സ്വന്തം വീടിനെ വിമാനത്താവളമാക്കി മലപ്പുറത്തെ എട്ടാം ക്ലാസ് വിദ്യാർഥി ഇഷാൻ ഷറഫ്. മൂന്ന് വിമാനത്താവളങ്ങളും 50 വിമാനങ്ങളുമാണ് ഇഷാൻ വീട്ടുമുറ്റത്ത് തയ്യാറാക്കിയത്. എആർ നഗർ പുകയൂരിലെ അഷ്റഫ്-സമീറ ദമ്പതികളുടെ മകൻ ഇഷാൻ ഷറഫ് ആണ് തൻ്റെ വീട് വിമാനത്താവളമാക്കി വിസ്മയ കാഴ്ച്ചയൊരുക്കിയിരിക്കുന്നത്.
യഥാർഥ വിമാനത്താവളത്തെ വെല്ലുന്നതാണ് 8 ആം ക്ലാസുകാരൻ ഇഷാൻ ഷറഫിൻ്റെ ഈ പുതിയ വിമാനത്താവളം. എ ഫോർ പേപ്പറിലാണ് എല്ലാം നിർമിച്ചത്. വിമാനത്താവളത്തിൽ എന്തെല്ലാം ഉണ്ടെന്ന് ഇഷാൻ ഷറഫ് അതിൻ്റെ സാങ്കേതിക നാമത്തിൽ തന്നെ വിശദമായി പറഞ്ഞു തരും. രാത്രിയിൽ ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്കുള്ള ലൈറ്റിംഗ് സംവിധാനം ഉൾപ്പെടെ ഇഷാൻ ഫറഫിൻ്റെ രണ്ടാമത്തെ വിമാനത്താവളത്തിലുണ്ട്.
പൈലറ്റ് ആകാൻ ആഗ്രഹമുള്ള ഇഷാൻ ഫറഫ് വളരെ സൂഷ്മതയോടെയാണ് വിമാനങ്ങളും വിമാനത്താവളവും എല്ലാം നിർമിച്ചെടുക്കുന്നത്. ഓരോ വിമാനത്താവളങ്ങളുടെയും റൺവെയിൽ ഇറക്കാൻ കഴിയുന്ന വലിപ്പമുള്ള വിമാനങ്ങൾ മാത്രമെ ഈ കുഞ്ഞ് എഞ്ചിനീയർ നിർമിക്കാറുള്ളൂ. ചെറുതും വലുതുമായ 50 ലധികം വിമാനങ്ങളുടെ നിർമാണം ഇതിനോടകം പൂർത്തിയാക്കിട്ടുണ്ട്. പൈലറ്റാകുക എന്ന ആഗ്രഹം, അതിനുള്ള തീവ്ര പരിശ്രമത്തിലാണ് ഇപ്പോൾ ഇഷാൻ ഷറഫ്.
മൊബൈൽ ഫോണിൽ കളിക്കുന്നത് ഒഴിവാക്കാനാണ് കരകൗശല ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് രക്ഷിതാക്കൾ പ്രോത്സാഹനം നൽകിയത്. ഇപ്പോഴത്തെ ഇഷാൻ്റെ എല്ലാ പ്രവർത്തികൾക്കും പൈലറ്റ് ആകാനുളള അഗ്രഹത്തിനും വലിയ പിന്തുണയാണ് പിതാവ് അഷ്റഫ് നൽകുന്നത്.
31K സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യുട്യൂബ് ചാനലുമുണ്ട് വലിയ പറമ്പ് സെൻട്രൽ സ്കൂളിലെ ഈ എട്ടാം ക്ലാസുകാരന്. വിമാനങ്ങളെ കുറിച്ചും വിമാനത്താവളത്തെ കുറിച്ചുമുള്ള വിവരണമാണ് ചാനലിൽ കൂടുതലും.