ഒരു ഇടവേളയ്ക്കുശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ജൂണ്‍ മൂന്ന് വരെ 4026 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഈ വര്‍ഷം ഇതുവരെ 2700 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
അതേസമയം, ഈ വര്‍ഷം ഇതുവരെ 32 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും പുതിയ രോഗബാധയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദേശീയ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.
ജൂണ്‍ മൂന്ന് വരെ 1435 സജീവ രോഗികളാണ് കേരളത്തിലുള്ളത്. ഈ വര്‍ഷം ഇതുവരെ എട്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും വാക്സിനും, ബൂസ്റ്റര്‍ ഡോസുമൊക്കെ എടുത്തിട്ടും വീണ്ടും കോവിഡ് പിടിപെടുന്നത് ചെറിയതോതിലെങ്കിലും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
സമീപകാല സാമ്പിളുകളുടെ ജീനോ സ്വീക്വന്‍സിങ് പരിശോധിക്കുമ്പോള്‍, പുതിയ കോവിഡ് വകഭേദങ്ങള്‍ ദൃശ്യമാകുന്നതായാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചൂണ്ടിക്കാണിക്കുന്നത്. 2022ല്‍ രാജ്യമെങ്ങും കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
LF.7, XFG, JN.1, NB.1.8.1 എന്നിങ്ങനെ ഉപ വകഭേദങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ LF.7, NB.1.8.1 എന്നിവ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിലുള്ള വകഭേദങ്ങളാണ്. ഇവ ഇന്ത്യയില്‍ മാത്രമല്ല, ചൈന ഉള്‍പ്പെടെ ഏഷ്യയുടെ പല ഭാഗങ്ങളിലും രോഗബാധ ഉയരാന്‍ കാരണമാകുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ക്ക് കാരണം JN.1 വകഭേദമാണ്.
ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം 2025 ഫെബ്രുവരി മുതൽ ആഗോള തലത്തിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 മെയ് മാസം വരെയുള്ള കണക്കനുസരിച്ച്, കോവിഡ് റിപ്പോർട്ട് ചെയ്ത 73ഓളം രാജ്യങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനമാണ്. ആഗോളതലത്തിൽ പകർച്ചവ്യാധി മൂലമുണ്ടായ ആരോഗ്യ നഷ്ടത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ,സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതിയുടെ തുടർച്ചയായ ഇടിവിന് കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020-2021 കാലയളവിൽ, കോവിഡ് 33.68 കോടി ജീവിതവര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാത്രമല്ല, 2019നും 2021 നും ഇടയിൽ, ആഗോളതലത്തില്‍ മനുഷ്യരുടെ ആയുർദൈർഘ്യം 1.8 വർഷം കുറഞ്ഞുവെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ പുറത്തുവന്ന കണക്കനുസരിച്ച്, ആയുർദൈർഘ്യത്തില്‍ സമീപകാലത്തുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പുതിയ ഉപ വകഭേദങ്ങള്‍ കണ്ടെത്തുകയും, കോവിഡ് കേസുകള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചിരിക്കുന്നത്.
വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഐസിഎംആര്‍ നിരന്തരം സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും, ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നുമുണ്ട്. ഏതൊരു സാഹചര്യവും നേരിടാന്‍ പാകത്തിന് ആരോഗ്യമേഖല സജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
സംശയം തോന്നിയാല്‍, ആവശ്യമായ പരിശോധന നടത്തി ചികിത്സ തേടണം. ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. സ്വയം ചികിത്സ അരുതെന്നും സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നിര്‍ദേശിക്കുന്നു.
കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍, പഴയ ലോക് ഡൗണ്‍ സ്ഥിതി ഉണ്ടാകുമോയെന്ന ആശങ്കയാണ് പലർക്കും ഉള്ളത്. സുഹൃത്തുക്കളെയോ, ബന്ധുക്കളെയോ കാണാനാകാതെ, പൊതുപരിപാടികളിൽ പങ്കെടുക്കാനാകാതെ, വീട്ടില്‍ തന്നെ കഴിഞ്ഞുകൂടേണ്ടിവന്ന സാഹചര്യമാണ് കോവിഡനെക്കുറിച്ചുള്ള നമ്മുടെ ഓര്‍മകള്‍. അന്നനുഭവിച്ച രോഗാവസ്ഥയുടെ ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ ഇപ്പോഴും പലരെയും വിട്ടൊഴിഞ്ഞിട്ടില്ല.
ഭയം അല്ല ജാഗ്രതയാണ് പ്രധാനം. കോവിഡ് എന്നല്ല, ചെറിയ പനി പോലും പകരപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അനാവശ്യ ഭീതിയും, രോഗചിന്തയും മാനസികാരോഗ്യത്തെ കൂടി ബാധിക്കുമെന്നതിനാല്‍, നല്ല ആരോഗ്യ ശീലങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
കോവിഡ് കാലത്ത് നാം ശീലിച്ച മാസ്കും, സാമുഹ്യ അകലവും ഉള്‍പ്പെടെ ജാഗ്രത ഇക്കാലത്തും തുടരണം. ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന നിർദേശങ്ങൾ യാതൊരു വിട്ടുവീഴ്ചയും കൂടാതെ പാലിക്കാൻ തയ്യാറാകണം. നമ്മുടെ ആരോഗ്യമല്ലേ നമുക്ക് വലുത്.