ഒരു കിലോ അരിക്ക് എന്ത് വിലവരും? സാധാരണ ഗതിയിൽ 40- 50 രൂപ ഇനി വിലകൂടിയാൽ 100-150 വരെയൊക്കെ കാണുമായിരിക്കും. എന്നാ അത് മാത്രമല്ല അതിലും വില കൂടിയ അരിയൊക്കെ വിപണിയിലുണ്ട്. അതെ 15,000 രൂപ വിലവരുന്ന അരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ?
ലോകത്തിലെ ഏറ്റവും വിലകൂടിയ അരിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ വരെ ഇടംനേടിയ കിന്‍മെമൈ പ്രീമിയം അരി. കേരളത്തില്‍ കിന്‍മൈമ പ്രീമിയം അരി ഒരു കിലോയ്ക്ക് 15,000 രൂപയാണ് വില. പൊന്നും വിലയുള്ള ഈ അരി വികസിപ്പിച്ചെടുത്തത് ജപ്പാന്‍കാരാണ്. പേറ്റന്റ് നേടിയ ജാപ്പനീസ് മില്ലിംഗ് സാങ്കേതികവിദ്യയാണ് ഈ അരിയുടെ ഉത്പാദനത്തിന് ഉപയോഗിക്കുന്നത്.
ഉത്പാദനത്തിലെ വ്യത്യസ്തകൾ പോലെ തന്നെ പല സവിശേഷതകളും ഈ അരിക്ക് അവകാശപ്പെടാനുണ്ട്. ധാരാളം അന്നജം അടങ്ങിയ അരികൂടിയാണ് ഇത്. പിന്നെ പാചകം ചെയ്യുന്നതിന് മുന്‍പ് അരി കഴുകേണ്ട ആവശ്യമില്ല.വ്യത്യസ്തമായ ഉത്പാദന രീതിയാണ് രുചിയും ഗുണങ്ങളും വര്‍ധിപ്പിക്കുന്നതെന്ന് ഉൽപ്പാദകർ പറയുന്നു.
സാധാരണ അരിയെ അപേക്ഷിച്ച് ഇത് ഭാരം കുറഞ്ഞതും ദഹിക്കാന്‍ എളുപ്പമുള്ളതും എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതുമാണ്. മികച്ച രുചി, പോഷകമൂല്യം, ദഹനക്ഷമത എന്നവയെല്ലാം കിന്‍മൈമ അരിക്ക് അവകാശപ്പെടാൻ കഴിയും. കിന്‍മൈമ ബ്രൗണ്‍റൈസ് സ്റ്റാന്‍ഡേര്‍ഡ് ബ്രൗണ്‍ റൈസിന്റെ എല്ലാ ഗുണങ്ങളും നല്‍കുന്നതാണ്.