ഡാനിയൽ ജോ എൽദോ അധ്യാപകൻ ആർ.എൽ.വി. രാമകൃഷ്ണനൊപ്പം Source: News Malayalam 24x7
LIFE

കേരളകലാമണ്ഡലത്തിൽ ഭരതനാട്യം അഭ്യസിക്കാൻ ആദ്യമായി ആൺകുട്ടിയെത്തി; അങ്ങ് ഓസ്ട്രേലിയയിൽ നിന്നൊരു 11കാരൻ!

കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി നൃത്തം അഭ്യസിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നേട്ടത്തിനും ഡാനിയേൽ എൽദോ ജോ അർഹനായി

Author : ന്യൂസ് ഡെസ്ക്

കേരള കലാമണ്ഡലത്തിൽ നിന്നും ഭരതനാട്യം അഭ്യസിക്കുന്ന ആദ്യ ആൺകുട്ടിയെന്ന പദവി സ്വന്തമാക്കി 11 വയസുകാരൻ. ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളിയായ പിറവം സ്വദേശി ഡാനിയേൽ എൽദോ ജോയാണ് നേട്ടം സ്വന്തമാക്കാനൊരുങ്ങുന്നത്. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി നൃത്തം അഭ്യസിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നേട്ടത്തിനും ഇതോടെ ഡാനിയേൽ അർഹനായി.

സ്ഥാപന ചരിത്രത്തിലെ ആദ്യ നൃത്താധ്യാപകനായി നർത്തകൻ ഡോ.ആർ.എൽ. വി രാമകൃഷ്ണനെ നിയോഗിച്ചതോടെ പുരോഗമനപരമായ നിരവധി മാറ്റങ്ങൾക്കാണ് കേരള കലാമണ്ഡലം തുടക്കം കുറിച്ചത്. ഭരതനാട്യം കോഴ്സിൽ ഒരു ആൺകുട്ടിക്ക് പ്രവേശനം നൽകി അതിന്റെ തുടർച്ചയെന്നോണമാണ് കൽപ്പിത സർവ്വകലാശാല പുതിയ ചരിത്രവും രചിക്കുന്നത്. ഓസ്ട്രേലിയൻ പൗരത്വമുള്ള ആറാം ക്ലാസുകാരൻ ഡാനിയേൽ എൽദോ ജോയാണ് ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കലാമണ്ഡലത്തിൽ നൃത്ത പഠനത്തിന് തുടക്കം കുറിച്ചത്.

പിറവം മാമലശ്ശേരി വീട്ടിൽ എൽദോയുടെയും ഹണിയുടെയും മകനായ ഡാനിയേൽ ചെറുപ്രായം മുതൽ തന്നെ നൃത്താഭിരുചിയുണ്ട്. മകന്റെ താത്പര്യം തിരിച്ചറിഞ്ഞ മാതാപിതാക്കൾ ഓസ്ട്രേലിയയിൽ പരിപാടി അവതരിപ്പിക്കാനെത്തിയ ആർ.എൽ.വി രാമകൃഷ്ണനെ ഇക്കാര്യമറിയിച്ചതോടെയാണ് കലാമണ്ഡലത്തിൽ പ്രവേശനത്തിന് അവസരം ഒരുങ്ങിയത്.

ഇതോടെ നൃത്ത കോഴ്സിൽ ആദ്യമായി പ്രവേശനം നേടിയ കലാമണ്ഡലത്തിലെ ആദ്യ ആൺകുട്ടിയെന്ന നേട്ടത്തിനൊപ്പം , നൃത്താഭ്യാസത്തിനായി സ്ഥാപനത്തിലെത്തിയ ഏറ്റവും പ്രായംകുറഞ്ഞ ആളെന്ന നേട്ടവും ഡാനിയേലിന് സ്വന്തമായി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പിതാവിനൊപ്പം എത്തി ഡാനിയേൽ എൽദോ കലാമണ്ഡലത്തിൽ പ്രവേശനം നേടിയത്. കൂത്തമ്പലത്തിൽ നമസ്കരിച്ച ശേഷം ഗുരുവിനെ വന്ദിച്ച ശിഷ്യന് ആർ.എൽ.വി ആദ്യ ചുവടുകൾ പഠിപ്പിച്ച് നൽകി.

ആൺകുട്ടികൾക്ക് ഭരതനാട്യം പഠിക്കാൻ ഇതുവരെ അവസരം ഇല്ലാതിരുന്ന കലാമണ്ഡലത്തിൽ കഴിഞ്ഞവർഷം കോഴ്സിലേക്ക് വിദ്യാർഥികളെ ക്ഷണിച്ചിരുന്നു. എന്നാൽ പ്രവേശനത്തിനായി ആരും എത്തിയിരുന്നില്ല. ഡാനിയേലിന്റെ വരവോടെ കൽപ്പിത സർവ്വകലാശാലയിലെ പതിവ് രീതികൾക്കും ഇനിമുതൽ മാറ്റമുണ്ടാവുകയാണ്. മലയാളികളാണെങ്കിലും 16 വർഷമായി ഓസ്ട്രേലിയയിലെ പെർത്തിൽ സ്ഥിരതാമസമാണ് ഡാനിയേലും കുടുംബവും . നാടുമായി നിരന്തര ബന്ധം പുലർത്തുന്ന ഈ കൊച്ചു മിടുക്കൻ ഇതിനോടകം നിരവധി മലയാള സിനിമകളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

SCROLL FOR NEXT