ദേശീയ ഗീതത്തെ വെട്ടിമുറിച്ച പോലെ പിന്നീട് രാജ്യത്തെയും കോണ്‍ഗ്രസ് വെട്ടിമുറിച്ചെന്ന് നരേന്ദ്രമോദി ആരോപണം തുടര്‍ന്നു. എന്നാല്‍ ഗൗരവ് ഗൊഗോയ്, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര, സു വെങ്കിടേശന്‍, എ.രാജ എന്നിവര്‍ ചരിത്ര വസ്തുതകളും രേഖകളും ഉദ്ധരിച്ച് പ്രധാനമന്ത്രിയുടെ ഈ ആക്ഷേപത്തെ ഖണ്ഡിച്ചു. ചരിത്രവസ്തുതള്‍ നിരത്തി സര്‍ക്കാര്‍ വാദത്തെ പ്രതിപക്ഷം പാര്‍ലമെന്റില്‍ നിഷ്പ്രഭമാക്കി. പക്ഷേ, രണ്ട് മാസം മുമ്പ് ജനഗണമനയ്ക്ക് തത്തുല്യമായ പ്രോട്ടോക്കോള്‍ വന്ദേമാതരത്തിനും നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് സംബന്ധിച്ച ഒരു അഡൈ്വസറി സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും അതിന് മുന്‍പ് വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നാണ് മാര്‍ഗനിര്‍ദേശം. ഭരണഘടനാ അസംബ്ലി ചര്‍ച്ച ചെയ്ത് ഒഴിവാക്കിയ ഭാഗങ്ങളടക്കം ആലപിക്കണം. ഈ ആശയസംഘര്‍ഷത്തിന്റെ ശേഷപത്രമാണ് കേരളം, തമിഴ്‌നാട് സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷവും പുറത്തുവരുന്നത്.

വന്ദേമാതരം ജനഗണമനയ്ക്ക് തത്തുല്യമാണോ?

നമ്മുടെ ഭരണഘടനാ അസംബ്ലി വിഭാവനം ചെയ്തത് പ്രകാരം ജനഗണമന ദേശീയ ഗാനവും വന്ദേമാതരം ദേശീയ ഗീതവുമാണ്. എന്താണ് വ്യത്യാസം? വന്ദേമാതരം ഇന്ത്യയുടെ ദേശീയബോധത്തെയും സ്വാതന്ത്ര്യസമര ചൈതന്യത്തെയും പ്രതിനിധീകരിക്കുന്ന ഒരു ദേശഭക്തിഗാനമാണ്. എന്നാല്‍ അത് നിര്‍ബന്ധമായും ആലപിക്കണമെന്ന് നിയമപരമായി ആരെയും നിര്‍ബന്ധിക്കാനാകില്ല. വന്ദേമാതരം ആലപിക്കാതിരുന്നത് ദേശവിരുദ്ധതയായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വന്ദേമാതരം എല്ലാ മതവിഭാഗങ്ങള്‍ക്കും വിശ്വാസപരമായി ഒരുപോലെ സ്വീകരിക്കാനാകില്ല. കാരണം അത് ഹിന്ദുദൈവിക രൂപത്തിലാണ് ജന്മഭൂമിയെ ആരാധിക്കുന്നത് എന്നത് തന്നെ. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന, മതപരമായ പ്രത്യേക ചിഹ്നങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന ഗാനം എന്ന നിലയിലാണ് ജനഗണമനയെ നമ്മള്‍ ദേശീയ ഗാനമാക്കിയത്.

ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം നോവലിലാണ് വന്ദേമാതരം ആദ്യമായി അച്ചടിച്ച് വന്നത് എന്ന് പറഞ്ഞല്ലോ. ലിബറല്‍ ബംഗാളി പുരോഗമന നിലപാടില്‍ നിന്ന് യാഥാസ്ഥിതിക പക്ഷത്തേക്കുള്ള ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ പരിണാമ ഘടത്തിലെ സൃഷ്ടിയാണ് ആനന്ദമഠം നോവല്‍ എന്നും നിരീക്ഷണങ്ങളുണ്ട്. ഇതേ കൃതിയുടെ സ്വാധീനത്തിലാണ് അബനീന്ദ്രനാഥ ടാഗോര്‍ ഭാരതമാതാവിന്റെ ആദ്യ ദൃശ്യരൂപം വരച്ചത്. അബനീന്ദ്രനാഥ ടാഗോറിന്റെ ഈ ചിത്രത്തെ പലവട്ടം പരിഷ്‌കരിച്ച്, പൂര്‍ണമായും ഹിന്ദുദേവതാ സങ്കല്‍പ്പത്തിലേക്ക് മാറ്റിയ പതിപ്പാണ് സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ അവരുടെ കാഴ്ചപ്പാടിലെ ഭാരതമാതാ പ്രതിനിധാനമായി ഉപയോഗിക്കുന്നതെന്നും കൂട്ടത്തില്‍ ഓര്‍മിപ്പിക്കട്ടെ. എന്നാല്‍ സ്വാതന്ത്ര്യസമരകാലത്ത് വിപ്ലവാത്മക മുദ്രാവാക്യമായും ധ്യാനാത്മക ദേശീയ ഗീതകമായും ഒരേപോലെ മാറിയ വന്ദേമാതരത്തിന്റെ ചരിത്രദൌത്യം ആര്‍ക്കും നിഷേധിക്കാനാകില്ല. വന്ദേമാതരത്തിന്റെ കാവ്യഭംഗിയും സൗന്ദര്യവും കണ്ടില്ലെന്ന് വയ്ക്കാനുമാകില്ല. പക്ഷേ വന്ദേമാതരം അതിന്റെ പൂര്‍ണരൂപത്തില്‍ എല്ലാ മതവിഭാഗക്കാരും ആലപിക്കണം എന്ന നിര്‍ബന്ധം ഒരു ബഹുസ്വര സമൂഹം ചെയ്യേണ്ട പക്വത നിറഞ്ഞ തീരുമാനം അല്ല തന്നെ.

