ബെംഗളൂരു നഗരം 
LIFE

നമ്മ ബെംഗളൂരു പൊളിയല്ലേ? ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി നഗരം

ലോകത്തിലെ ഏറ്റവും മികച്ച 100 നഗര ശക്തികേന്ദ്രങ്ങളെ തിരിച്ചറിയുന്നതിനായി 270-ലധികം നഗരങ്ങളെ വിലയിരുത്തികൊണ്ടാണ് പട്ടിക തയ്യാറാക്കുന്നത്

Author : ന്യൂസ് ഡെസ്ക്

യാത്രക്കാരും നിക്ഷേപകരുമെല്ലാം കാത്തിരിക്കുന്ന ഒന്നാണ് ഗ്ലോബൽ സിറ്റി റാങ്കിങ്ങുകൾ. ഇത്തവണ ഈ ആഗോള പട്ടികയിൽ നാല് ഇന്ത്യൻ നഗരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. ബെംഗളൂരു മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നീ നഗരങ്ങളാണ് ഗ്ലോബൽ സിറ്റി റാങ്കിങ്ങിൽ ഇടം നേടിയത്. ഇതിൽ 29ാമതായാണ് ബെംഗളൂരുവിൻ്റെ സ്ഥാനം.

ലോകത്തിലെ ഏറ്റവും മികച്ച 100 നഗര ശക്തികേന്ദ്രങ്ങളെ തിരിച്ചറിയുന്നതിനായി 270-ലധികം നഗരങ്ങളെ വിലയിരുത്തികൊണ്ടാണ് പട്ടിക തയ്യാറാക്കുന്നത്. റെസൊണൻസ് കൺസൾട്ടൻസി എന്ന സ്ഥാപനമാണ് ഗ്ലോബൽ സിറ്റി റാങ്കിങ് നടത്തുന്നത്. സാമ്പത്തിക ശക്തി, സാംസ്കാരിക ഊർജസ്വലത തുടങ്ങി ജീവിതക്ഷമത വരെ മുക്കിലും മൂലയിലും ഇവർ പരിശോധന നടത്തും.

തുടർച്ചയായി 11-ാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന കിരീടം ലണ്ടൻ നിലനിർത്തി. എന്നാൽ ഇന്ത്യക്കും ഇത് അഭിമാന നിമിഷമാണ്. 29-ാം സ്ഥാനം നേടിയ ബെംഗളൂരു, ഇന്ത്യയിലെ മികച്ച നഗരമെന്ന ടൈറ്റിൽ സ്വന്തമാക്കി. ഇന്ത്യൻ നഗരങ്ങളായ മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

എന്തായിരിക്കും ബെംഗളൂരുവിനെ ഇന്ത്യയിലെ മികച്ച കാരണമായി തെരഞ്ഞെടുക്കാൻ കാരണം? ഒന്നല്ല, കാരണങ്ങൾ അനവധിയാണ്.

ഫാമിലി ഫ്രണ്ട്‌ലി, പ്രകൃതി സമ്പന്നം

ബന്നാർഘട്ടയിലെ വന്യജീവി മേഖലയും വണ്ടർലയിലെ ആവേശകരമായ റൈഡുകളും കാരണം, ആഗോളതലത്തിൽ ഏറ്റവും ഫാമിലി-ഫ്രണ്ട്‌ലിയായ നഗരമെന്ന പേര് ബെംഗളൂരുവിന് ലഭിച്ചിട്ടുണ്ട്. പ്രകൃതി സമ്പത്തിൻ്റെ കാര്യമെടുത്താൽ, നാലാം സ്ഥാനത്താണ് നഗരം. ഇത്രയും വേഗത്തിൽ വളരുന്ന ഒരു നഗരമെന്ന നിലയ്ക്ക് ഇത് ഒരു അത്ഭുതകരമായ നേട്ടമാണെന്ന് പറയാതെ വയ്യ.

ബെംഗളൂരുവിൻ്റെ ഭക്ഷണമേഖല

ഭക്ഷണമാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ച മറ്റൊരു മേഖല. മികച്ച റസ്റ്റോറൻ്റുകളുടെ കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനമാണ് നഗരത്തിന്. കാരവള്ളിയിലെ സീ ഫുഡ് മുതൽ ഇന്ദിരാനഗറിലുടനീളമുള്ള ആധുനിക അടുക്കളകൾ വരെ, തദ്ദേശീയരെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു ഭക്ഷണ മെനു നഗരം പ്രദാനം ചെയ്യുന്നുണ്ട്.

ബെംഗളൂരുവിലെ ഷോപ്പിങും വൈവിധ്യപൂർണ്ണമാണ്. ഈ വിഭാഗത്തിൽ ആറാം സ്ഥാനത്തുള്ള ബെംഗളൂരു, യുബി സിറ്റിയിലെ ആഡംബര ലേബലുകൾ മുതൽ വിശാലമായ ഫീനിക്സ് മാൾ ഓഫ് ഏഷ്യ വരെ എല്ലാം വാഗ്ദാനം ചെയ്യുന്നു.

മികച്ച കണക്റ്റിവിറ്റി

പുതുതായി ആരംഭിച്ച ഒരു യെല്ലോ ലൈനാണ് റിപ്പോർട്ടിലെ ഒരു പ്രധാന അപ്‌ഡേറ്റ്. ഇത് നഗരങ്ങളുടെ കണക്റ്റിവിറ്റിയെയാണ് സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ഈ വിഭാഗത്തിൽ 19ാം റാങ്കാണ് ബെംഗളൂരുവിന്.

SCROLL FOR NEXT