ആഡംബര സ്പോർട്സ് കാർ ലംബോർഗിനി സ്വന്തമാക്കുകയെന്നത് ഏതൊരു വാഹനപ്രേമിയുടെയും സ്വപ്നമായിരിക്കും. പണം കൂടുതലാണെന്ന കാരണത്താൽ തന്നെ പലർക്കും ഈ സ്വപ്നം സ്വന്തമാക്കാനും കഴിയാറില്ല. എന്നാൽ ബിബിൻ എന്ന 26കാരൻ തൻ്റെ സ്വപ്നവാഹനത്തിനായി പണം ചിലവാക്കിയില്ല. ആക്രി സാധനങ്ങൾ ഉപയോഗിച്ച് ലംബോർഗിനി നിർമിച്ചിരിക്കുകയാണ് കോലഞ്ചേരി സ്വദേശി ബിബിൻ.
23ാം വയസിലാണ് ബിബിൻ കാറിൻ്റെ നിർമാണം ആരംഭിച്ചത്. മൂന്ന് വർഷത്തിനിപ്പുറം വർക്കിങ് കണ്ടീഷനിലുള്ള ലംബോർഗിനി കാർ തന്നെ ബിബിൻ്റെ വീട്ടുമുറ്റത്ത് കാണാം. ഇൻ്റീരിയർ വർക്കുകൾക്കായി കൂടുതൽ പണം ആവശ്യമുള്ളതിനാൽ തന്നെ കാറിൻ്റെ പണി പൂർണമായിട്ടില്ല. സീറ്റ് വെയ്ക്കുന്നതുൾപ്പെടെ പണി ഇനിയും ബാക്കിയുണ്ടെങ്കിലും ബിബിൻ്റെ ലംബോർഗിനിക്ക് സ്റ്റൈൽ ഒട്ടും കുറവല്ല.
യൂട്യൂബർ അരുൺ സ്മോക്കിയുടെ ചാനലിലൂടെയാണ് ബിബിൻ്റെ അസാധ്യകഴിവ് ലോകം കണ്ടത്. 'കാർ ടൂർ വീഡിയോ' കണ്ട് ഞെട്ടിയിരിക്കുകയാണ് ഇൻ്റർനെറ്റ് ലോകം. ഉപേക്ഷിക്കപ്പെട്ട ലോഹം, ഫൈബർഗ്ലാസ് ഷീറ്റുകൾ, പഴയ കാറിൻ്റെ ഭാഗങ്ങൾ എന്നിവ ഉപയോഗിച്ചാണ് കാർ നിർമിച്ചിരിക്കുന്നതെന്ന് ബിബിൻ പറയുന്നു.
സുസുക്കി ആൾട്ടോയുടെ വീലുകളാണ് ബിബിൻ്റെ ലംബോർഗിനിയിലുള്ളത്. മറ്റൊരു കാറിൽ നിന്നുമെടുത്ത ലംബോർഗിനി-സ്റ്റൈൽ സ്റ്റിയറിംഗ് വീലും ഇതിലുണ്ട്.ബട്ടർഫ്ലൈ ഡോറുകൾ, നോസ്-ലിഫ്റ്റ് ഫീച്ചർ, വൈപ്പർ മോട്ടോർ എന്നിവയും ബിബിൻ്റെ ലംബോർഗിനിയിൽ ഉണ്ട്. ലംബോർഗിനിക്ക് സമാനമായ മോട്ടോർ തന്നെയാണ് ബിബിൻ നിർമിച്ചിരിക്കുന്നത്.
ആക്രിസാധനങ്ങളെ ഒരു ആഡംബര സ്പോർട്സ് കാറാക്കി മാറ്റിയ ബിബിന് യൂട്യൂബിൽ ആശംസാപ്രവാഹമാണ്. ഈ വീഡിയോ കണ്ട് ലംബോർഗിനി കമ്പനി ബിബിന് ഒരു കാർ സമ്മാനിക്കണമെന്നാണ് ആഗ്രഹമെന്ന് ഒരാൾ കമൻ്റ് ബോക്സിൽ കുറിച്ചു. "ശരിക്കും അസാധ്യ കഴിവ് പുറം രാജ്യങ്ങളിലെ യൂട്യൂബ് ചാനലുകളിൽ കണ്ടിട്ടുണ്ട് ഇതുപോലെ കാർ ഉണ്ടാകുന്നത് നമ്മുടെ നാട്ടിലും അടിപൊളി എന്തായാലും കാറിൻറെ ഫൈനൽ ലുക്ക് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ആഗ്രഹം വളരെ പെട്ടെന്ന് സഫലമാകട്ടെ ആശംസകൾ," മറ്റൊരാൾ അഭിനന്ദിച്ചു.
ഓട്ടോമൊബൈൽ രംഗത്ത് ഒരു മലയാളി തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത് ഇതാദ്യമായല്ല. നേരത്തെ 67 വയസുകാരൻ ഫുൾ ചാർജ്ജ് ചെയ്തുകഴിഞ്ഞാൽ 60 കിലോമീറ്റർ ഓടാൻ കഴിയുന്ന ഒരു ഇലക്ട്രിക് വാഹനം നിർമ്മിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.