എന്തുകൊണ്ട് വന്ദേമാതരം വീണ്ടും വിവാദമാകുന്നു?

'ദേശാഭിമാനം' പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി വന്ദേമാതരം പാടുന്നത് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം, തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഇന്ധന വില വര്‍ദ്ധനവും അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കണ്ണില്‍ പൊടിയിടലാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ദേശീയത നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമെന്നാണ് പണ്ടുമുതലേ കോണ്‍ഗ്രസിന്റെ നിലപാട്. ജനഗണമന പാടുന്നത് തന്നെ നിര്‍ബന്ധമല്ലെന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധിച്ചിട്ടുള്ളതും ഓര്‍ക്കാം. ഇക്കാര്യത്തിലെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്ന് കേരളത്തില്‍ നിന്നായിരുന്നു. 1986ലെ ബിജോ ഇമ്മാനുവല്‍ വെഴ്‌സസസ് സ്റ്റേറ്റ് ഓഫ് കേരള. യഹോവ സാക്ഷി വിശ്വാസികളായ മൂന്ന് കുട്ടികള്‍ സ്‌കൂളില്‍ ദേശീയഗാനം പാടുമ്പോള്‍ കൂടെ പാടിയില്ല എന്നായിരുന്നു കേസ്. യഹോവയെ അല്ലാതെ മറ്റൊന്നിനേയും വാഴ്ത്താനാകില്ല എന്ന മതവിശ്വാസമായിരുന്നു പ്രശ്‌നം. അവരെ പുറത്താക്കിയ സ്‌കൂളിന്റെ നടപടി സുപ്രിം കോടതി വരെയെത്തി. സുപ്രീം കോടതി കുട്ടികളുടെ മതവിശ്വാസത്തെ അംഗീകരിച്ചു. ദേശീയഗാനം പാടുന്നത് നിര്‍ബന്ധമല്ലെന്നും എഴുന്നേറ്റ് നില്‍ക്കുകയും ബഹുമാനം കാണിക്കുകയും ചെയ്താല്‍ മതിയെന്നുമായിരുന്നു കോടതി വിധി. എന്നാല്‍ ദേശീയ ഗീതത്തിന്റെ കാര്യത്തില്‍ ഈ വ്യവസ്ഥകളൊന്നും തന്നെയില്ലെന്ന് കേന്ദ്രം 2022ല്‍ സുപ്രിം കോടതിയെ അറിയിച്ചതാണ്.

ചുരുക്കത്തില്‍, വന്ദേമാതരം ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം തന്നെയാണ്. എത്രയോ തലമുറകളിലൂടെ, ഏതെല്ലാം ജനപഥങ്ങളിലൂടെ, ഭാരതീയ രാഷ്ട്രീയ ജീവിതത്തിന്റെ സമസ്ത തലങ്ങളിലൂടെയും സഞ്ചരിച്ച്, ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഗീതകമാണത്. പക്ഷേ അതിന്റെ ആലാപനം നിര്‍ബന്ധമല്ല. അതാണ് ഇന്ത്യ എന്ന സങ്കല്‍പ്പത്തിന്റെ ഗരിമ. കാരണം, ആര്‍ട്ടിക്കിള്‍ 25 പ്രകാരം വിശ്വാസ സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടനയുടെ അതിന്റെ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്നുണ്ട്. നിലവിലെ വിവാദത്തില്‍ ഒളിച്ചുവയ്ക്കപ്പെട്ട വിഭജനത്തിന്റെ മുള്ളുകളുമുണ്ട്.

SCROLL FOR NEXT