പ്രിയപ്പെട്ടവരുടെ മരണം ആളുകളെ കാര്യമായി ബാധിക്കും. പലപ്പോഴും ദുഃഖം താങ്ങാനാകാതെ ഡിപ്രഷനിലേക്ക് വീണുപോകുന്നവരുമുണ്ട്. ആളുകളിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നതും പതിവാണ്. ഇത്തരം അവസ്ഥയുമായി ബന്ധപ്പെട്ട് അവിശ്വസനീയമായ വാർത്തയാണ് മുംബൈയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാതാപിതാക്കളുടെ മരണശേഷം 55കാരനായ വ്യക്തി മൂന്ന് വർഷക്കാലമാണ് ഫ്ലാറ്റിനുള്ളിൽ ഒറ്റയ്ക്ക് കഴിഞ്ഞത്. നവി മുംബൈയിലാണ് സംഭവം. 20 വർഷം മുൻപ് സഹോദരൻ ആത്മഹത്യ ചെയ്തു. പിന്നീട് മാതാപിതാക്കളും മരിച്ചു. ഇതോടെ ഇയാൾ പതിയെ വിഷാദരോഗത്തിന് അടിമപ്പെടുകയായിരുന്നു. ആരുമില്ല എന്ന തോന്നലിൽ പുറംലോകവുമായുള്ള ബന്ധം തന്നെ അവസാനിപ്പിച്ചു.
ആദ്യമൊക്കെ അയൽക്കാരിൽ ചിലർ ഇദ്ദേഹത്തെ സഹായിച്ചിരുന്നു. മാതാപിതാക്കളുടെ പണം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനും വീട് വൃത്തിയാക്കുന്നതിനുമൊക്കെ ചിലർ ഇടപെട്ടിരുന്നു. ക്രമേണ അവരിൽ നിന്നും അകന്നു. അടുത്ത സുഹത്തുക്കളേയോ, മറ്റ് പരിചക്കാരെയോ, ബന്ധുക്കളേയോ ബന്ധപ്പെടാതെയായി. ആരോടും സംസാരിക്കാനും തയ്യാറായില്ല. തനിച്ചായെന്നും മോശം ആരോഗ്യാവസ്ഥ മോശമായതിനാൽ ഒരു ജോലിപോലും കണ്ടെത്താനമാകില്ലെന്ന് നേരത്തെ ചിലരോട് പറഞ്ഞിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിശപ്പ് സഹിക്കാനാകാതെ വരുമ്പോൾ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുമായിരുന്നുവത്രേ. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ അദ്ദേഹം കണ്ട മനുഷ്യർ ഡെലിവറി ബോയ്സ് മാത്രമായിരിക്കും. എന്നാൽ വീട് വൃത്തിയാക്കാനോ, മാലിന്യങ്ങൾ കളയാനോ സാധിച്ചിരുന്നില്ല. ഒടുവിൽ ഒരു എൻജിഒയെ വിവരമറിയിച്ചു. തുടർന്ന് സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവിൽ (സീൽ) നിന്നുള്ള സാമൂഹിക പ്രവർത്തകർ സെക്ടർ 24 -ലെ ഘർകൂൾ സിഎച്ച്എസിലുള്ള വീട്ടിലെത്തി ഇദ്ദേഹത്തെ കണ്ടു.
സാമൂഹിക പ്രവർത്തകർ എത്തുമ്പോൾ വീട് ഒരു മാലിന്യകൂമ്പാരമായി മാറിയിരുന്നു. മാലിന്യങ്ങളും മനുഷ്യവിസർജ്ജ്യങ്ങളും ഉൾപ്പടെ ഉണ്ടായിരുന്നു.ലിവിംഗ് റൂമിലെ ഒരു സോഫയിലാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. കാലിന് മുറിവേറ്റ് ഇൻഫെക്ഷൻ ബാധിച്ച് അടിയന്തര ചികിത്സ ആവശ്യമുള്ള നിലയിലവായിരുന്നു അദ്ദേഹം. ആദ്യം വീട്ടിൽ നിന്നിറങ്ങാനും വിസമ്മതിച്ചിരുന്നതായി സീലിലെ പ്രവർത്തകർ പറഞ്ഞു.